തൃശൂർ:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ കേസ് പിൻവലിച്ചതായി കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻമാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഗവർണർക്കെതിരേ കേസ് കൊടുത്തത് കൂട്ടായ തീരുമാനമാണ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചുവെന്ന് അങ്ങനെ പറഞ്ഞവരോട് തന്നെ ചോദിക്കണം. ആരുമായും ഒരു തരത്തിലുള്ള എതിരഭിപ്രായങ്ങളുമില്ലെന്നും നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ടികെ നാരായണൻ പറഞ്ഞു.
യു.ജി.സി. മാനദണ്ഡപ്രകാരം ഗവർണർക്ക് ചാൻസലർ പദവിക്ക് അർഹതയില്ലെന്നായിരുന്നുവി.സി. ഡോ. ടി.കെ. നാരായണന്റെ നിലപാട്. 2017-ൽ പി.ആർ.ഒ. സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരാൾ, തന്നെ തിരിച്ചെടുക്കണമെന്നു കാണിച്ച് ഗവർണർക്ക് നൽകിയ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. രാജ്ഭവനിൽ ഈ വിഷയത്തിൽ നടത്തിയ സിറ്റിങ്ങിലാണ് ഗവർണർക്ക് ഇതിൽ ഇടപെടാൻ അധികാരമില്ല എന്ന് കലാമണ്ഡലം ലീഗൽഅഡൈ്വസർ വാദിച്ചത്.
കാലിക്കറ്റ് സർവകലാശാലയിലെ മുൻ സംസ്കൃത പ്രൊഫസറും സിൻഡിക്കേറ്റംഗവുമായിരുന്ന ഡോ. നാരായണൻ കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ഇന്ത്യൻ ലോജിക് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights:case against governer has been withdrawn says kalamandalam vc tk narayanan