പുതുവർഷം പിറക്കുമ്പോൾ മിക്കവരും ആ വർഷത്തിൽ ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. അവ പൂർണമായും പാലിക്കാൻ കഴിയില്ലെങ്കിലും കുറെയേറെ പൂർണമാക്കാൻ മിക്കവരും ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ പുതുവർഷത്തിൽ താൻ ലക്ഷ്യം നേടാൻ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ്. 2022-ൽ തന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവാകുമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഇറ പറഞ്ഞു. ഈ വർഷം തന്റെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമെന്നും ഒപ്പം ലക്ഷ്യം കൈവരിക്കാൻ താൻ നടത്തുന്ന ശ്രമങ്ങൾ ഏതെല്ലാമായിരിക്കുമെന്നും ഇറ വിവരിച്ചു.
ശരീരഭാരം കുറയ്ക്കുന്നതിനു തനിക്കുലഭിച്ച പ്രചോദനത്തെക്കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന്റെ തുടക്കത്തിന്റെ ഭാഗമായി 15 ദിവസം ഉപവസിച്ചു. ഇതുവരെയുള്ള ജീവിതത്തിലെ അധികകാലവും വളരെ സജീവമായ ഒരാളായിരുന്നു ഞാൻ. എന്നാൽ, കഴിഞ്ഞ നാല്-അഞ്ച് വർഷമായി വളരെ അലസയായിരുന്നു ഞാൻ. ഇതിന്റെ ഫലമായി ശരീരഭാരം 20 കിലോഗ്രാം ആണ് വർധിച്ചത്-ഇറ പറഞ്ഞു.
ഉപവാസം കൊണ്ട് ശരീരഭാരത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ കഴിഞ്ഞില്ലെങ്കിലും കൂടുതൽ നന്നായി പരിശ്രമിക്കാനുള്ള പ്രചോദനമായിരുന്നു അത്. ഒരു താളം കണ്ടെത്താൻ കഴിഞ്ഞു. ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ എന്നാൽ കഴിയാവുന്നതെല്ലാം ചെയ്യുന്നു-ഇറ വ്യക്തമാക്കി.
ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബവഷിൻഗർ വെൽഹെൽമി പ്രോഗ്രാം എന്ന ക്ലിനിക്കിന്റെ ഭാഗമായാണ് ഇറ ശരീരഭാരം കുറയ്ക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ടു ചെയ്തു. ധാരാളം വെള്ളം കുടിക്കുന്നതിന് പുറമെ ജൈവരീതിയിൽ തയ്യാറാക്കിയ ഹെർബൽ ടീ, പച്ചക്കറികൾ, പഴച്ചാറുകൾ എന്നിവയാണ് ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Content highlights: ira khan reveals weight loss goals for new year, health tips, weight loss tips