ദിവസങ്ങൾക്ക് മുൻപ് എൻജെഡിയിൽ നിന്നും പ്രാഥമിക അംഗത്വം രാജിവെച്ച ഷെയ്ക് പി ഹാരിസ് സിപിഎമ്മിലേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എകെജി സെൻ്ററിന് സമീപത്തുള്ള ഫ്ലാറ്റിൽ വെച്ചാണ് ഷെയ്ക് പി ഹാരിസ് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്.
തർക്കം നിലനിൽക്കുന്നതിനിടെ എൽജെഡിയെ കൂടുതൽ പ്രതിസന്ധിയിലാക്കി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി ഹാരിസ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും രാജിവെക്കുന്നതായി ഷെയ്ക് പി ഹാരിസ്, അജയകുമാർ, രാജേഷ് പ്രേം എന്നിവർ വ്യക്തമാക്കുകയായിരുന്നു. രാജിവെച്ചത് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാറിന് നൽകിയതായി ഷെയ്ക് പി ഹാരിസ് നൽകി. നേതൃത്വത്തിനെതിരെ ഷെയ്ക് പി ഹാരിസിനൊപ്പം കടുത്ത നിലപാട് സ്വീകരിച്ച വി സുരേന്ദ്രൻ പിള്ള രാജിവെച്ചിട്ടില്ല.
രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടാനോ സമൂഹത്തിലെ വിഷയത്തിൽ ചർച്ച ചെയ്ത് പ്രതികരിക്കാൻ കഴിയാത്ത രീതിയിൽ ദുർബലമായ പാർട്ടിയിൽ തുടരാൻ താല്പര്യമില്ലെന്ന് ശ്രേയാംസ് കുമാറിന് നൽകിയ കത്തിൽ ഷെയ്ക് പി ഹാരിസ് വ്യക്തമാക്കിയിരുന്നു.
എം വി ശ്രേയാംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷെയ്ക് പി ഹാരിസിൻ്റെയും വി സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിലുള്ള ഒരു വിഭാഗം കഴിഞ്ഞ മാസം രംഗത്തുവന്നിരുന്നു. ഷെയ്ക് പി ഹാരിസും കൂട്ടരും ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും വിമതരാണ് വിഭാഗീയ പ്രവർത്തനം നടത്തുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞിരുന്നു. താൻ രാജിവെക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.