എന്താണ് ?
ശരാശരി 50 വയസ് വരെയാണ് ഒരു സ്ത്രീയിൽ ആർത്തവം കൃത്യമായി ഉണ്ടാകുന്നത്. അതിന് ശേഷം ആർത്തവ വിരാമം സംഭവിക്കും. ആദ്യ ആർത്തവത്തിന് ശേഷം ഓരോ 22 മുതൽ 28 ദിവസം കൂടുമ്പോഴും അടുത്ത ആർത്തവ ചക്രം ആവർത്തിക്കും. ഗർഭാശയത്തിലെ ആന്തരിക സ്തരമായ ‘എന്റോമെട്രിയം’ യോനി വഴി പുറന്തള്ളപ്പെടുന്ന പ്രക്രിയ ആണ് ആർത്തവം. ഈ പ്രക്രിയ എല്ലാ മാസവും നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കും. ഓരോ സ്ത്രീയുടെയും ആരോഗ്യ നിലയും ശരീര പ്രകൃതിയും അനുസരിച്ച് ആർത്തവ ദിവസങ്ങളിൽ വ്യത്യാസം ഉണ്ടാകാം. ചിലരിൽ 35 ദിവസങ്ങൾക്ക് ശേഷവും അടുത്ത ആർത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥയെയാണ് ക്രമം തെറ്റിയ ആർത്തവം എന്ന് സൂചിപ്പിക്കുന്നത്.
ക്രമം തെറ്റിയ ആർത്തവം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതോടൊപ്പം മോശം മാനസികാവസ്ഥയ്ക്കും വഴി വെക്കും. ഇത് പെട്ടെന്നുള്ള ദേഷ്യത്തിനും കാരണമാകും. കൂടാതെ ചിലർക്ക് ക്ഷീണവും മറ്റ് ശാരീരികമായ അസ്വസ്ഥതകളും ഉണ്ടായേക്കാം.
കാരണങ്ങൾ:
ഹോർമോൺ അസന്തുലിതാവസ്ഥ: സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയാണ് ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത്. ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ആർത്തവം ക്രമരഹിതമാക്കും.
ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം
ഗുളികകൾ പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരിൽ ആർത്തവം ക്രമ രഹിതമാകാനുള്ള സാധ്യതയുണ്ട്. ചില വീര്യം കൂടിയ ഗർഭ നിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ആർത്തവം തുടർച്ചയായ മാസങ്ങളിൽ സംഭവിക്കാതിരിക്കുകയോ ചെറിയ രക്ത തുള്ളികൾ മാത്രമായി കാണപ്പെടുകയോ ചെയ്യും.
മാനസിക സമ്മർദ്ദം
ആർത്തവം ക്രമം തെറ്റുന്നതിനുള്ള മറ്റൊരു കാരണമാണ് അമിത സമ്മർദ്ദം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ തൈറോയ്ഡ് ഡിസോർഡേഴ്സ് പോലുള്ള അവസ്ഥകൾ മാനസിക സമ്മർദ്ദത്തിന് കാരണമാകാം. തുടർച്ചായി ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
പോഷകങ്ങളുടെ അപര്യാപ്തത
ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കേണ്ട പോഷക ഗുണങ്ങൾ സ്ത്രീ ശരീരത്തിലെത്താത്തത് ആർത്തവം ക്രമരഹിതമാകുന്നതിനു കാരണമാകും.
അമിത വ്യായാമം
കഠിനമായ വ്യായാമങ്ങളോ കായികാഭ്യാസങ്ങളോ ചെയ്യുന്നത് ആർത്തവത്തെ ബാധിച്ചേക്കാം. പലപ്പോഴും ആർത്തവം ക്രമം തെറ്റാൻ ഇത് കാരണമാകും.
ക്രമം തെറ്റിയ ആർത്തവം ക്രമപ്പെടുത്താനും ആർത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.
വേണ്ടത് ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് ആർത്തവം ക്രമപ്പെടുത്താൻ ഒരു പരിധി വരെ സഹായിക്കും. സംസ്കരിച്ച ഭക്ഷണവും ജങ്ക് ഫുഡും ആർത്തവചക്രത്തെ തടസ്സപ്പെടുത്തും. ഹോർമോൺ പ്രവത്തനങ്ങളെ ബാധിക്കുന്നത് മൂലമാണിത്. ഇതു പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, ചുവന്ന മാംസം, മത്സ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
കൂടാതെ സോയ ഉത്പന്നങ്ങൾ, പയർ വർഗ്ഗങ്ങൾ, ചണവിത്ത്, എള്ള്, ഒലിവ് ഓയിൽ, സെലറി, ഉണങ്ങിയ പഴങ്ങൾ എന്നിവയും സ്ത്രീകളിലെ ഈസ്ട്രജൻ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണങ്ങളാണ്. ഇവയൊക്കെയും ആർത്തവം ക്രമപ്പെടുത്താൻ ഗുണകരമാണ്.
വ്യായാമം മുടക്കരുത്
സ്ത്രീകൾക്ക് യോഗ അല്ലെങ്കിൽ നടത്തം പോലുള്ള ലളിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു, ഇത് ആർത്തവചക്രത്തെ ക്രമപ്പെടുത്തും.
മറ്റ് വീട്ടുവൈദ്യങ്ങൾ
ആപ്പിൾ സിഡെർ വിനെഗർ: ദിവസവും 15 ഗ്രാം ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് തേനിൽ ചേർത്ത് കഴിക്കാം.
കറുവപ്പട്ട: ഭക്ഷണത്തിന് രുചി നൽകുന്നതോടൊപ്പം ആർത്തവചക്രത്തെ നിയന്ത്രിക്കാനും കറുവപ്പട്ടയ്ക്ക് കഴിയും. രക്തയോട്ടം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു, ഇത് ആർത്തവ വേദനയും മലബന്ധവും ഒഴിവാക്കാൻ വഴിയൊരുക്കും. ഭക്ഷണത്തിൽ ചേർത്തോ പാലിൽ ചേർത്തോ കറുവപ്പട്ട കഴിക്കാം.
പൈനാപ്പിൾ: പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം ആർത്തവം കൃത്യമാക്കാൻ സഹായിക്കും. ആർത്തവത്തിനു മുമ്പുള്ള വേദനയും മലബന്ധവും ഒഴിവാക്കാനും പൈനാപ്പിൾ സഹായിക്കുന്നു.
ഇഞ്ചി: ഇഞ്ചിയിൽ അടങ്ങിയ മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവ ആർത്തവം ക്രമീകരിക്കാൻ സഹായിക്കും. നിങ്ങളുടെ ചായയിൽ പതിവായി ഇഞ്ചി ചേർക്കുന്നത് അതിന്റെ ഗുണങ്ങൾ ശരീരത്തിലെത്തിക്കുകയും ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും.