ഒരല്പം ശ്രദ്ധിച്ചാൽ രോഗങ്ങൾ പിടിപെടാതെ സ്വന്തം ശരീരത്തെ സൂക്ഷിക്കാൻ ആർക്കുമാകും. നമ്മുടെ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.
രോഗപ്രതിരോധശേഷിയെ കുറിച്ച് നാം ഏറ്റവുമധികം സംസാരിച്ചത് ഈ കൊവിഡ് കാലത്താണ്. പ്രതിരോധശേഷി കുറഞ്ഞവരെ വൈറസ് വേഗത്തിൽ ആക്രമിക്കുന്നത് നാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നതിനോടൊപ്പം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന കാര്യത്തിന് കൂടി പരിഗണന നൽകേണ്ടതുണ്ട്.
എന്തുകൊണ്ട് ഒരാളുടെ പ്രതിരോധശക്തി കുറയുന്നു?
ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, പോഷകാഹാരക്കുറവ്, വീക്കം, ക്ഷീണം, അനാരോഗ്യപരമായ ശീലങ്ങൾ, വ്യായാമം ചെയ്യാതിരിക്കുന്നത് തുടങ്ങിയ കാരണങ്ങളൊക്കെപ്രതിരോധ ശേഷി കുറയുന്നതിനും ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇതിനുപുറമെ, കാലം മാറിയതോടെ പല ആളുകൾക്കും ഉത്കണ്ഠയും സമ്മർദ്ദ നിലയും കൂടി. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
പോഷകാഹാരത്തിന്റെ അപര്യാപ്തത
എത്രമാത്രം ഭക്ഷണം കഴിക്കുന്നു എന്നതിലല്ല കാര്യം; മറിച്ച് എന്ത് എപ്പോൾ കഴിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. പോഷക ഗുണങ്ങളിലാണ് നാം ശ്രദ്ധ നൽകേണ്ടത്. കുറെയധികം ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് പ്രതിരോധ ശേഷി കൂടില്ല. ഇതിനായി ധാരാളം വിറ്റാമിനുകളും മിനറൽസുമടങ്ങിയ ആഹാര സാധനങ്ങൾ നിശ്ചിത അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണം എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഉദാഹരണത്തിന്, ചെറു മത്സ്യങ്ങൾ ആരോഗ്യപ്രദമാണ്. എന്നാൽ ഇവ ഒരുപാട് എണ്ണയിൽ വറുത്തെടുത്ത് കഴിക്കുന്നത് ദോഷകരമാണ്.
നല്ല പ്രതിരോധശേഷിക്ക് ശ്രദ്ധിക്കേണ്ടത്
ശരീരത്തിന് നല്ല പ്രതിരോധശേഷി ലഭിക്കാനായി ശ്രദ്ധിക്കാൻ ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം, എട്ട് മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കുന്നത്, പോഷകാഹാരം, ദൈനംദിന വ്യായാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ ഏതെങ്കിലും കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ലെങ്കിൽ ഇത് ആരോഗ്യത്തെയും രോഗപ്രതിരോധ സംവിധാനത്തെയും ദോഷകരമായി ബാധിക്കും.
വിറ്റാമിൻ എ, അയഡിൻ എന്നിവ കുറഞ്ഞാൽ
വിറ്റാമിൻ എ, അയഡിൻ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ കുറവ് പ്രതിരോധ ശക്തി മോശമാകും. ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ലോകമെമ്പാടും, രണ്ട് ബില്ല്യണിലധികം ആളുകൾ മൈക്രോ ന്യൂട്രിയന്റ് കുറവ് അനുഭവിക്കുന്നുവെന്നാണ്. വിറ്റാമിൻ എ, അയഡിൻ, ഇരുമ്പിന്റെ കുറവ് എന്നിവ അത്തരം ഉദാഹരണങ്ങളാണ്.
വ്യായാമം വേണം, നിർബന്ധം
വ്യായാമം ചെയ്യാൻ മടി വേണ്ട. പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യ നിലവാരം ഉയർത്തും. മാത്രമല്ല മനസ്സിക ഉത്സാഹത്തെയും ചർമ സൗന്ദര്യത്തെയും വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. എന്നാൽ എല്ലാ വ്യായാമം ചെയ്യേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം വ്യായാമം ചെയ്താൽ മതിയാകും. ഇങ്ങനെ ഇടവേള നൽകുന്നത് വഴി പേശികൾക്ക് വിശ്രമം ലഭിക്കാനും കൃത്യമായി പ്രവർത്തിക്കാനും സാധിക്കും. ശരിയായ വ്യായാമം നിങ്ങളുടെ ജീവിതത്തിന്റെ മുഴുവനായുള്ള വികസനത്തിന് സഹായകമാകും.
ആരോഗ്യ പരിശോധനകൾ മുടക്കേണ്ട
കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുന്നത് നിങ്ങളുടെ ശരീരത്തിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് അറിയാൻ സഹായിക്കും. ശരീരത്തിൽ ഏതെല്ലാം ഘടകങ്ങൾ കുറവാണെന്നും ഏതെല്ലാം കൂടുതലാണെന്നും അറിയാൻ കഴിഞ്ഞാൽ പരിഹാര മാർഗ്ഗങ്ങൾ നേരത്തെ തുടങ്ങാം. ഭക്ഷണശീലത്തിലോ മറ്റോ മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ ഇതനുസരിച്ച് ആകാം. ഇങ്ങനെ ചെയ്യുന്നത് ഭാവിയിൽ വലിയൊരു ചികിത്സ ഒഴിവാക്കാൻ ഉപകാരപ്പെടും. അതിനാൽ പരിശോധനകൾക്കായി ചെലവഴിക്കുന്ന പണം അധിക ചെലവായി കണക്കാക്കേണ്ടതില്ല. അത് നല്ല ആരോഗ്യത്തിനായി ഒരു കരുതൽ മാത്രം എന്ന് മനസിലാക്കുക.