ഡിജിറ്റൽ ലോകത്തെ ഏറ്റവുംവലിയ ചർച്ചാ വിഷയങ്ങളിലൊന്നാണ് മെറ്റാവേഴ്സ്. മെറ്റാവേഴ്സ് എന്ന വെർച്ച്വൽ ലോകം എന്താണെന്നും എങ്ങനെയായിരിക്കുമെന്നും ഇപ്പോൾ പലർക്കും പരിചമായിഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് കല്യാണത്തിനും നമ്മൾ സാക്ഷികളായി. വിദ്യാഭ്യാസ, വിനോദ , വാണിജ്യ മേഖലകളിൽ വമ്പൻ മുതൽക്കൂട്ടാകുമെന്ന് കണക്കാക്കുന്ന ഇന്റർനെറ്റ് 3.0 അഥവാ മെറ്റാ സാങ്കേതികവിദ്യ നല്ലതുമാത്രമാണോ പ്രദാനം ചെയ്‌യുക? പരിശോധിക്കാം.
പുത്തൻ സങ്കേതത്തിലെ സുരക്ഷാ ഭീഷണികൾ
അശ്വതി അച്ചുവിനെ അറിയാത്ത ആൾക്കാർ നമ്മുടെ നാട്ടിൽ കുറവായിരിക്കും. ഫേസ്ബുക്കിലെ വ്യാജന്മാർ പലപ്പോഴും അറിയപ്പെടുന്നത് തന്നെ ഈ പേരിലാണ്. ഭൂമിയിലിലാത്ത അശ്വതിയുമായി കല്യാണ കല്യാണം ഉറപ്പിച്ച് കബളിപ്പിക്കപ്പെട്ടവരുടെയും കാശ് നഷ്ട്ടപ്പെടുത്തിയവരുടെയും വാർത്തകൾ നമ്മൾ വായിച്ചതാണ്. സുഹൃത്തുക്കൾ ഫേസ്ബുക്കിൽ ഉണ്ടാക്കിയ ഒരു വ്യാജ അക്കൗണ്ടുമായി ചാറ്റിങ്ങിലൂടെ പ്രണയത്തിലായ യുവതി സ്വന്തം കുഞ്ഞിനെ കൊന്നതും കേരളത്തെ നടുക്കിയ വാർത്തയായിരുന്നു.
അങ്ങനെ നിരവധിയാണ് കഥകൾ. നമ്മുടെ കൂട്ടുകാരിൽ ഒരാളെങ്കിലും ഇത്തരം ചതിക്കുഴികളിൽപ്പെട്ടിട്ടുണ്ടാവും. എന്തിനേറെ നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ തന്നെ എത്ര വ്യാജന്മാരുണ്ടെന്ന് ആര് കണ്ടു. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ലോകത്താകമാനം ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. ചിലത് മരണങ്ങൾക്കുമിടയായിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്കാണ് മെറ്റാവേഴ്സ് അവതരിക്കുന്നത്.
ഇന്ന്, സമൂഹമാധ്യമങ്ങളിൽ വീഡിയോ കോൾ വഴി അല്ലാതെ ആൾക്കാരെ പരസ്പരം കാണാൻ സാധിക്കില്ല. പക്ഷെ സ്റ്റാറ്റസിലൂടെയും, ചിത്രങ്ങളിലൂടെയും, മസ്സേജുകളിലൂടെയും നാം പലരുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നു. നേരിട്ട് കണ്ടിട്ട് പോലുമില്ലാത്തവർ പറയുന്നതും ഷെയർ ചെയ്‌യുന്നതും നമ്മൾ അതുപോലെ വിശ്വസിക്കുകയും ചെയ്‌യുന്നു. എന്നാൽ മെറ്റാവേഴ്സിൽ, വി ആർ ഡിവൈസിലൂടെ നമുക്ക് സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളെ അവരുടെ അവതാറുകളുടെ രൂപത്തിൽ നേരിൽ കാണാൻ സാധിക്കും. അവരോടൊപ്പം ഒരുമിച്ചിരുന്ന് സംസാരിക്കാൻ കഴിയും. ഈ അവതാറാണ് വെർച്ച്വൽ ലോകത്തെ നമ്മൾ. യഥാർത്ഥ വ്യക്തി അയാളുടെ സ്വകാര്യ ഇടത്ത് ഇരുന്നുകൊണ്ട് പറയുന്നതും പ്രവർത്തിക്കുന്നതും നമുക്ക് ഈ വെർച്ച്വൽ ലോകത്ത് തത്സമയം വീക്ഷിക്കാനാകും.
