സിഎസ്ഐആർ-എൻഐഐഎസ്ടി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലുവയിലെ കീഴ്മാടിൽ പെർക്ലോറേറ്റ് മൂലം മലിനമായ കിണർവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം ഉൽപാദിപ്പിക്കുന്നു. ജലസ്രോതസ്സുകളിലെ പെർക്ലോറേറ്റ് മലിനീകരണം ഇന്ത്യയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്‌യപ്പെട്ട ഒരു പ്രശ്നമാണ്. ശക്തമായ ഓക്സിഡൈസിംഗ് ഏജന്റ് ആയതിനാൽ തന്ത്രപ്രധാന മേഖലകളിലും ബഹിരാകാശ ഗവേഷണ വികസന യൂണിറ്റുകളിലും, പടക്കം, തീപ്പെട്ടി നിർമ്മാണം എന്നിവയുൾപ്പെടെ നിരവധി വ്യവസായങ്ങളിലും പെർക്ലോറേറ്റ് ലവണങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
പെർക്ലോറേറ്റ് ലവണങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഭൂഗർഭജലവും ഉപരിതല ജലസ്രോതസ്സുകളും രൂക്ഷമായ മലിനീകരണം നേരിടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ സാധാരണ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതുമൂലം ഹൈപ്പോതൈറോയിഡിസത്തിലേക്കും അനുബന്ധ ശാരീരിക വൈകല്യങ്ങളിലേക്കും നയിക്കുന്നു എന്നുള്ളതാണ് പെർക്ലോറേറ്റിനെക്കുറിച്ചുള്ള പൊതുജനാരോഗ്യ ആശങ്ക.
2009 മുതൽ 2015 വരെ സിഎസ്ഐആർ-എൻഐഐഎസ്ടി നടത്തിയ പഠനങ്ങളിൽ എറണാകുളം ജില്ലയിലെ ആലുവയിൽ സ്ഥിതിചെയ്‌യുന്ന അമോണിയം പെർക്ലോറേറ്റ് പരീക്ഷണശാലയ്‍ക്ക് ചുറ്റുമുള്ള പ്രദേശത്തു നിന്നുള്ള കിണർ വെള്ളത്തിന്റെ സാമ്പിളുകളിൽ ഉയർന്ന അളവിലുള്ള പെർക്ലോറേറ്ററിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യയിലെ കുടിവെള്ള സാമ്പിളുകളിൽ ഇത്രയും ഉയർന്ന അളവിലുള്ള പെർക്ലോറേറ്റിന്റെ സാന്നിധ്യം ആദ്യമായാണ് കണ്ടെത്തുന്നത്.
കീഴ്മാട്, എടത്തല പഞ്ചായത്തുകളിലാണ് മലിനീകരണം കണ്ടെത്തിയത്. കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് മേഖലയിലെ പൊതു കിണറുകളിൽ പെർക്ലോറേറ്റിന്റെ അളവ് ലിറ്ററിൽ 45,000 മൈക്രോഗ്രാം വരെയായിരുന്നു. കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ തുടർന്നുള്ള പഠനങ്ങളിൽ കീഴ്മാടിലെ പെർക്ലോറേറ്റ് മലിനമായ കിണർ വെള്ളം കുടിച്ചവരിൽ ഉയർന്ന ടിഎസ്എച്ച് അളവുണ്ടെന്ന് (ഹൈപ്പോതൈറോയിഡിസത്തെ സൂചിപ്പിക്കുന്നു) കണ്ടെത്തി. കീഴ്മാട് പഞ്ചായത്തിലെ മലിനമായ മൂന്ന് പൊതുകിണറുകൾ ആരോഗ്യവകുപ്പ് സ്ഥിരമായി അടച്ചു. കൂടാതെ ദുരിതബാധിത മേഖലയിലെ (കുളക്കാട് മേഖല) ജനങ്ങൾക്ക് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കേരള വാട്ടർ അതോറിറ്റി മറ്റൊരിടത്ത് നിന്ന് ജലം എത്തിച്ചു.
