മൊബൈൽ ഫോണുകൾ പ്രചാരത്തിൽ വന്നത് മുതൽ നമ്മുടെ നാട്ടിലെ പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കുന്ന ഒരു മുന്നറിയിപ്പുകളാണ് മൊബൈൽ ഫോൺ ഉപയോഗിക്കരുത്, :ഫോൺ സ്വിച്ച് ഓഫ് ആക്കണം പോലുള്ളവ. അത് തീപ്പിടിത്തത്തിന് ഇടയാക്കും എന്നാണ് പറയപ്പെടുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ ?
ഫോണിൽ നിന്നുള്ള ഇലക്‍ട്രോമാഗ്നറ്റിക് റേഡിയേഷൻ മൂലം പെട്രോളിൽ നിന്നുള്ള ആവിയ്‍ക്ക് തീപിടിക്കാനിടയുണ്ട് എന്നുള്ള വിശദീകരണം ഇതുമായി കേൾക്കുന്നുണ്ട്. ഇത് കൂടാതെ ഫോൺ ബാറ്ററിയിൽ നിന്നുണ്ടായേക്കാവുന്ന തീപ്പൊരികളും തീപ്പിടിത്തത്തിലേക്ക് നയിച്ചേക്കാം എന്നും പറയുന്നു.
സത്യത്തിൽ ഈ വിശദീകരണങ്ങളൊന്നും തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഫോൺ ഉപയോഗം മൂലം പെട്രോൾ പമ്പിൽ തീപ്പിടിത്തം ഉണ്ടായെന്ന തരത്തിൽ ചില വീഡിയോകൾ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്.
ഫോണും ഗൂഗിൾ പേയും ഉപയോഗിക്കാറുണ്ടല്ലോ?
ഇന്ന് എല്ലാവരുടെയും കയ്‌യിൽ മൊബൈൽ ഫോണുകളുണ്ട്. ആരും തന്നെ പെട്രോൾ പമ്പിലെത്തുമ്പോൾ അത് സ്വിച്ച് ഓഫ് ആക്കാറില്ല. എങ്കിലും മുന്നറിയിപ്പ് കണക്കിലെടുത്ത് ഫോണിൽ സംസാരിക്കുന്നത് ആളുകൾ പരമാവധി ഒഴിവാക്കാറുണ്ട്.
ഗൂഗിൾപേ, ഫോൺ പേ വഴി ഏറ്റവും കൂടുതൽ പണമിടപാട് നടക്കുന്ന സ്ഥലങ്ങളാണ് പെട്രോൾ പമ്പുകൾ. അപ്പോഴൊന്നും തന്നെ ഇത്തരം തീപ്പിടിത്തങ്ങൾ ഉണ്ടായതായി നമ്മൾ കേട്ടിട്ടുമില്ല. എന്തായിരിക്കാം കാരണം?
2016 ഡിസംബർ 23 ന് യുപിഐ വഴിയുള്ള കാഷ്ലെസ് പേമെന്റുകൾക്ക് പ്രോത്സാഹനം നൽകി വരുന്ന കാലത്ത് പൈട്രോൾ അടിക്കുന്ന പമ്പുകളിൽ നിന്ന് നിശ്ചിത അകലത്തിലും ഉയരത്തിലും ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ തന്നെ പറയുന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ പെട്രോൾ അടിക്കുന്ന പമ്പിൽ നിന്നും ഫോൺ നിശ്ചിത അകലം പാലിച്ചിരിക്കണം എന്നും പമ്പിനോട് ഏറ്റവും കൂടുതൽ സാമീപ്യം പുലർത്തുന്ന ബൈക്കിൽ പെട്രോൾ അടിക്കുന്നവർ ഇത് ശ്രദ്ധിക്കണം എന്നുമുള്ള മാർഗനിർദേശങ്ങൾ സർക്കാർ നൽകിയിരുന്നു.
ചില വിശദീകരണങ്ങൾ
കാലങ്ങളായി ഈ വിഷയം ചർച്ചയിലുണ്ട്. പെട്രോൾ പമ്പിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നത് പൊട്ടിത്തെറിക്കിടയാക്കും എന്നത് ഒരു മിഥ്യാധാരണയാകാം എന്ന കെന്റ് സർവകലാശാലയിലെ ഡോ. ആഡം ബർഗെസിന്റെ വിശദീകരണം 2005 ൽ
ലോകത്ത് കഴിഞ്ഞ 11 വർഷക്കാലത്തിനിടെ മൊബൈൽ ഫോൺ കാരണം ഉണ്ടായെന്ന് പറയപ്പെടുന്ന പെട്രോൾ പമ്പിലെ തീപ്പിടിത്തങ്ങൾ ഒന്നും തന്നെ ഫോൺ കാരണം സംഭവിച്ചതല്ലെന്നാണ് കെന്റ് സർവകലാശാലയിലെ ഡോ. ആഡം ബർഗെസ് പറയുന്നത്.
