ഒരു കടുംകാപ്പി കുടിച്ചായിരിക്കും മിക്കവരും ദിവസം ആരംഭിക്കുന്നത്. കാപ്പിയിലെ കഫീൻ എന്ന ഘടകം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കാപ്പിക്ക് പകരം കുടിക്കാൻ കഴിയുന്ന ഒട്ടേറെ പാനീയങ്ങൾ ഉണ്ട്. അതേസമയം, ഇവ കുടിക്കുമ്പോൾ കാപ്പി നൽകുന്ന അതേ ഊർജവും ഉന്മേഷവും ലഭിക്കുകയും ചെയ്‌യും.
മാറ്റ്ചാ ടീ
കിഴക്കൻ ഏഷ്യൻ ഭാഗങ്ങളിൽ ഉപയോഗത്തിലുള്ള പരമ്പരാഗത പാനീയമാണിത്. കാപ്പിക്ക് പകരം ദിവസം തുടങ്ങുന്നതിനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണിത്. ഊർജവും ഉന്മേഷവും പ്രദാനം ചെയ്‌യുന്നതിൽ മുൻപന്തിയിലാണ് മാറ്റ്ചാ ടീ. മാറ്റ്ചാ ടീ പൗഡർ വിപണിയിൽ ലഭ്യമാണ്.
ആപ്പിൾ സിഡർ വിനേഗർ
ശരീരഭാരം കുറയ്‍ക്കുന്നതിന് ആളുകൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങളിലൊന്നാണ് ആപ്പിൾ സിഡർ വിനേഗർ. പ്രമേഹത്തെ പ്രതിരോധിക്കുന്നതിനൊപ്പം നീർവീക്കവും ഇത് തടയുന്നു. രാവിലെ എണീക്കുമ്പോൾ ഉന്മേഷക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ആപ്പിൾ സിഡർ വിനേഗർ കുടിക്കുന്നത് രാവിലെ ഉറക്കം ഉണർന്നു വരുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ ഡിസർ വിനേഗർ ചേർത്ത് കുടിക്കാം. രുചി ഇഷ്ടമായില്ലെങ്കിൽ തേൻ ചേർത്തും കഴിക്കാവുന്നതാണ്.
മഞ്ഞൾ ചേർത്ത പാൽ
കാപ്പിക്ക് പകരം കുടിക്കാൻ പറ്റിയ മികച്ച പാനീയമാണിത്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു പുറമെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഊർജവും ഉന്മേഷവും വർധിപ്പിച്ച് ഏകാഗ്രത വർധിപ്പിക്കാനും ഈ പാനീയം സഹായിക്കും. പാലിൽ ഇഞ്ചി, കറുവാപ്പട്ട, മഞ്ഞൾ, കുരുമുളക്, പഞ്ചസാര എന്നിവ ചേർത്താണ് ഈ പാനീയം ഉണ്ടാക്കുന്നത്.
സ്മൂത്തീസ്
പഴങ്ങളും പച്ചക്കറികളും ചേർത്ത് ഇഷ്ടമുള്ള രുചികളിൽ സ്മൂത്തീസ് തയ്‌യാർ ചെയ്തെടുക്കാം. പ്രഭാതഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും.
Content highlights: beverages other than coffee to keep you awake, healthy drinks