ഐസ്ക്രീം എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ടാകും. വിവിധ ഫ്ളേവറിലും രൂപത്തിലുമൊക്കെയുള്ള ഐസ്ക്രീമുകൾ ഇന്ന് വിപണിയിലുണ്ട്. ഐസ്ക്രീം റോളുകൾ ഇഷ്ടമുള്ളവരും ഏറെയാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് റോളർ ഐസ്ക്രീമിന്റെ വീഡിയോ ആണ്.
ഐസ്ക്രീം റോളുകളുടെ പരിഷ്കരിച്ച ഭാവമാണ് ഈ റോളർ ഐസ്ക്രീം. ഫുഡ് ബ്ലോഗർ ലക്ഷയ് ടൽറേജയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഡൽഹിയിലെ കമലാനഗറിലാണ് വ്യത്യസ്തമായ ഈ റോളർ ഐസ്ക്രീം സംവിധാനം ഉള്ളത്. റോളറിൽ ഐസ്ക്രീം പരുവത്തിലാക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും വീഡിയോയിൽ കാണാം.
90 കിലോ ഭാരമുള്ള ഐസ് ഉടച്ച് ഒരു റോളറിൽ ഇട്ട് അതേരൂപത്തിലാക്കുന്നതാണ് ആദ്യപടി. ഇതിനുശേഷം റോളർ റോൾ ചെയ്തുകൊണ്ടിരിക്കും. റോളർ രൂപത്തിലുള്ള ഐസിനു മുകളിൽ ഐസ്ക്രീമിന്റെ ചേരുവകൾ ഓരോന്നായി ചേർക്കും. റോസ് സിറപ്പും ചോക്ലേറ്റ് സിറപ്പും തുടങ്ങി ആവശ്യമായതെല്ലാം ചേർക്കും. ശേഷം റോളറിൽ നിന്ന് ആവശ്യത്തിന് ഐസ്ക്രീം ചുരണ്ടിയെടുക്കും.
ഒരു പ്ലേറ്റിന് 60 രൂപയാണ് ആ റോളർ ഐസ്ക്രീമിന്റെ വില. പുത്തൻ ആശയമെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.
Content Highlights: ice-cream rolls, roller ice-cream, viral video