ഊണിനൊപ്പം അൽപം ബീഫ് കൂടിയുണ്ടെങ്കിൽ ഉഷാർ എന്നു കരുതുന്നവരുണ്ട്. തനിനാടൻ ശൈലിയിൽ ഒരു ബീഫ് റോസ്റ്റ് തയ്‌യാറാക്കിയാലോ?
ചേരുവകൾ
1) ബീഫ് എല്ലോടു കൂടിയത്-1 കിലോ
2) പെരുംജീരകം, ഉലുവ- അരടീസ്പൂൺ വീതം പൊടിച്ചെടുത്തത്
ഗരംമസാല-1 ടീസ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
കുരുമുളകുപൊടി- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
റോസ്റ്റ് ചെയ്‌യാൻ
ചെറിയ ഉള്ളി- 6,8 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- 3 ടീസ്പൂൺ
പച്ചമുളക്, കറിവേപ്പില- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
ആദ്യം നുറുക്കിയ ബീഫ് കഷ്ണങ്ങൾ കഴുകി വെള്ളം വാർത്ത് വെക്കുക. രണ്ടാമത്തെ ചേരുവയിലുള്ള പൊടികളും പാകത്തിന് ഉപ്പും ബീഫ് കഷ്ണങ്ങളിൽ മിക്സ് ചെയ്ത് രണ്ടുമണിക്കൂറോളം മസാല പിടിക്കാൻ വേണ്ടിവെക്കുക. (ഒരു പാത്രത്തിൽ മൂടി ഫ്രിഡ്ജിൽ വെക്കുന്നത് നന്നായിരിക്കും) ശേഷം ഇത് പ്രഷർ കുക്കറിൽ 10 മിനിറ്റ് വേവിക്കുക. ഒരുചട്ടിയിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, ഉള്ളി അരിഞ്ഞത്, കറിവേപ്പില, പച്ചമുളക്, ഇവ നല്ലതുപോലെ വഴറ്റി അതിലേക്ക് വേവിച്ചുവെച്ച ബീഫ് ചേർക്കുക. ഇത് നന്നായി വറ്റിച്ചു വരട്ടി എടുത്ത് അടുപ്പിൽ നിന്ന് വാങ്ങാൻ നേരം കുറച്ചു കുരുമുളകുപൊടി വിതറിയിടുക. നാടൻ ബീഫ് റോസ്റ്റ് റെഡി.
Content Highlights: beef roast kerala style recipe, beef roast nadan style, beef recipes