ആഴ്ചയിലൊരിക്കലെങ്കിലും ഏതെങ്കിലും ഒരു രൂപത്തിൽ വെണ്ടയ്‍ക്ക നമ്മുടെ ഭക്ഷണത്തിൽ കാണും. ഏത് കറിയായാലും എളുപ്പത്തിൽ പാകമാക്കാൻ പറ്റുമെന്നത് തന്നെയാണ് പ്രധാന മെച്ചം. അത്തരത്തിൽ ഞൊടിയിടയിൽ തയ്‌യാറാക്കാവുന്ന വളരെ കുറച്ച് ചേരുവകൾ മാത്രം ചേർത്തുണ്ടാക്കുന്ന ഒരു മുളകിട്ട വെണ്ടയ്‍ക്ക കൂട്ടാനാണ് ഈ കാണുന്നത്.
വെണ്ടയ്‍ക്ക ” തിക്ശേ ” എന്നാണ് കൊങ്കണിയിൽ പറയുക. എരിവുള്ളത് എന്നർത്ഥം. പേരിലുള്ളത് പോലെ അല്പം എരിവോടെയുള്ള ചാറിൽ മുങ്ങി കിടക്കുന്ന പിഞ്ചു വെണ്ടയ്‍ക്ക കഷ്ണങ്ങളുണ്ടെങ്കിൽ ചോറിലൊഴിക്കാൻ വല്ല പരിപ്പോ, എന്തിനേറെ ഇത്തിരി തൈര് ആയാലും മതി.
ചേരുവകൾ
വെണ്ടയ്‍ക്ക നീളത്തിൽ മുറിച്ചത് – 10- 12 എണ്ണം
കശ്മീരി മുളകുപൊടി – 2- 3 ടീസ്പൂൺ
കായപ്പൊടി – 1 ടീസ്പൂൺ
വെള്ളം – 1/4 – 1/2 കപ്പ്
വെളിച്ചെണ്ണ – 2-3 ടീസ്പൂൺ
കടുക് ഒന്നര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക് താളിക്കുക. ശേഷം ഇതിലേക്ക് വെണ്ടയ്‍ക്ക ചേർത്ത് ചെറുതീയിൽ അല്പനേരം വഴറ്റണം. പിന്നീട് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് രണ്ടു മിനിറ്റു കൂടെ വഴറ്റി, അര കപ്പ് വെള്ളവുമൊഴിച്ചു ചെറുതീയിൽ അടച്ചു വെച്ച് പാകം ചെയ്‌യണം. വെണ്ടയ്‍ക്ക വെന്തു പാകമാകുമ്പോൾ വാങ്ങി വെയ്‍ക്കാം.
നോട്ട്
1.നല്ല പിഞ്ചു വെണ്ടയ്‍ക്ക ആണ് ഇതിനു കൂടുതൽ അനുയോജ്യം.
2.സാധരണ പുളി ചേർക്കാറില്ല. ഇനി നിർബന്ധമാണെങ്കിൽ മാത്രം ഒരല്പം വാളൻ പുളി കുഴച്ചത് ചേർക്കാം
Content Highlights: konkani style food, konkani recipes, ladies finger recipe, lady finger recipe kerala style