നാസയും, യൂറോപ്യൻ സ്പേസ് ഏജൻസിയും (ESA) കനേഡിയൻ സ്പേസ് എജൻസിയും സംയുക്തമായി വികസിപ്പിച്ച ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദർശിനി (JWST) ക്രിസ്തുമസ് രാത്രിയിൽ വിക്ഷേപിക്കും. പ്രപഞ്ചത്തിൽ രൂപംകൊണ്ട ആദ്യകാല ഗാലക്സികളെ കണ്ടെത്തുന്നതിനും പഠിക്കുന്നതിനും നമ്മുടെ ക്ഷീരപഥം പോലെയുള്ള ഗാലക്സികൾ എങ്ങനെ ഉണ്ടായി എന്ന് മനസ്സിലാക്കുന്നതിനും ജ്യോതിശാസ്ത്രജ്ഞരെ ജെയിംസ് വെബ് ദൂരദർശിനി സഹായിക്കും.
ഹബ്ബിൾ ദൂരദർശിനിയുടെ 2.4 മീറ്റർ വ്യാസമുള്ള മിററിനേക്കാൾ വലിയ 6.5 മീറ്റർ വ്യാസമുള്ള സ്വർണത്തിൽ നിർമിതമായ ജെയിംസ് വെബ് ദൂരദർശിനിയിലുള്ളത്. വലിയ മിററും, ഇൻഫ്രാറെഡ് നിരീക്ഷണ കഴിവുകളും ജെയിംസ് വെബ് ദൂരദർശിനിയെ കൂടുതൽ മികച്ചതാക്കും. നക്ഷത്രങ്ങളുടെയും ജീവ സാധ്യതയുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റേയും കൂടുതൽ സൂക്ഷ്മമായ നിരീക്ഷണത്തിന് ജെഡബ്ല്യൂഎസ്ടിയ്‍ക്ക് സാധിക്കും.
പ്രതിബന്ധങ്ങൾ തരണം ചെയ്ത് വർഷങ്ങൾ നീണ്ട പ്രയാണം
ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് ഇപ്പോൾ വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്നത്. ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് 2007 ൽ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. 50 കോടി ഡോളറായിരുന്നു അന്ന് ഈ പദ്ധതിയ്‍ക്ക് ബജറ്റ് കണ്ടിരുന്നത്. പിന്നീട് പലവിധ കാരണങ്ങളാൽ ഇത് വൈകുകയായിരുന്നു. ഇപ്പോൾ 2021 ഡിസംബറിൽ വിക്ഷേപിക്കാനൊരുങ്ങുമ്പോൾ പദ്ധതിയുടെ ചിലവ് 10,000 കോടി ഡോളറാണ് കണക്കാക്കുന്നത്. 2005 ൽ ഡിസൈൻ അടിമുടി മാറ്റിയത് ഉൾപ്പടെയുള്ള സാങ്കേതിക വെല്ലുവിളികളും നേരിട്ടു.
വിക്ഷേപണം, വിന്യാസം, പ്രവർത്തനം
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആരിയൻ 5 റോക്കറ്റിലായിരിക്കും ദൂരദർശിനിയുടെ വിക്ഷേപണം. ഫ്രഞ്ച് ഗയാനയിലെ കെയ്റോയിൽ നിന്നാവും വിക്ഷേപണം. വിക്ഷേപണം പൂർത്തിയായാലും ജെയിംസ് വെബ്ബ് ടെലിസ്കോപ്പിനെ നിശ്ചയിച്ച സ്ഥാനത്ത് എത്തിക്കാൻ സങ്കീർണമായ ഘട്ടങ്ങൾ മറികടക്കേണ്ടതായുണ്ട്. ഭൂമിയെ വലം വെച്ചിരുന്ന ഹബ്ബിൾ ടെലിസ്കോപ്പിൽ നിന്ന് വ്യത്യസ്തമായി ഭൂമിയിൽ നിന്നും 15 ലക്ഷം അകലെ സെക്കന്റ് ലാഗ്റേഞ്ച് പോയിന്റിനടുത്ത് (എൽ2) സൂര്യനെ ചുറ്റും വിധമാണ് ജെയിംസ് ദൂരദർശിനിയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഹബ്ബിൾ ദൂരദർശിനിയെ പോലെ ബഹിരാകാശ സഞ്ചാരികൾക്ക് ജെയിംസ് ടെലിസ്കോപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ല.
വിക്ഷേപിച്ച് 30 മിനിറ്റിന് ശേഷം ജെയിംസ് ടെലിസ്കോപ്പ് ആരിയൻ റോക്കറ്റിൽ നിന്ന് വേർപെട്ട് സോളാർ പാനലുകൾ നിവർത്തും. ഇതുവഴി ലഭിക്കുന്ന ഊർജം ഉപയോഗിച്ചാണ് ലാഗ്റേഞ്ച് പോയിന്റിലേക്കുള്ള ദൈർഘ്യമേറിയ സഞ്ചാരം. സോളാർ പാനലുകൾ തുടക്കത്തിൽ പൂർണമായി നിവർത്തില്ല. ശേഷം ഒരാഴ്ച കഴിഞ്ഞാണ് പാനലുകൾ പൂർണമായി നിവർത്തുക. ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദൂരദർശിനിയുടെ 6.5 മീറ്റർ വ്യാസമുള്ള മിറർ തുറക്കുക.
ശേഷം വിക്ഷേപണത്തിന് 30 ദിവസങ്ങൾക്ക് ശേഷം ദൂരദർശിനി ലാഗ്റേഞ്ച് പോയിന്റിലെത്തുകയും ഭ്രമണപഥത്തിൽ നിലയുറപ്പിക്കുന്നതിനുള്ള ജോലികൾ പൂർത്തിയാക്കുകയും ചെയ്‌യും. ഇതിന് ശേഷമാണ് ശാസ്ത്രീയ പഠനങ്ങൾക്കും പരീക്ഷണത്തിനുമുള്ള ഉപകരണങ്ങൾ ഓൺ ചെയ്‌യുക. ആറ് മാസങ്ങൾക്ക് ശേഷമാണ് ശാസ്ത്രീയ നിരീക്ഷണങ്ങൾ നടക്കുക.
നക്ഷത്രങ്ങളുടെയും ബ്ലാക്ക് ഹോളുകളുടേയും ഉത്ഭവം, ഗ്രഹങ്ങളിലെ ജീവസാന്നിധ്യം, ഗാലക്സികൾ ഉൾപ്പടെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാവും ജെയിംസ് വെബ്ബ് ടെലസ്കോപ്പിന്റെ ദൗത്യം.