സുക്കർബർഗിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റനുസരിച്ച് നമുക്ക് നമ്മുടെ അവതാറിന്റെ വസ്ത്രം മാത്രമല്ല നിറം തന്നെ മാറ്റാം. ചുരുക്കിപ്പറഞ്ഞാൽ നമുക്ക് ഇഷ്ടമുള്ള രൂപത്തിലേക്ക് നമ്മുടെ അവതാറുകളായി മാറാൻ സാധിക്കും. അങ്ങെനെയുള്ള അവസരത്തിൽ നമ്മൾ വെർച്ച്വൽ ലോകത്ത് കാണുന്നതുപോലെ ആയിരിക്കുകയേയില്ല അതിന് പിന്നിലെ യഥാർത്ഥ മനുഷ്യർ. കൂടുതൽ സുരക്ഷ ഒരുക്കിയില്ലെങ്കിൽ സൈബർ ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മെറ്റാവേഴ്സ് പ്ലാറ്റ്ഫോമുകൾ മാറും. സമൂഹമാധ്യമങ്ങളിൽ ഏറ്റവും പുതിയ അവതാരമായ ക്ലബ്ബ്ഹൗസ് മതവിദ്വേഷം വളർത്താനും മറ്റും ദുരുപയോഗം ചെയ്‌യുന്നത് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. കൂടാതെ, മെറ്റാവേഴ്സ് പ്ലാറ്റഫോമിൽ ഒരു സ്ത്രീയുടെ അവതാറിനെ മറ്റ് അവതാറുകൾ കൂട്ടബലാത്സംഗം ചെയ്തതായി ഒരു പരാതി അടുത്തിടെ ഉയർന്നു വന്നിട്ടുമുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഇന്നുള്ള പ്രശ്നങ്ങളെല്ലാം മെറ്റാവേഴ്സ് വരുന്നതോടെ മറ്റൊരു തലത്തിലേക്ക് വളരും. ഇത്തരം സുരക്ഷാ പ്രശ്നങ്ങളെ നിയമപരമായി എങ്ങനെ നേരിടുമെന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇന്നത്തെ സാഹചര്യത്തിൽ മെറ്റാവേഴ്സിൽ ബലാത്സംഗം നടന്നതിന് എങ്ങനെ തെളിവുകൾ കോടതിക്ക് സമർപ്പിക്കും. ആരെ അറസ്റ്റു ചെയ്‌യും ? വ്യാജ അവതാറുകളുടെ രൂപത്തിൽ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയാൽ എങ്ങനെ അന്വേഷണം നടത്തും? അങ്ങനെ നിരവധി ചോദ്യങ്ങളാണ് മുന്നിലുള്ളത്. അതിനാൽ തന്നെ സാങ്കേതികവിദ്യ വളരുന്നതിനോടൊപ്പം നമ്മുടെ സുരക്ഷാ സംവിധാനങ്ങളും വളരേണ്ടത് അനിവാര്യമാണ്.
മെറ്റാവേഴ്സിനെക്കുറിച്ച് വിശദീകരണം നൽകുന്ന മെറ്റാ യുടെ യൂട്യൂബ് വീഡിയോ.
