2021 ഓഗസ്റ്റിലാണ് അഫ്ഗാൻ സർക്കാരിൽനിന്നും ഭീകരസംഘടനയായ താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുക്കുന്നത്. അഫ്ഗാനിൽനിന്നുള്ള യു.എസ്. സൈന്യത്തിന്റെ പിന്മാറ്റമാണ് ഭരണത്തിൽ താലിബാന് പിടിമുറുക്കാൻ ഇടനൽകിയത്. എന്നാൽ, താലിബാന്റെ കൈകളിൽ അഫ്ഗാൻ എത്തിയതുമുതൽ കടുത്തദാരിദ്ര്യത്തിലൂടെ കടന്നുപോകുകയാണ് രാജ്യം. കുട്ടികളും മുതിർന്നവരും പ്രായമായവരുമുൾപ്പടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
അഫ്ഗാനിസ്താനിലെ ഏകദേശം 40 മില്ല്യൺ ആളുകൾ കടുത്ത ദാരിദ്ര്യത്തിലൂടെയും പട്ടിണിയിലൂടെയും കടന്നുപോകുകയാണെന്ന് യു.എന്നിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അഫ്ഗാനിൽ തുടർന്നു വന്നിരുന്ന ആഭ്യന്തരയുദ്ധങ്ങളാണ് കൊടിയ ദാരിദ്ര്യത്തിന്റ കാരണം. ഏകദേശം 23 മില്ല്യൺ ആളുകൾ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നും അതിൽ രണ്ടു മില്ല്യൺ ആളുകൾ അടിയന്തര ഘട്ടത്തിലുള്ള ദാരിദ്ര്യത്തിന്റെ പിടിയിലുമാണെന്ന് യു.എൻ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്താനിലെ ആശുപത്രികളെല്ലാം ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. അതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. വലിയതോതിലുള്ള പോഷകാഹാരക്കുറവാണ് അവർ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തത് സാഹചര്യം കൂടുതൽ രൂക്ഷമാക്കുന്നു. താലിബാന്റെ ഭീഷണിയുള്ളതിനാൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളായ തൊഴിലാളികൾ ജോലിക്കെത്താൻ മടിക്കുന്നുമുണ്ട്.
ശീതകാല വിളകൾ യഥേഷ്ടം കൃഷി ചെയ്‌യാത്തതും വിളവെടുക്കാത്തതും പട്ടിണി രൂക്ഷമാക്കി. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവന്നിരുന്നു.
ഒരു കാലത്ത് അഫ്ഗാനിസ്താനിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന വിളകൾ ആഭ്യന്തര ഉപയോഗം കഴിഞ്ഞ് അന്താരാഷ്ട്രവിപണികളിലേക്ക് കയറ്റി അയക്കുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. ഗോതമ്പ്, അരി, ചോളം എന്നിവയാണ് അവിടെ കൃഷി ചെയ്‌യുന്ന പ്രധാന ധാന്യങ്ങൾ.
താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്താൻ യു.എന്നിന്റെ അടക്കമുള്ള ഉപരോധങ്ങൾ നേരിടുന്നുണ്ട്. ഇത് കൂടാതെ, അഫ്ഗാന്റെ പത്ത് ബില്ല്യൺ ഡോളറിന്റെ ആസ്തികൾ ലോകരാജ്യങ്ങൾ മരവിപ്പിച്ചിരിക്കുകയുമാണ്.
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകൾ പ്രാദേശിക സംഘടനകൾ വഴിയാണ് നിലവിൽ ഇവിടെ സഹായം എത്തിക്കുന്നത്. താലിബാനുമായി സഹകരിക്കാൻ മറ്റുലോകരാജ്യങ്ങൾ തയ്‌യാറാകുന്നില്ല. അതിനാൽ, ഈ അടുത്തകാലത്തൊന്നും അവിടുത്തെ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മാർച്ച് മാസത്തിൽ വിളകൾ വിപണിയിൽ ലഭ്യമാകുന്നതുവരെ പട്ടിണിയും ദാരിദ്ര്യവും തുടരുമെന്നും കണക്കുകൂട്ടുന്നു.
താലിബാനുമായി അടുത്തുനിൽക്കുന്നവർക്ക് മാത്രം ധാന്യങ്ങൾ ലഭ്യമാകുന്ന അവസ്ഥയും അഫ്ഗാനിൽ ഉണ്ട്.
Contentv highlights: Afghanistan facing acute food crisis lakhs of children do not getting enough food