കഴിയുന്നതും ആഹാരം പാഴാക്കാതിരിക്കുന്നതും, ഏത് ആഹാര പദാർഥവുമാകട്ടെ അതിന്റെ കഴിയുന്നത്ര ഭാഗങ്ങൾ ഭക്ഷ്യയോഗ്യമായ രീതിയിൽ വിഭവങ്ങളാക്കി മാറ്റുന്നതും കൊങ്കണി പാചകത്തിന്റെ തനത് രീതിയാണ്. അതിൽ ബാക്കി വന്ന ആഹാരങ്ങൾ രൂപമാറ്റം നടത്തി വരുന്നത് മുതൽ സാധാരണ രീതിയിൽ നമ്മൾ കളയുന്ന പല പച്ചക്കറികളുടെ തൊലിയും കാമ്പും ഒക്കെ രുചിയുള്ള വിഭവങ്ങളായി മാറുന്നതും ഉൾപ്പെടുന്നു.
ഒരേ വിഭവം തുടർച്ചയായി കഴിക്കുന്നതിലെ മടുപ്പ് മാറ്റാനും ഇതുവഴി കഴിയും. ഇത്തരത്തിൽ റീസൈക്കിൾ ചെയ്‌യുന്ന വിഭവങ്ങൾ നിരവധിയുണ്ട്. പുഴുക്കലരി അരച്ച ദോശകൾ വൈകിട്ട് ശർക്കര പാനിയിൽ തേങ്ങയും ചേർത്ത് വിരകി എടുക്കുന്ന രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇടിയപ്പത്തിന്റെ കൊങ്കണി വകഭേദമായ “സേവ ” ബാക്കി വന്നാലും ഇതേ രീതിയിൽ മധുരമായി അവതരിക്കും. ഇങ്ങനെ ചേമ്പില കൊണ്ടുണ്ടാക്കുന്ന പത്രോടാ പിറ്റേന്ന് ഉലർത്തി ഉപ്പേരി ആയി മാറുന്നതും കൊങ്കണി അടുക്കളകളിലെ സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഈ ആൾമാറാട്ട വിഭവങ്ങൾക്കായിരിക്കും നമ്മൾ കാത്തിരിക്കുക എന്നത് മറ്റൊരു കൗതുകം.
ഇതിലെ പ്രധാനി ആണ് ഇഡ്ഡലി. മാവ് സൂക്ഷിക്കാൻ ഫ്രിഡ്ജ് ഒന്നും ഇല്ലാതിരുന്ന കാലത്ത്, അരച്ച് വെച്ച മാവ് മുഴുവനും പിറ്റേന്ന് തന്നേ ഇഡ്ഡലി ഉണ്ടാക്കേണ്ടതായി വരും. വൈകീട്ട് വീണ്ടും ഇഡ്ഡലി ആവർത്തിക്കുന്നതിനു പകരം ഒന്നുകിൽ പൊടിച്ച് ഉപ്പുമാവ് ഉണ്ടാക്കുകയൊ അല്ലെങ്കിൽ ദോശക്കല്ലിൽ ചുട്ടെടുക്കുകയും ചെയ്‌യും. അങ്ങനെയാവുമ്പോൾ സാമ്പാറോ ചമ്മന്തിയോ ഇല്ലേലും കുഴപ്പമില്ലന്നും കൂടെ ഓർക്കണം.
ഇന്ന് പരിചയപ്പെടുത്തുന്നത് ഇഡലി “ഉസ്ലി” അല്ലെങ്കിൽ ഇഡ്ഡലി ഉപ്മ. നിറയെ തേങ്ങ തിരുമ്മിയതും കൂടെ ചേർത്താൽ രുചിയുടെ മേളമായിരിക്കും. അപ്പോൾ ഇനി ഇഡ്ഡലി ബാക്കി വന്നാൽ ഇതുപോലെ ഉസ്ലി ഉണ്ടാക്കി നോക്കൂ.
ചേരുവകൾ
ഇഡ്ഡലി 10-12
പച്ചമുളക് 5-6
ഇഞ്ചി പൊടിയായി അരിഞ്ഞത് -1 ടീസ്പൂൺ
കായപ്പൊടി 1 ടീസ്പൂൺ
തേങ്ങാ ഒന്നര കപ്പ്
കടുക് 1 ടീസ്പൂൺ
ഉഴുന്ന് 1 ടീസ്പൂൺ കറിവേപ്പില അല്പം
വെളിച്ചെണ്ണ 3-4 ടീസ്പൂൺ
ഉപ്പ്
തയ്‌യാറാക്കുന്ന വിധം
ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഉഴുന്നും മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് വറുക്കുക. കായപ്പൊടി ചേർക്കുക. ഇനി പൊടിച്ച ഇഡ്ഡലി ചേർത്ത് ചെറുതീയിൽ ഇളക്കി അഞ്ചുമിനിറ്റുകളോളം അടച്ചു വെച്ചു പാകം ചെയ്‌യുക. ഉപ്പും ചേർക്കാം. ശേഷം വാങ്ങി വെയ്‍ക്കാം. ഇനി തേങ്ങ ചേർത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക. കൂട്ടിന് മിക്സ്ചർ, ചിപ്സ്, അച്ചാർ ഒക്കെ ഉണ്ടെങ്കിൽ നന്നായിരിക്കും.
Content Highlights: idli usli, idli upma, konkani food, konkani recipe, konkani food menu