സ്വകാര്യമല്ലാതാകുന്ന സ്വകാര്യത
മെറ്റാവേഴ്സും വെർച്ച്വൽ റിയാലിറ്റിയും പുതിയവയല്ല, അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നിരവധി വർഷങ്ങളായി നടന്നുകൊണ്ടേയിരിക്കുകയാണ്. കൂടാതെ അതിനുതകുന്ന തരത്തിലുള്ള നിരവധി ഉപകരണങ്ങളും വിപണിയിൽ ലഭ്യമാണ്. പക്ഷെ ഈ മേഖലയിലേക്കുള്ള ഫേസ്ബുക്കിന്റെ കടന്നുവരവാണ് ഇന്ന് മെറ്റാവേഴ്സ് ഒരു വലിയ ചർച്ചാ വിഷയമാകാൻ കാരണമായത്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനത്തിന്റെ പേര് തന്നെ മെറ്റാ എന്ന് അവർ മാറ്റി.
ഈ രംഗത്തേയ്‍ക്കുള്ള ഫേസ്ബുക്കിന്റെ കടന്നുവരവ് തെല്ലൊരു ആശങ്കയോടുകൂടിയാണ് സൈബർ ലോകം വീക്ഷിക്കുന്നത്. അതിനുകാരണം അവരുടെ കുത്തക സ്വഭാവവും, വ്യക്തി വിവരങ്ങളുടെ ദുരുപയോഗവുമാണ്.
സമൂഹമാധ്യമ മേഖല അടക്കിവാഴുന്നവരാണ് ഫേസ്ബുക്ക്. തങ്ങൾക്ക് കടുത്ത മത്സരം കാഴ്ച്ച വെക്കുന്നവരെ ഓരോന്നായി വിലയ്‍ക്കെടുത്തതാണ് ഈ മേഖലയിൽ അവരുടെ കുത്തക സ്ഥാപിച്ചത്. അങ്ങനെ പുത്തൻകാലത്തെ ഒരു സാമ്രാജ്യ ശക്തിയായി മാറിയിരിക്കുകയാണ് സുക്കർബർഗിന്റെ ഫേസ്ബുക്ക് ( ഇപ്പോഴത്തെ മെറ്റാ). അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളായി അവതരിപ്പിക്കുമ്പോഴും വ്യക്തിവിവരങ്ങൾക്കുമേലുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരാണ് മെറ്റ എന്നത് മറ്റൊരു വസ്തുതയാണ് .
പ്രശസ്ത അമേരിക്കൻ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിലെ ഒരു ലേഖനത്തിൽ ജെഫ്രി ഫൗലെർ, മേഗൻ ബോറോവിക്ക എന്ന ഒരാളുടെ കഥ പറയുന്നുണ്ട്. ഫേസ്ബുക്കിൽ ഒട്ടും ആക്റ്റീവ് അല്ലാതിരുന്ന , ഒരു വർഷത്തോളം ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുക പോലും ചെയ്‌യാതിരുന്ന മേഗനെ ഫേസ്ബുക്ക് എങ്ങനെയൊക്കെ നിരീക്ഷിച്ചുവെന്ന് വളരെ കൃത്യമായി അതിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മൾ നടത്തുന്ന പേയ്മെന്റുകളും സന്ദർശിക്കുന്ന സൈറ്റുകളും അങ്ങനെ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് ചോർത്തുന്നതായി ജെഫ്രി ലേഖനത്തിൽ പറയുന്നു. ഇക്കാര്യത്തിന് ഫേസ്ബുക്ക് അക്കൗണ്ട് തന്നെ വേണമെന്ന് നിർബന്ധമില്ല. പല വെബ്സൈറ്റുകളിലും ബിസിനസ് അപ്പുകളിലും ഫേസ്ബുക്കിന്റെ ട്രാക്കിംഗ് സോഫ്റ്റ് വെയറുകളുണ്ടെന്നും അതിലൂടെ നമ്മുടെ ഓൺലൈൻ പ്രവർത്തനങ്ങളുടെ വിവരങ്ങൾ അവർ ശേഖരിക്കുന്നുണ്ടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. സത്യത്തിൽ നമ്മളാണ് ഫേസ്ബുക്കിന്റെ വിൽപ്പനവസ്തുക്കൾ. നമ്മുടെ വിവരങ്ങൾ നമ്മൾ പോലും അറിയാതെ അവർ വിറ്റ് ലാഭം കൊയ്‌യുകയാണ്.
