കൊച്ചി: വധഗൂഡാലോചന കേസിൽ ശബ്ദസാംപിളുകളുടെ പരിശോധനക്കായി ദിലീപും മറ്റ് കൂട്ടുപ്രതികളും കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പതിനൊന്നുമണിയോടു കൂടിയാണ് ദിലീപ്, അനൂപ്, സുരാജ് എന്നിവർ ശബ്ദ സാമ്പിളുകൾ നൽകുന്നതിനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത്. സുരാജിന്റെ ശബ്ദസാംപിളുകളാണ് ആദ്യം ശേഖരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാംപിളുകൾ ശേഖരിക്കുന്നത്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദസാംപിളുകൾ ദിലീപിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദസാംപിളുകൾ പരിശോധിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിക്കുന്ന സാംപിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും.
കോടതിയിൽ തന്റെ ശബ്ദമല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ല. പകരം തന്റെ ശാപവാക്കുകളാണ് ഇതെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. എങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കേണ്ട ബാധ്യത അന്വേഷണ സംഘത്തിനുണ്ട്.
അതേസമയം,വധഗൂഡാലോചന കേസ് തെളിയിക്കുന്നതിനായി മതിയായ തെളിവുകളില്ലെന്ന് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ കോടതി പരാമർശിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് ദിലീപ് കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദ് ചെയ്യണമെന്ന ആവശ്യവും ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.
Content Highlights:dileep and other accused reached for collecting audio samples