അരൂർ: രാവിലെ ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ, ദോശയും ചമ്മന്തിയും. ചിലദിവസങ്ങളിൽ ഗോതമ്പ് പൊറോട്ടയുമുണ്ടാകും. ഉച്ചയായാൽ മൂന്നു കറികൾ കൂട്ടിയുള്ള ഊണ്… ഏതെങ്കിലും ഹോട്ടലിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ പട്ടികയല്ലിത്. അരൂർ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ വിശദാംശങ്ങളാണിത്.
വിശക്കുന്നവന് അന്നം അരികിലെത്തിച്ച് വിളമ്പിക്കൊടുക്കണം. അന്നദാനം ആരംഭിച്ചപ്പോൾ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർക്ക് അതു മാത്രമായിരുന്നു ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷണം പാകംചെയ്തു നൽകുന്നതിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സംഘാടകർ പറയുന്നു. ട്രസ്റ്റിന്റെ വിഭവസമൃദ്ധമായ അന്നദാനം ആരംഭിച്ചിട്ട് അഞ്ചുവർഷം പിന്നിട്ടു.
2017 ജനുവരിയിലാണ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്. തെരുവിൽ കഴിയുന്നവർക്കും ആരോരുമില്ലാതെ താമസിക്കുന്നവർക്കും മാത്രമാണ് തുടക്കത്തിൽ ഭക്ഷണം നൽകിയിരുന്നതെങ്കിൽ അധികംവൈകാതെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു. മറ്റൊരു സംഘടന നടത്തിവന്ന ഉച്ചഭക്ഷണ വിതരണം നിന്നപ്പോൾ അതും ട്രസ്റ്റ് ഏറ്റെടുത്തു. നിലവിൽ രാവിലെയും ഉച്ചയ്‍ക്കും ആശുപത്രിയിൽ ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്.
കൂടാതെ, തുറവൂർ ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് പ്രതിമാസ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
മറ്റു മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപരിപഠനത്തിനായി സെമിനാറുകളുൾപ്പടെയുള്ളവ സംഘടിപ്പിക്കുന്നുണ്ട്.
മാനേജിങ് ട്രസ്റ്റി സ്റ്റീഫൻ റാഫേൽ, ഡെപ്യൂട്ടി മാനേജിങ് ട്രസ്റ്റി പ്രേമചന്ദ്രൻ എന്നിവരാണ് ട്രസ്റ്റിന്റെ ചുക്കാൻ പിടിക്കുന്നത്. പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുന്ന പണമാണ് അന്നദാനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
Content highlights: food supply, karunya charitable trust, completed five years