ഈ കൊള്ളയിലൂടെ മറ്റൊരു ഈസ്റ്റിൻഡ്യാ കമ്പനിയായി അത് മാറില്ല എന്ന കാര്യവും നമുക്ക് തള്ളിക്കളയാനാവില്ല.
ഈ കൊള്ളയിലൂടെ മറ്റൊരു ഈസ്റ്റിൻഡ്യാ കമ്പനിയായി അത് മാറില്ല എന്ന കാര്യവും നമുക്ക് തള്ളിക്കളയാനാവില്ല. സൗജന്യ ഇന്റർനെറ്റ് സേവങ്ങൾ മൂന്നാം ലോകരാജ്യങ്ങളിലെ ഗ്രാമങ്ങളിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് ഫ്രീ ബേസിക്സ് എന്ന ഒരു പദ്ധതി ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനോടകം നടപ്പിലാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ എണ്ണം കൂട്ടുക എന്നത് മാത്രമാണ്. ഇന്ത്യയിൽ ഈ പദ്ധതിക്ക് അനുവാദം നൽകാതിരുന്നതിനോട് ഫേസ്ബുക്കിന്റെ ബോർഡ് മെമ്പർ മാർക്ക് ആൻഡ്രെസ്സെൻ അമർഷം കാട്ടിയത് ഒരു ട്വീറ്റിലൂടെയായിരുന്നു. ആ ട്വീറ്റ് തന്നെ ഈ സ്ഥാപനത്തിന്റെ സാമ്രാജ്യത്വ സ്വഭാവത്തെ തുറന്ന് കാണിക്കുന്നതായിരുന്നു.
കൊളോണിയൽ വിരുദ്ധ ചിന്താഗതി ഇന്ത്യൻ ജനതയ്‍ക്ക് സാമ്പത്തികപരമായി വിനാശകരമായിരുന്നു. ഇപ്പോൾ എന്തിന് അത് തടയുന്നു എന്നതായിരുന്നു ട്വീറ്റ്. ഫേസ്ബുക്ക്, ഗൂഗിൾ , മൈക്രോസോഫ്റ്റ് പോലുള്ള പാശ്ചാത്യ ടെക്ക് ഭീമന്മാർ ഇപ്പോൾ ഡിജിറ്റൽ കോളനിവത്‌ക്കരണം നടത്തുകയാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ മെറ്റാവേഴ്സ് രംഗത്തും പാശ്ചാത്യ ഭീമന്മാർ തന്നെയാണ് പ്രധാനമായും ചുവടുറപ്പിച്ചിരിക്കുന്നത്. മറ്റേതെങ്കിലും കമ്പനികൾ ഇവരെ മറികടക്കുമെന്ന് കരുതാനാകില്ല. അതിനുള്ള സാധ്യതകളെ അവർ തന്നെ മുളയിലേ നുള്ളിക്കളയുമെന്നുള്ളതുമുറപ്പാണ്. വാട്സ്ആപ്പിനെയും ഇൻസ്റാഗ്രാമിനെയും സ്വതന്ത്രമായി വളരാൻ അനുവദിക്കാതെ ഫേസ്ബുക്ക് വിലയ്‍ക്കെടുത്ത നടപടിയാണ് അതിനേറ്റവും നല്ല ഉദാഹരണം.
മെറ്റാവേഴ്സിലേക്ക് കടക്കുന്നതോടെ നമ്മളെ പൂർണ്ണമായും നിരീക്ഷിക്കാനും നമ്മുടെ താൽപ്പര്യങ്ങൾ കണ്ടറിഞ്ഞ് പരസ്യം നൽകാനും കൂടുതൽ എളുപ്പമാകും. ഒരു പക്ഷെ നമ്മുടെ താൽപ്പര്യങ്ങൾ വരെ അവർ നിശ്ചയിക്കുന്ന അവസ്ഥയിലേയ്‍ക്ക് എത്തും.
