ഇരുമ്പിനോളം ശക്തിയുള്ളതും എന്നാൽ പ്ലാസ്റ്റിക്കിനെ പോലെ ഭാരം കുറഞ്ഞതുമായ പുതിയ വസ്തു കണ്ടെത്തി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. ഇത് വളരെ എളുപ്പത്തിൽ വലിയ അളവിൽ നിർമിക്കാൻ സാധിക്കും. കാറുകൾ, ഫോണുകൾ എന്നിവയ്‍ക്കുള്ള കവചങ്ങൾക്ക് വേണ്ടിയും പാലങ്ങൾ പോലുള്ള വലിയ നിർമിതികൾക്ക് വേണ്ടിയുള്ള കട്ടകളായും ഇത് ഉപയോഗിക്കാനാകുമെന്ന് എംഐടിയിലെ കാർബൺ പി. ഡബ്സ് കെമിക്കൽ എഞ്ചിനീയറിങിലെ പ്രൊഫസറും ഗവേഷണത്തിന്റെ മുഖ്യ എഴുത്തുകാരനുമായ മൈക്കൽ സ്ട്രാനോ പറഞ്ഞു.
സാധാരണ കെട്ടിടങ്ങൾക്ക് പിന്തുണയാകുന്ന വസ്തുവായി പ്ലാസ്റ്റിക്കിനെ നമ്മൾ കാണാറില്ല. എന്നാൽ ഈ വസ്തുകൊണ്ട് പല പുതിയ കാര്യങ്ങളും സാധിക്കും. അദ്ദേഹം പറഞ്ഞു.
ഒരു ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനേക്കാൾ എത്രയോ ബലമുണ്ട് ഇതിന്. ഇരുമ്പിനെ പൊട്ടിക്കാൻ ആവശ്യമായതിനേക്കാൾ ഇരട്ടി ശക്തി വേണം ഈ വസ്തുവിനെ തകർക്കാൻ. എങ്കിലും ഇരുമ്പിന്റെ ആറിലൊന്ന് സാന്ദ്രത മാത്രമേ ഈ വസ്തുവിനുള്ളൂ.
പോളിമെറുകൾ രൂപപ്പെടുത്തുന്നതിന് പുതിയ മാർഗം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ വസ്തു കണ്ടെത്തിയത്. പോളിമെറിന്റെ ഒരു ദ്വിമാന പതിപ്പ് നിർമിക്കാനാവുമോ എന്ന് പരിശോധിക്കുകയായിരുന്നു അവർ. അത്തരം ഒരു വസ്തു രൂപപ്പെടുത്താൻ ദശാബ്ദങ്ങളോളം ശ്രമിക്കേണ്ടിവന്നു.
പോളിമെറിന് ഉദാഹരണമാണ് പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് എന്നിവ. പോളിമറുകൾ അടിസ്ഥാനപരമായി മോണോമറുകൾ എന്ന് വിളിക്കപ്പെടുന്ന വ്യക്തിഗത തന്മാത്രകളുടെ ശൃംഖലയാണ്, രാസ ബോണ്ടുകളാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സാധാരണ പോളിമറുകൾ രൂപംകൊള്ളുമ്പോൾ അവ ത്രിമാന വസ്തുക്കളായി വികസിക്കാറുണ്ട്. ഓവനിൽ ഒരു കേക്ക് വികസിക്കുന്നത് പോലെ. അങ്ങനെ സംഭവിക്കാതെ മോണോമറുകളെ തമ്മിൽ ബന്ധിപ്പിക്കാനും ഒരു പോളിമർ ശൃംഖലയായി വളരാനും അനുവദിക്കുന്ന ഒരു പ്രക്രിയ നിർമിക്കുന്നതിനായിരുന്നു ഗവേഷകരുടെ ശ്രമം.പുതിയ രീതി നേച്ചർ ജേണലിൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്.