പത്ത് വർഷത്തിനു ശേഷവും അടഞ്ഞുകിടക്കുന്ന കമ്മ്യൂണിറ്റി കിണറുകളിലെ പെർക്ലോറേറ്റിന്റെ അളവ് ലിറ്ററിന് 9090 മുതൽ 1490 മൈക്രോഗ്രാം വരെയാണെന്ന് സിഎസ്ഐആർ-എൻഐഐഎസ്ടി നടത്തിയ സമീപകാല പഠനങ്ങൾ കണ്ടെത്തി (ജൂലായ്, 2021). കുടിവെള്ളത്തിൽ പെർക്ലോറേറ്റ്, ലിറ്ററിന് 70 മൈക്രോഗ്രാം വരെ ആകാവൂ എന്ന ലോകാരോഗ്യ സംഘടനയുടെ നിലവിലുള്ള മാർഗനിർദ്ദേശത്തേക്കാൾ വളരെ കൂടുതലാണ് ഇത്.
വെള്ളത്തിലെ പെർക്ലോറേറ്റ് അയോൺ വളരെ സ്ഥിരതയുള്ളതും പരമ്പരാഗത ജല ശുദ്ധീകരണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നീക്കം ചെയ്‌യാൻ പ്രയാസവുമാണ്. ഈ പ്രശ്നത്തിന് സുസ്ഥിരമായ ഒരു പരിഹാരമായി പെർക്ലോറേറ്റ് മലിനമായ ജലത്തെ ശുദ്ധീകരിക്കുന്നതിനായി ഒരു ഹൈബ്രിഡ് പ്രക്രിയ (ബയോ-ഫിസിക്കൽ) വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിഎസ്ഐആർ-എൻഐഐഎസ്ടി.
ഈ പ്രക്രിയയിൽ മലിനമായ ജലം ആദ്യം ഒരു ബയോ-റിയാക്‍ടറിൽ പ്രത്യേകം പോഷിപ്പിച്ചെടുത്ത ബാക്റ്റീരിയകളുടെ സഹായത്തോടെ ദോഷകരമല്ലാത്ത ക്ലോറൈഡും ഓക്സിജനുമായി മാറ്റം തുടർന്ന് കസ്റ്റം-ഡിസൈൻ ചെയ്ത അൾട്രാഫിൽട്രേഷൻ (യുഎഫ്), റിവേഴ്സ് ഓസ്മോസിസ് (ആർഒ) യൂണിറ്റുകൾ എന്നിവയുടെ സംയോജനത്തിലൂടെ ബയോറിയാക്‍ടറിൽ നിന്നുള്ള വെള്ളത്തിലെ അവശേഷിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്‌യുന്നു. യുഎഫ്, ആർഒ യൂണിറ്റുകളിൽ നിന്നുളള റീജക്‍ടറും ബയോ റിയാക്‍ടറിൽ തന്നെ ശുദ്ധീകരിക്കുന്നതിനാൽ ഈ നൂതന സാങ്കേതിക വിദ്യ ഒരു സീറോ ഡിസ്ചാർജ് പ്രോസസ്സാണ്. തിരുവനന്തപുരം സിഎസ്ഐആർ-എൻഐഐഎസ്ടിയിലെ പരിസ്ഥിതി സാങ്കേതിക വിഭാഗത്തിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കൃഷ്ണകുമാർ ബി.യുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് മുഴുവൻ പ്രക്രിയയും (പേറ്റന്റ് ഫയൽ ചെയ്തത്) വികസിപ്പിച്ചെടുത്തത്.
നിലവിൽ ആലുവയിലെ കീഴ്മാട് പഞ്ചായത്തിലെ മലിനമായ സ്ഥലത്ത് സിഎസ്ഐആർ-എൻഐഐഎസ്ടി സാങ്കേതികവിദ്യ നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതിക്ക് വേണ്ടുന്ന പൂർണ്ണ ധനസഹായം നൽകുന്നത് ഭാരത സർക്കാർ ജൽ ശക്തി മന്ത്രാലയത്തിന്റെ ജൽ ജീവൻ മിഷനാണ്. ഈ പദ്ധതിയിലൂടെ, ഉപേക്ഷിക്കപ്പെട്ട (അടച്ച) കിണറുകളിലൊന്നിൽ നിന്നുള്ള പെർക്ലോറേറ്റ് മലിനമായ വെള്ളം പമ്പ് ചെയ്ത് കുടിവെള്ള നിലവാരത്തിലേക്ക് ശുദ്ധീകരിക്കും.