മെറ്റാവേഴ്സിൽ നമ്മുടെ എല്ലാ ശാരീരികമായ സാമ്യതയുമുള്ള അവതാറുകളെ സൃഷ്ടിക്കാനായി എല്ലാത്തരത്തിലുമുള്ള ബയോ മെട്രിക് രേഖകളുടെയും ആവശ്യം വരും. നമ്മൾ തത്സമയം കാണിക്കുന്ന ഓരോ ചേഷ്ടയും നോട്ടവും അതുപോലെ ട്രാക്ക് ചെയ്‌യേണ്ടതുണ്ട്. അങ്ങനെ സ്വകാര്യത എന്ന ഒരു കാര്യം തന്നെ മനുഷ്യനില്ലാതാകാം. നമ്മൾ പൂർണ്ണമായും നിരീക്ഷണത്തിലാകും. കൂടാതെ ഈ വിവരങ്ങളെല്ലാം ടെക് ഭീമന്മാരുടെ കൈകളിലാവുകയും ചെയ്‌യും.. ഭാവിയിൽ അവതാറിന്റെ സഹായമില്ലാതെ മനുഷ്യന് അതുപോലെ തന്നെ മെറ്റാവേഴ്സിൽ പ്രത്യക്ഷപ്പെടാൻ സാധിച്ചേക്കാം.അതോടെ സ്വകാര്യത എന്നത് ചരിത്രമായി മാറാം.
ഇത് കൂടാതെ പരസ്യ കച്ചവടത്തിന് പുതിയ സാധ്യതകളാണ് മെറ്റാവേഴ്സിലൂടെ തുറന്നു കിട്ടുന്നത്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ മുൻകൂട്ടി മനസ്സിലാക്കി പരസ്യങ്ങൾ നൽകുന്നതിൽ കുപ്രസിദ്ധി ആർജ്ജിച്ചവരാണ് ഫേസ്ബുക്ക് പോലുള്ള പരസ്യകമ്പനികൾ. മെറ്റാവേഴ്സിലേക്ക് കടക്കുന്നതോടെ നമ്മളെ പൂർണ്ണമായും നിരീക്ഷിക്കാനും നമ്മുടെ താൽപ്പര്യങ്ങൾ കണ്ടറിഞ്ഞ് പരസ്യം നൽകാനും കൂടുതൽ എളുപ്പമാകും. ഒരു പക്ഷെ നമ്മുടെ താൽപ്പര്യങ്ങൾ വരെ അവർ നിശ്ചയിക്കുന്ന അവസ്ഥയിലേയ്‍ക്ക് എത്തും. ഇന്നും ഇതൊക്കെ സംഭവിക്കുന്നുണ്ട്, എന്നാൽ ഇതിന്റെ പതിന്മടങ്ങാകും മെറ്റാവേഴ്സിൽ സംഭവിക്കുക.
മെറ്റാവേർസിൽ നമ്മളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനികൾ കൈവശം വെയ്‍ക്കും. ഇപ്പോൾ നമ്മുടെ എൺപത് ശതമാനം വിവരങ്ങളാണ് ടെക് കമ്പനികളുടെ കൈവശമുള്ളതെങ്കിൽ അത് നൂറു ശതമാനം ആയി മാറും. ഏതൊരു സ്ഥാപനവും സൗജന്യമായി ഒരു സേവനം നല്കുന്നുണ്ടെങ്കിൽ, അവരുടെ ഉൽപ്പന്നം എന്നത് നമ്മുടെ വ്യക്തി വിവരങ്ങളാണ്. അതിനാൽ എല്ലാത്തരത്തിലുമുള്ള സ്വകാര്യതയുടെ പ്രശ്നങ്ങളും നമ്മൾ മുൻകൂട്ടി കണ്ടു തന്നെ ഈ സാങ്കേതിക വിദ്യയെ സ്വീകരിക്കണം.
