ആഴ്ചകൾക്ക് മുമ്പാണ് രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം താരിഫ് നിരക്ക് വർധിപ്പിച്ചത്. അതിനൊപ്പം ചില ജനപ്രിയ പ്ലാനുകൾ പിൻവലിക്കുകയോ അവയിലെ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുകയോ ചെയ്തു.
ഇന്നിതാ റിലയൻസ് ജിയോ ജനപ്രിയ പ്രീപെയ്‌ഡ് പ്ലാനുകളിലൊന്നായ 499 രൂപയുടെ പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു. പ്രതിധിനം രണ്ട് ജിബി ഡാറ്റ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണിതിലുള്ളത്.
499 പ്ലാനിലെ ആനുകൂല്യങ്ങൾ
പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഈ പരിമിതി കഴിഞ്ഞാൽ 64 കെബിപിഎസ് വേഗത്തിൽ ഡാറ്റ ലഭിക്കും. 28 ദിവസം ഇതിൽ വാലിഡിറ്റി ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളും ദിവസേന 100 സൗജന്യ എസ്എംഎസും ലഭിക്കും. ഒപ്പം ജിയോ പ്രൈം അംഗത്വത്തിനും അർഹരാവും.
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ഇതിലെ മറ്റൊരു ആനുകൂല്യം. ഒരു വർഷത്തെ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക. ജിയോ സിനിമ, ജിയോ ടിവി എന്നിവയും ഉപയോഗിക്കാം.
ഹാപ്പി ന്യൂ ഇയർ പ്ലാൻ നീട്ടി
2545 രൂപയുടെ പ്ലാനിലെ ഹാപ്പി ന്യൂ ഇയർ ഓഫറിന്റെ കാലാവധി വർധിപ്പിച്ചു. നേരത്തെ ജനുവരി രണ്ട് വരെ മാത്രമേ ഈ ഓഫർ വാഗ്ദാനം ചെയ്തിരുന്നുള്ളു. എന്നാൽ ഇപ്പോൾ ജനുവരി ഏഴ് വരെ ഓഫർ ലഭിക്കും. അധിക ആനുകൂല്യങ്ങളാണ് ഇതിൽ ലഭിക്കുക.
2545 രൂപയുടെ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസേനെ 100 എസ്എംഎസ്, 1.5 പ്രതിധിന ഡാറ്റ എന്നിവ ലഭിക്കും. 336 ദിവസമാണ് യഥാർത്ഥ വാലിഡിറ്റി. ഹാപ്പി ന്യൂ ഇയർ പ്ലാനിന്റെ ഭാഗമായി 29 ദിവസം കൂടി അധിക വാലിഡിറ്റി ലഭിക്കും. ഇതോടെ 365 ദിവസവും പ്ലാൻ ഉപയോഗിക്കാനാവും.
Content Highlights: Reliance Jio brings back Rs 499 prepaid plan