1989 മുതലുള്ള ഇത്തരം അപകടങ്ങളെ കുറിച്ച് അന്വേഷിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ വിശദീകരണം. Risk, Rumour and Precaution: The Story of Cell Phones Causing Gas Station Explosions എന്നൊരു പ്രബന്ധം തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
1988 ലെ സ്കോട്ലൻഡിലുണ്ടായ പൈപ്പർ ആൽഫ ദുരന്തത്തിന് ശേഷമാണ് പെട്രോൾ പമ്പിൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന കഥകളുടെ തുടക്കമെന്ന് ബർഗെസ് പറയുന്നു. അന്ന് 167 പേർ മരിച്ചു. അതിനുശേഷം വന്ന സുരക്ഷാ നിർദേശങ്ങളിലൊന്നാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത് എന്നത്.
പെട്രോൾ സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് നിർമാണ കമ്പനികളും മുന്നറിയിപ്പ് നൽകിയതോടെ ഈ ആശയത്തിന് വിശ്വാസ്യത വർധിപ്പിച്ചുവെന്ന് ബർഗെസ് പറഞ്ഞു.
കത്തിച്ച സിഗരറ്റിന് പോലും ഒരു ഫില്ലിംഗ് സ്റ്റേഷനിൽ പെട്രോൾ കത്തിക്കാൻ വേണ്ടത്ര ചൂടുണ്ടാവില്ലെന്നും, അപ്പോൾ മൊബൈൽ ഫോണിന്റെ കുറഞ്ഞ വോൾട്ടേജിന് അത് സാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
1996 ലാണ് ആദ്യമായി പെട്രോൾ സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ നിരോധിച്ചത് എന്ന് ബ്രിട്ടീഷ് പെട്രോളിയം ഫയർ സേഫ്റ്റി ഓഫീസറായ റിച്ചാർഡ് കോട്ട്സ് പറയുന്നതും മൊബൈൽ ഫോൺ പെട്രോൾ പമ്പുകൾക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ല എന്നാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചില ഇന്ത്യൻ യൂട്യൂബർമാർ ഇതിന്റെ സത്യാവസ്ഥ തെളിയിക്കാൻ അപകടകരമായ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഒരു ഗ്ലാസിൽ ഒഴിച്ച പെട്രോളിനടുത്ത് മൊബൈൽ ഫോൺ ഓൺ ആക്കിവെച്ചും ഫോൺ ചെയ്തുമാണ് ഇവർ പരീക്ഷണം നടത്തിയത്. പെട്രോളിന്റെ അതി ഭീകരമായ തീപ്പിടിത്ത സാധ്യത വകവെക്കാതെയായിരുന്നു ഈ പരീക്ഷണങ്ങൾ എങ്കിലും അവിടെ തീപ്പിടിത്തം ഉണ്ടായില്ല. (എന്നാൽ ഈ വീഡിയോകളുടെ വിശ്വാസ്യത മാതൃഭൂമി ഉറപ്പുപറയുന്നില്ല)
മൊബൈൽ ഫോണുകൾ മൂലം പെട്രോൾ പമ്പുകളിൽ തീപ്പിടിത്തമുണ്ടായ വീഡിയോകൾ യൂട്യൂബിലുണ്ട്. അതിൽ പക്ഷെ അധികവും ബൈക്കുകളാണ്. ഒരിക്കൽ അത്തരം ഒരു വീഡിയോ കാണിച്ച് ഹൈദരാബാദ് പോലീസ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന നിര്ദേശം ഇറക്കിയിരുന്നു. എന്നാൽ ഇത് മൊബൈൽ ഫോൺ മൂലം ഉണ്ടാവുന്നതല്ലെന്നും പെട്രോൾ ചൂടുള്ള എഞ്ചിൻ ഭാഗത്തേക്ക് ഒഴുകിയിറങ്ങുമ്പോൾ സംഭവിക്കുന്നതാണെന്നുമുള്ള വിശദീകരണം അന്ന് പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി.
ഇങ്ങനെയൊക്കെയാണെങ്കിലും, വൻ തീപ്പിടിത്ത സാധ്യതയുള്ള പെട്രോൾ പമ്പ് പോലുള്ള ഒരിടത്ത് മൊബൈൽ ഫോണുകളിലും അപകടകരമായ എന്തെങ്കിലും ഉണ്ടാവാം എന്ന പ്രായോഗിക ചിന്തയുടെ ഫലമായാണ് ഈ നിയന്ത്രണം ഇപ്പോഴും തുടർന്ന് പോരുന്നത്. ഫോൺ ഉപയോഗിക്കുമ്പോഴും നിശ്ചിത അകലം പാലിക്കണമെന്ന സർക്കാർ നിർദേശം പാലിക്കുന്നതാവും ഈ സാഹചര്യത്തിൽ നല്ലത് എന്ന് തോന്നുന്നു.
Sources:
http://news.bbc.co.uk/1/hi/england/kent/4366337.stm
https://www.theguardian.com/uk/2005/mar/20/mobilephones.ameliahill
https://www.mirror.co.uk/news/world-news/you-shouldnt-use-mobile-phone-6285026
https://www.protectyourgadget.com/blog/myths-debunked-using-your-mobile-phone-at-a-petrol-station/
https://economictimes.indiatimes.com/news/economy/policy/government-clears-safety-doubts-on-mobile-phone-use-at-fuel-pumps/articleshow/56129255.cms?from=mdr