പൂർണമായും നമ്മുടെ വിവരങ്ങൾ കൈവശം ഇല്ലാതെ തന്നെ നമ്മളെ ഇപ്പോൾ ചൂഷണം ചെയ്‌യുന്നുണ്ടെങ്കിൽ, നമ്മുടെ മുഴുവൻ വ്യക്തി വിവരങ്ങളും കൈക്കലാക്കിയാൽ ആ ചൂഷണത്തിന്റെ തോത് പല മടങ്ങായി വർധിക്കും. നമ്മൾ ഏത് നേരവും നിരീക്ഷണത്തിലാവും. ഇതിനു ഒരു പോംവഴി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഭാവിയിൽ മെറ്റാവേഴ്സ് ഉപയോഗിക്കാതിരിക്കുന്നതിൽ നിന്ന് ജനങ്ങളെ തടഞ്ഞു നിർത്താനും സാധിക്കില്ല . പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക എന്നത് മാത്രമേ ചെയ്‌യാനുള്ളൂ. സൈബർ ക്രൈം വിദഗ്ധ ധന്യ മേനോൻ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിന്റെ മെറ്റാവേഴ്സിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെയ്‍ക്കുന്ന വൈസ് ന്യൂസ് എന്ന അന്താരാഷ്ട്രമാധ്യമത്തിന്റെ റിപ്പോർട്ട്.
മായാലോകത്തെ കച്ചവടസാധ്യതകൾ
പരസ്യക്കച്ചവടത്തിനും അപ്പുറത്തേയ്‍ക്ക് ഈ പുതിയ സങ്കേതത്തിലെ കച്ചവടം ഉയരും. നമ്മുടെ അവതാറുകളുടെ ആകെ രൂപം തന്നെ മാറ്റുന്നതിന് വേണ്ടിയുള്ള ഓൺലൈൻ കച്ചവടം രൂപപ്പെടും. അവതാറിന് വേണ്ടിയുള്ള വസ്ത്രങ്ങളുടെയും, ചെരുപ്പിന്റെയും, ഹെയർ സ്റ്റൈലിന്റെയും കച്ചവടം മുതൽ അതിന്റെ തൊലി പോലും വിൽപ്പനയ്‍ക്ക് ഉണ്ടാകും. അങ്ങനെ ഒരു പുതിയ വെർച്ച്വൽ വിപണി രൂപപ്പെടാം. ഇപ്പോൾ തന്നെ ചില ഗെയിമുകളിൽ ഇത്തരം സൗകര്യങ്ങൾ ലഭ്യവുമാണ്. ഇത്തരം സാഹചര്യങ്ങളിൽ വിനിമയങ്ങൾക്കായി ആശ്രയിക്കേണ്ടി വരുന്നത് ഡിജിറ്റൽ നാണയങ്ങളെയായിരിക്കും. അങ്ങനെ പുതിയ ഒരു വെർച്ച്വൽ സാമ്പത്തിക വ്യവസ്ഥിതി തന്നെ രൂപപ്പെടും.
ഫേസ്ബുക്ക് അവരുടെ സ്വന്തം ഡിജിറ്റൽ നാണയവും പേയ്മെന്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. കൈകാര്യം ചെയ്‌യാൻ സാധിക്കാത്ത വിധത്തിലുള്ള കുത്തകയായി കമ്പനി മാറുമെന്ന ഭയത്തിൽ യു എസ് ശക്തമായി എതിർത്തതിനെ തുടർന്ന് തൽക്കാലം അതിന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.
