കച്ചവടത്തിലൂടെ അമിത ലാഭം നേടുന്ന ആളുകളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരക്കാർക്കിടയിൽ തികച്ചും വ്യത്യസ്തമാവുകയാണ് ചെന്നെെയിൽ നിന്നുള്ള ഒരു എഴുപതുകാരി. ഒരു ഇഡ്ഡലിക്ക് 10 രൂപയിൽ കൂടുതൽ വിലയാണ് ഇന്ന് ഹോട്ടലുകളിൽ. മെട്രോ നഗരങ്ങളിൽ വില ഇതിലും കൂടുതലാകുന്നു.
ഈ സമയത്ത് ഒന്നര രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന വെറോണിക്കയെന്ന എഴുപതുകാരിയെ പരിചയപ്പെടാം. ഇഡ്ഡലി മാത്രമല്ല, ഒപ്പം സാമ്പാറും ചട്ണിയും കൂടി നൽകുന്നുണ്ട് ഈ വിലയ്‍ക്ക്.
ചെന്നെെയിലെ അടമ്പാക്കത്തെ വാടകവീട്ടിൽ 72 വയസ്സുകാരനായ ഭർത്താവ് നിക്കോളാസിനൊപ്പമാണ് വെറോണിക്കയുടെ താമസം. കഴിഞ്ഞ 20 വർഷമായി ഇഡ്ഡലി വിൽക്കുകയാണ് ഇവർ. പത്തു രൂപയ്‍ക്ക് പോലും ഇഡ്ഡലി വിൽക്കാൻ പറ്റാത്ത ഈ കാലത്ത് വെറോണിക്ക ഒരു ഇഡ്ഡലി വിൽക്കുന്നത് ഒന്നര രൂപയ്‍ക്കാണ്. ആവശ്യക്കാർക്ക് വീടുകളിലെത്തിച്ച് കൊടുക്കുന്നതിന് ഇവർക്ക് വേറെ പണം നൽകേണ്ടതില്ല. ഓരോ ദിവസവും കച്ചവടത്തിനായി ദിവസവും രാവിലെ വെറോണിക്ക പുറപ്പെടും. ഒരു ദിവസത്തെ കച്ചവടം കഴിഞ്ഞാൽ 300 രൂപയാണ് ലഭിക്കുക. ഈ പണം അടുത്ത ദിവസത്തെ ഇഡ്ഡലി തയ്‌യാറാക്കാൻ വേണ്ടിവരും.
എന്നാൽ താൻ ഇത് തന്റെ സംതൃപ്തിയ്‍ക്ക് വേണ്ടി ചെയ്‌യുന്നതാണെന്നും അല്ലാതെ ലാഭത്തിന് വേണ്ടിയല്ലെന്നുമാണ് വെറോണിക്ക പറയുന്നത്. ഭർത്താവ് നിക്കോളാസ് ഈ പ്രായത്തിൽ ചെന്നെയിലെ ഒരു ബാങ്ക് എ.ടി.എമ്മിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നാണ് ഇവരുടെ ദെെനംദിന ചെലവുകൾ നടക്കുന്നത്.
ആദ്യം ഒരു ഇഡ്ഡലിക്ക് 50 പെെസയും ഒരു രൂപയുമായിരുന്നു വില. പിന്നീട് സാമ്പാറും ചട്ണിയും കൂടി ചേർത്ത് വില ഒന്നര രൂപയാക്കി. വെറോണിക്കയുടെ ഇഡ്ഡലിക്കായി നൂറിലധികം കുടുംബങ്ങൾ കാത്തിരിക്കുന്നുണ്ട്. താനും തന്റെ വിവാഹിതരായ മൂന്നു പെൺമക്കളും വെറോണിക്കയുടെ കച്ചവടത്തിൽ ഇടപെടാറില്ലെന്ന് ഭർത്താവ് നിക്കോളാസ് പറയുന്നു. എല്ലാം ചെയ്‌യുന്നത് വെറോണിക്ക തനിച്ചാണ്. ഇത്രയും വീട്ടുകാർക്ക് ഏത് ബുദ്ധിമുട്ടുള്ള കാലത്തും വെറോണിക്ക ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റാണ് ഇഡ്ഡലി തയ്‌യാറാക്കുന്നത്. പലതവണ ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് ഇതുവരെ വാർധക്യ പെൻഷൻ ഒന്നും കിട്ടിയിട്ടില്ല- നിക്കോളാസ് പറയുന്നു.
Content Highlights: Chennais 70-Year-old Sells Idlis for Rs 1.5 a Piece, Says Doing for Satisfaction