ഏറെ ബുദ്ധിമുട്ടിയാണെങ്കിലും മറ്റൊരാളെയും ആശ്രയിക്കാതെ ജോലിചെയ്ത് ജീവിക്കുന്ന ആളുകളുടെ വീഡിയോകൾ മിക്കപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഭൂരിഭാഗം വീഡിയോകളും സാമൂഹികമാധ്യമം ഏറ്റെടുക്കുകയും അവർക്ക് സഹായമായും തീരാറുണ്ട്. ഇത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
70 വയസ്സുകാരായ വൃദ്ധ ദമ്പതികൾ നാഗ്പുരിലെ വഴിയരികിൽ പോഹയും ഉരുളക്കിഴങ്ങ് ബോണ്ടയും വിൽക്കുന്ന വീഡിയോ ആണ് വൈറലായത്. നാഗ്പുരിൽനിന്നുള്ള ബ്ലോഗർമാരായ വിവേകും അയേഷയുമാണ് ദമ്പതികളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വീടിന്റെ വാടക കൊടുക്കാൻ നിവൃത്തി ഇല്ലാത്തിനാൽ ഇരുവരും പോഹ വിൽക്കുകയാണെന്ന് വീഡിയോയുടെ ക്യാപ്ഷനിൽ ബ്ലോഗർമാർ വ്യക്തമാക്കി. പോഹയ്ക്ക് പത്ത് രൂപയും ബോണ്ടയ്ക്ക് 15 രൂപയുമാണ് ദമ്പതികൾ ഈടാക്കുന്നത്.
നാലുവർഷം മുമ്പാണ് ഇവർ ഈ ചെറിയ ഭക്ഷണശാല തുടങ്ങിയത്. അതിരാവിലെ എഴുന്നേറ്റ്, എല്ലാ തയ്യാറാക്കി വെളുപ്പിന് അഞ്ചുമണിക്ക് ഇവിടെ എത്തുന്നുവെന്ന് ബ്ലോഗർമാർ ക്യാപ്ഷനിൽ വ്യക്തമാക്കി.
ഒരാഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദമ്പതിമാരുടെ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്. ഏഴുലക്ഷത്തിലധികം ലൈക്കുകളും പതിനായിരക്കണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.
അവരുടെ മുഖത്തെ പുഞ്ചിരി നോക്കൂ. ആരാധനാ സ്ഥലങ്ങളിൽ കൊണ്ടുപോയി കൊടുക്കുന്ന പണം ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നവർക്ക് കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നതായി ഒരാൾ വീഡിയോയ്ക്ക് കമന്റു ചെയ്തു. ഇവരുടെ താരി പോഹ കഴിച്ചിട്ടുണ്ടെന്നും അത് വളരെ രുചിയേറിയതാണെന്നും മറ്റൊരാൾ പറഞ്ഞു.
Content highlights: seventy year old nagpur couple selling poha, moves internet with their story, 1 crore views