മെറ്റാവേഴ്സും മാനസികാരോഗ്യവും
മെറ്റാവേഴ്സ് പോലുള്ള സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗത്തിലാവുന്നതോടു കൂടി ആളുകൾ യഥാർത്ഥ ലോകത്തുനിന്നും കൂടുതൽ ഉൾവലിഞ്ഞു വെർച്ച്വൽ ലോകത്തേയ്‍ക്ക് ഒതുങ്ങാൻ സാധ്യതയുണ്ട് . അത് മാനസികമായ പല പ്രശ്നങ്ങളും മനുഷ്യരിൽ സൃഷ്ടിക്കും. സമൂഹ മാധ്യമങ്ങളുടെയും ഗെയിമുകളുടെയും അമിത ഉപയോഗം ഉണ്ടാക്കുന്ന ദോഷങ്ങൾ നാം ഇപ്പോൾ കാണുന്നുണ്ട്. അവ ഇല്ലാത്ത ഒരു ജീവിതം തന്നെ ദുസ്സഹമാക്കുന്ന തരത്തിലാണ് പലരും സമൂഹമാധ്യമങ്ങളുടെ അടിമകളായിരിക്കുന്നത്. വേണ്ടെന്നു വെച്ചാൽ പോലും മാറ്റി നിർത്താനാകാത്ത വിധം അവ നമ്മുടെ ജീവിതത്തിൽ ഇഴുകിച്ചേർന്നിരിക്കുകയാണ്.
നേരിട്ടുള്ള ആശയവിനിമയത്തിൽ മാത്രമേ പൂർണ്ണതയുണ്ടാവുകയുള്ളുവെന്നും അതല്ലാത്ത അവസ്ഥ പല മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുമെന്നും മാനസികരോഗ വിദഗ്ധൻ സി ജെ ജോൺ അഭിപ്രായപ്പെട്ടു.
ഇപ്പോൾ മാസ്ക്ക് വെച്ച് സംസാരിക്കുമ്പോൾ പോലും പലരും സംതൃപ്തരല്ല. അടുപ്പം എന്നത് മാനുഷിക സമ്പർക്കത്തിൽ അനിവാര്യമായ ഘടകമാണ്. അതിന്റേതായ ബുദ്ധിമുട്ടുകൾ മെറ്റാവേഴ്സ് പോലുള്ളവയിലും വന്നേക്കാം. അദ്ദേഹം പറഞ്ഞു.
സാമൂഹിക സമ്പർക്കം കുറയുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും കോഗ്നിറ്റീവ് – സാമൂഹിക പ്രാപ്തികളെ മോശമായി ബാധിക്കും. മൊബൈലിലൂടെ സന്ദേശം അയയ്‍ക്കുമെങ്കിലും നേരിൽ കണ്ട് സംസാരിക്കാൻ ഭയമുള്ള ആളുകൾ ഇപ്പോൾ തന്നെ നമുക്കിടയിലുണ്ട്.
വെർച്ച്വൽ പ്ലാറ്റ്ഫോമുകളുടെ അമിതോപയോഗം കുട്ടികളുടെ മാനസിക നിലയെയും സാരമായി ബാധിക്കും. യഥാർത്ഥ ലോകവും വെർച്ച്വൽ ലോകവും തമ്മിലുള്ള അന്തരം അവർക്കിടയിൽ വളരെ ചെറുതായിരിക്കും. ഒരു പക്ഷെ വെർച്ച്വൽ ലോകത്തെ അവർ പൂർണ്ണമായും വിശ്വസിച്ചേക്കാം. പല സൂപ്പർ ഹീറോ സിനിമകളും കണ്ട് അതിലെ കഥാപാത്രങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്ന കുട്ടികളെ നമുക്ക് ചുറ്റും കാണാൻ സാധിക്കും.
