പത്തനംതിട്ട: പോലീസ് സേനയിൽ നിർണായക ചുമതലകൾ കയ്യാളാൻ ആർ.എസ്.എസ്. ചായ്വുള്ളവരുടെ ശ്രമമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസ് അസോസിയേഷൻ നേതാക്കൾക്ക് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ആകാനാണ് താൽപര്യമെന്നും കോടിയേരി പറഞ്ഞു. സി.പി.എം. പത്തനംതിട്ട സമ്മേളനത്തിലെ പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹത്തിന്റെ പോലീസ് വിമർശനം.
കേരള പോലീസിനെ കുറിച്ച് സി.പി.ഐ. നേതാവ് ആനി രാജ പറഞ്ഞതിനെ പരോക്ഷമായി അംഗീകരിക്കുന്നതാണ് കോടിയേരിയുടെ പ്രതികരണം. പോലീസിൽ സംഘപരിവാർ സ്വാധീനമുള്ളവർ കൂടുന്നുവെന്നസമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനത്തെ ഉൾക്കൊള്ളുന്നത് കൂടിയാണിത്.
സി.പി.എം. അനുകൂലികളായ പോലീസുകാർക്ക് റൈറ്റർ പോലുള്ള തസ്തികകളിൽ ജോലി ചെയ്യാൻ താൽപര്യമില്ല. പേഴ്സണൽ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടം. പാർട്ടിയിൽ വിഭാഗീയത അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ മാത്രം ചാരിനിൽക്കാമമെന്ന് കരുതരുത്. ചാരിനിൽക്കുന്ന മതിൽ തകർന്നാൽ താഴെ വീഴും. ജില്ലയിലെ മൂന്ന് ഏരിയാ കമ്മിറ്റികളിൽ വിഭാഗീയതയുടെ അവശിഷ്ടങ്ങളുണ്ടെന്ന പാർട്ടി സംഘടനാ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടിയേരിയുടെ പരാമർശം.
അതേസമയം ഒന്നാം പിണറായി സർക്കാരിനെയും ഇപ്പോഴത്തെ സർക്കാരിനെയും താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ കുറിച്ച് ആദ്യം പറഞ്ഞതെല്ലാം മാധ്യമങ്ങൾ പിന്നീട് തിരുത്തിയിട്ടുണ്ട്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് പാർട്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഓരോരുത്തരുടെയും ബൗധികനിലവാരവും പാർട്ടി ബോധവും അനുസരിച്ചാണ് സത്യപ്രതിജ്ഞാരീതിയെന്നാണ് എന്നാണ് ദൈവനാമത്തിലെ സത്യപ്രതിജ്ഞയോടുള്ള കോടിയേരിയുടെ മറുപടി.
content highlights:rss sympathizers in kerala police trying to take over important responsibilities alleges kodiyeri