ഏകദേശം 2000 ലിറ്റർ കുടിവെള്ളം ഉത്‌പാദിപ്പിക്കാൻ പ്രദർശന പ്ലാന്റിന് കഴിയും. ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം കുളക്കാട് മേഖലയിലെ ദുരിതബാധിതർക്ക് വിതരണം ചെയ്‌യും. പ്രാരംഭഘട്ടത്തിൽ മൂന്ന് മാസത്തേക്ക് ഈ സ്ഥലത്ത് ഡെമോൺസ്ട്രേഷൻ പ്ലാന്റ് പ്രവർത്തിക്കും. പ്രതിദിനം 2000 ലിറ്റർ ജലം ഉൽപാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റിന്റെ മൂലധനച്ചെലവ് മൂന്ന് ലക്ഷം രൂപ ആണ്.
ശുദ്ധജല ഉൽപാദനച്ചെലവ് ലിറ്ററിന് 20 പൈസ ആയിരിക്കും (ഓപ്പറേറ്റർ ചാർജ് ഉൾപ്പെടെ). ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കലും പ്രവർത്തനവും കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെയും കുളക്കാട് കോളനിയിലെ നാട്ടുകാരുടെയും പൂർണ പിന്തുണയോടും സഹകരണത്തോടും കൂടിയാണ്. 2022 ജനുവരി 14-ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സത്യല്ലു, ശ്രീമതി സ്നേഹ മോഹനൻ (വാർഡ് അംഗം), മറ്റ് എൽഎസ്ജി അംഗങ്ങൾ, ആരോഗ്യവകുപ്പ് പ്രതിനിധികൾ, സിഎസ്ഐആർ-എൻഐഐഎസ്ടി പ്രോജക്‍ട് ടീം , കൂടാതെ കുളക്കാട് പ്രദേശവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
പെർക്ലോറേറ്റ് വിലയിരുത്തലും പരിഹാരവും സംബന്ധിച്ച് സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ കഴിഞ്ഞ 12 വർഷമായി തുടരുന്ന ഗവേഷണത്തിൽ മണ്ണും മറ്റും പെർക്ലോറേറ്റ് വിമുക്തമാക്കുന്നതിനുള്ള ഒരു പ്രക്രിയയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പെർക്ലോറേറ്റ് ലവണങ്ങൾ വൻതോതിൽ കൈകാര്യം ചെയ്‌യുന്ന സ്ഥലങ്ങളിൽ, മലിനമായ മണ്ണ് ഭൂഗർഭജല മലിനീകരണത്തിന് ഒരു പ്രധാന കാരണമാണ്.
പെർക്ലോറേറ്റ് അടങ്ങിയ മണ്ണ് ശുദ്ധീകരിക്കുന്നതിനു എൻഐഐഎസ്ടി വികസിപ്പിച്ചെടുത്ത എക്സ്-സീറ്റു റീമെയ്ഷൻ സിസ്റ്റം, ഇതിനായി വിദേശ രാജ്യങ്ങളിൽ നിലവിലിരിക്കുന്ന സാങ്കേതികവിദ്യമായി താരതമ്യം ചെയ്‌യുമ്പോൾ ഒട്ടേറെ ഗുണങ്ങൾ ഉള്ളതാണ്. പെർക്ലോറേറ്റ് കൈകാര്യം ചെയ്‌യുന്ന സ്ഥലങ്ങളിൽ ഒരു മുൻകരുതൽ എന്ന നിലയ്‍ക്ക് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്.
Content Highlights: CSIR-NIIST scientists developed perchlorate polluted water purification tech