ചിലർ ഗെയിമുകളുടെ ലോകത്താണ്. ഗെയിമുകൾ കാരണം നിരവധി കൗമാരപ്രായക്കാർ വിഷാദത്തിലകപ്പെടുകയും ആത്മഹത്യയിൽ രക്ഷകണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സമൂഹമാധ്യമങ്ങൾ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ എത്രത്തോളം മോശമായി സ്വാധീനിക്കുന്നുണ്ടെന്നറിയാൻ ഇ ബുൾ ജെറ്റ് വിഷയം പരിശോധിച്ചാൽ മാത്രം മതിയാകും. മുതിർന്നവർക്ക് തന്നെ അബദ്ധങ്ങൾ സംഭിക്കുന്ന ഈ വെർച്ച്വൽ ലോകത്ത് കുട്ടികൾക്ക് തെറ്റ് പറ്റുന്നതിൽ അവിശ്വസിനീയത തീരെ ഇല്ല എന്നതാണ് വസ്തുത.
ഏതൊരു സാങ്കേതിക വിദ്യയേയും ദുരുപയോഗം ചെയ്‌യാൻ സാധിക്കും. സാമൂഹിക സമ്പർക്കം കുറയുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും കോഗ്നിറ്റീവ് – സാമൂഹിക പ്രാപ്തികളെ മോശമായി ബാധിക്കും. മൊബൈലിലൂടെ സന്ദേശം അയയ്‍ക്കുമെങ്കിലും നേരിൽ കണ്ട് സംസാരിക്കാൻ ഭയമുള്ള ആളുകൾ ഇപ്പോൾ തന്നെ നമുക്കിടയിലുണ്ട്. മനഃശാസ്ത്രജ്ഞ വാണീ ദേവി പറഞ്ഞു.
വി ആർ ഡിവൈസുകളുടെയും മറ്റും അമിതോപയോഗം ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, അമിതവണ്ണം എന്നിവയ്‍ക്ക് കാരണമായി മാറുമെന്ന് നിംഹാൻസിലെ പ്രൊഫെസ്സറും സൈക്കോളജിസ്റ്റുമായ മനോജ് കുമാർ ശർമ്മ പറഞ്ഞു. കൂടാതെ, വെർച്ച്വൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അക്രമോത്സുകമായ ഗെയിമുകളും മറ്റും ഇപ്പോൾ തന്നെ കുട്ടികളുടെ മനസ്സിനെ മോശമായി ബാധിക്കുന്നുണ്ട്. കുട്ടികളുടെ മനസ്സിന് വിവിധ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ പെരുമാറണമെന്നുള്ളത് തിരിച്ചറിയാനുള്ള ശേഷി കുറവാണ്. അതിനാൽ തന്നെ ഇത്തരം ഗെയിമുകളും മറ്റും അവരുടെ മനസ്സിനെ സ്വാധീനിക്കാനും അക്രമങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറാനുമുള്ള സാധ്യതകൾ കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മെറ്റാവേഴ്സിനെക്കുറിച്ചുള്ള ആശങ്കകൾ അതിന്റെ സാധ്യതകൾ പോലെ തന്നെ അനന്തമാണ്. വെർച്ച്വൽ ലോകത്തെ പ്രശ്നങ്ങൾ പുതിയതായി ഉണ്ടായി വരുന്നവയായി കണക്കാക്കേണ്ട. ഇന്ന് നമ്മുടെ സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും നിലനിൽക്കുന്ന ദുഷ്പ്രവണതകൾക്ക് പുതിയൊരിടം ലഭിക്കുമെന്ന് മാത്രം. പക്ഷെ അതിന്റെ ആഘാതം ചിലപ്പോൾ നമുക്ക് കൈകാര്യം ചെയാനാകുന്നതിലും പതിന്മടങ്ങായിരിക്കും. പുതിയ സാങ്കേതിക വിദ്യകൾ ഉടലെടുക്കുമ്പോൾ അവയുടെ സാധ്യതകൾക്കൊപ്പം ന്യൂനതകളും മനസ്സിലാക്കി ജനങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. ഒപ്പം, മനുഷ്യനെ കുത്തകകൾ ചൂഷണം ചെയ്‌യാതെ കാക്കേണ്ടതും സമൂഹത്തിന്റെ പുരോഗതിക്ക് പ്രധാനമാണ്.
Content Highlights: when meta becomes an east india company concerns over metaverse