കോഴിക്കോട്: ജനകീയ ഹോട്ടൽ മാതൃകയിൽ കോഴിക്കോട് ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പ് സുഭിക്ഷ ഹോട്ടലുകൾ തുടങ്ങും. വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലം അടിസ്ഥാനമാക്കിയാണ് ഹോട്ടലുകൾ തുടങ്ങുക. ഊണിന് 20 രൂപയാണ് ഇവിടെ ഈടാക്കുക. കോഴിക്കോട് ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും എം.എൽ.എ.മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഹോട്ടൽ മേഖലയിൽ മുൻപരിചയമുള്ള കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധസംഘടനകൾ, ഗവ. ഇതര സന്നദ്ധസംഘടനകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് ഹോട്ടൽ തുടങ്ങുന്നതിന് മുൻഗണനനൽകും. പ്രാരംഭച്ചെലവിനായി 10 ലക്ഷം രൂപ അനുവദിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗജന്യമായി കെട്ടിടം കണ്ടെത്താൻ ശ്രമിക്കണം. അല്ലെങ്കിൽ പി.ഡബ്ല്യു.ഡി. നിശ്ചയിക്കുന്ന വാടകയ്ക്ക് കെട്ടിടം വാടകയ്ക്കെടുക്കാം.
50 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാവണം. പദ്ധതിക്കാവശ്യമായ പാത്രങ്ങളും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. അതിന് സാധ്യതയില്ലെങ്കിൽ മാത്രം 10 ലക്ഷം രൂപയിൽനിന്ന് തുക അനുവദിക്കും. ഓരോ ഊണിനും സർക്കാർ അഞ്ചുരൂപ സബ്സിഡി നൽകും. കൂടുതൽ കറികളും മറ്റും സുഭിക്ഷ കമ്മിറ്റി നിശ്ചയിച്ച തുകയ്ക്ക് നൽകാം. പ്രഭാതഭക്ഷണവും നിശ്ചിതവിലയ്ക്ക് നൽകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും ഇപ്പോഴാണ് മിക്കയിടങ്ങളിലും ആരംഭിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ആറ് നിയോജകമണ്ഡലങ്ങളിൽ പദ്ധതി തുടങ്ങി.
ഭക്ഷ്യവകുപ്പിന്റെ മുൻകൈയിൽ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും ഹോട്ടൽ തുറക്കും
എം.എൽ.എ.മാരുടെ സഹകരണം ആവശ്യം
തദ്ദേശസ്ഥാപനങ്ങൾ കെട്ടിടം വിട്ടുനൽകുകയാണെങ്കിൽ പദ്ധതിയുടെ ആവർത്തനച്ചെലവ് കുറയ്ക്കാനാകും. ആവർത്തനച്ചെലവ് കൂടുമ്പോൾ പദ്ധതി വഴിയിൽ മുടങ്ങാനിടയാക്കും. അതിനാൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തന്നെ കെട്ടിടം കണ്ടെത്തി നൽകാൻ ശ്രമിക്കണം. പദ്ധതിയുടെ വിജയത്തിനായി എം.എൽ.എ.മാരുടെ സഹകരണം ആവശ്യമാണ്
കെ. രാജീവ്
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ
Content highlights: lunch by subicksha hotel, 20 rupees lunch