വ്യത്യസ്തമായ പാചക വീഡിയോകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കൽ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഈയടുത്ത് തനത് മഹാരാഷ്ട്ര വിഭവമായ മിസൽപാവ് കഴിക്കുന്ന ചിത്രവും സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ കഫെ സ്റ്റൈലിൽ കാപ്പി വിഭവമായ മോച്ച തയ്യാർ ചെയ്തെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സച്ചിന്റെ മകൾ സാറാ തെണ്ടുൽക്കർ. ഇൻസ്റ്റഗ്രാം റീൽ ആയാണ് വീഡിയോ സാറ ഷെയർ ചെയ്തിരിക്കുന്നത്. കാപ്പി പ്രേമികളെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മോച്ച. വീട്ടിൽ എങ്ങനെ കഫേ സ്റ്റൈൽ മോച്ച തയാറാക്കാം എന്നാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
ക്രീം പരുവത്തിലുള്ള ചോക്ക്ലേറ്റ് ഒരു കപ്പിലേക്ക് എടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിലേക്ക് കാപ്പി ഒഴിക്കുന്നു. ഫോം മിൽക്ക് ഇതിനുമുകളിലേക്ക് ചേർക്കും. ഇതിനുമുകളിലേക്ക് സ്വൽപ്പം ചോക്ലേറ്റ് പൊടി കൂടി ചേർത്തു കഴിയുമ്പോൾ അടിപൊളി മോച്ച തയ്യാറായി.
മോച്ച തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങൾ
കോക്ക പൗഡർ -രണ്ട് ടീസ്പൂൺ
കാപ്പി പൊടി-മുക്കാൽ കപ്പ്
പഞ്ചസാര -രണ്ട് ടീസ്പൂൺ
പാല് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പിലേക്ക് കാപ്പി, കോക്ക പൗഡർ, പഞ്ചസാര എന്നിവ എടുക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂൺ ചൂടുവെള്ളം ഒഴിക്കുക. ഇത് തന്നായി കൂടിച്ചേരുന്നത് വരെ ഇളക്കി ചേർക്കുക. പാൽ തിളപ്പിച്ചശേഷം ഈ കൂട്ടിലേക്ക് ചേർക്കുക. മുകളിൽ സ്വൽപം കോക്ക പൗഡർ വിതറാം. മോച്ച തയ്യാർ.
പതരൂപത്തിലായ പാൽ ചേർക്കണമെന്നുണ്ടെങ്കിൽ ചെറുതീയിൽവെച്ച് പാൽ ചൂടാക്കിയെടുക്കുക. ചൂട് നിൽക്കുന്ന ഒരു ഫ്ളാസ്കിൽ ഈ പാൽ ഒഴിക്കുക. ഫ്ളാസ്കിന്റെ അടപ്പ് നന്നായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിനുശേഷം ഒരു മിനിറ്റ് നേരം ഈ പാൽ ഫ്ളാസ്കിൽ ഇട്ട് കുലുക്കിയെടുക്കുക. ഈ പാൽ നേരത്തെ തയ്യാറാക്കിയ മോച്ച കൂട്ടിലേക്ക് ഗ്ലാസിന്റെ ഒരു വശത്തുകൂടെ പതിയെ ഒഴിക്കാം. പത മുകളിൽ അടിയും. മുകളിൽ കോക്ക പൗഡർ വിതറി കുടിക്കാം.
Content highlights: Mocha recipe by sara Tendulkar, Mocha recipe, Insta Reel