വയറുവേദനയാണ് അൾസറിന്റെ പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നത്. കൃത്യ സമയത്ത് ചികിത്സിച്ചാൽ അൾസർ ഭേദമാക്കാം.
അൾസർ മൂലമുണ്ടാകുന്ന വേദന ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കും. ചില സന്ദർഭങ്ങളിൽ വേദന അത്ര പ്രകടമാകില്ലെങ്കിലും, ചിലപ്പോൾ രാത്രി നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുവാൻ കഴിയുന്നത്ര കഠിനമായിരിക്കും വേദന. വയറ്റിലെ അൾസർ മൂലമുണ്ടാവുന്ന വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഉപയോഗിക്കുന്ന ആന്റാസിഡുകൾ താൽക്കാലിക ആശ്വാസം മാത്രം പ്രദാനം ചെയ്യുന്നു. അതിനാൽ, അൾസർ വളരെക്കാലം ചികിത്സിക്കാതെ വിട്ടാൽ വീണ്ടും വീണ്ടും വരാം.
വേദന കൂടാതെ, വയറ്റിലെ അൾസറുമായി ബന്ധപ്പെട്ട മറ്റൊരു പൊതുവായ പ്രശ്നം ഓക്കാനം ആണ്. അസുഖം വരുമ്പോൾ ഛർദ്ദിയും ഒപ്പം നിങ്ങൾക്ക് അനുഭവപ്പെടാം. ചില രോഗികൾക്ക് വിശപ്പില്ലായ്മയും അനുഭവപ്പെടാം – പ്രധാനമായും ഭക്ഷണം കഴിച്ചതിന് ശേഷം വേദന ഉണ്ടാവുന്ന സാഹചര്യങ്ങൾ കാരണം. അതിനാൽ, വയറ്റിലെ അൾസർ ഉള്ള രോഗികളിൽ വിശദീകരിക്കാനാകാത്ത വിധത്തിൽ ശരീരഭാരം കുറയുന്നത് ആശ്ചര്യപ്പെടേണ്ടതില്ല.
അൾസറിന്റെ ചില പ്രധാന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്:
1. വിശപ്പില്ലായ്മ
2. നെഞ്ചെരിച്ചിൽ
3. വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക
4. ദഹനക്കേട്
5. ഉറങ്ങുന്ന സമയത്ത് വയറ്റിലെ വേദന
വയറ്റിലെ അൾസർ എങ്ങനെ കണ്ടെത്താം?
അൾസർ നിർണ്ണയിക്കാൻ ഒരു മെഡിക്കൽ പരിശോധന നടത്തുന്നത് സഹായിക്കും. അൾസർ കണ്ടെത്താൻ ഡോക്ടർമാർക്ക് ഗാസ്ട്രോസ്കോപ്പി നടത്താം. ഈ പ്രക്രിയയിൽ, വയറിലും ചെറുകുടലിലും ഒരു ക്യാമറ ഉപയോഗിച്ച് നേർത്തതും വഴക്കമുള്ളതുമായ ട്യൂബ് കടത്തിയാണ് രോഗനിർണ്ണയം നടത്തുക.
കൃത്യമായ ചികിത്സയിലൂടെ അൾസർ ഭേദമാകാൻ പരമാവധി ആറാഴ്ച്ചയോളം സമയമെടുക്കും. കൂടാതെ, അൾസർ വേഗം ഭേദമാക്കി ആരോഗ്യം വീണ്ടെടുക്കാൻ രോഗി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. മദ്യപാന ശീലം ഉപേക്ഷിക്കുക
2. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
3. സമ്മർദം അകറ്റി നിർത്താൻ മനഃസാന്നിധ്യം കാത്തുസൂക്ഷിക്കുവാൻ പരിശീലിക്കുക
4. പുകവലി ഉപേക്ഷിക്കുക
ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശത്തിന് പകരമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.