സ്വാദുള്ളതും ആരോഗ്യം പ്രദാനം ചെയ്യുന്നതുമായ പഴവർഗ്ഗങ്ങളായ ആപ്പിൾ, സ്ട്രോബെറി, ഓറഞ്ച്, മാതളനാരങ്ങ, വാഴപ്പഴം തുടങ്ങിയവയുടെ ഗുണവശങ്ങൾ ഒന്ന് പരിശോധിച്ചാലോ.
ഓറഞ്ച്
വൈറ്റമിൻ സി ധാരാളം അടങ്ങിയ ഒരു ഫല വർഗ്ഗമാണ് ഓറഞ്ച്. സാധാരണ വലുപ്പമുള്ള ഒരു ഓറഞ്ചിൽ 69.7 മി.ഗ്രാം വൈറ്റമിൻ സി ഉണ്ടത്രേ! ഇതിനു പുറമെ വിറ്റാമിൻ ഡി, വിറ്റാമിൻ എ, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ധാതുക്കൾ, പൊട്ടാസ്യം, പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു എന്ന് മാത്രമല്ല നല്ല കൊളസ്ട്രോൾ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു.
മാതളനാരങ്ങ
വിറ്റാമിൻ സി,എ,ഇ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ കാഴ്ച്ചയിൽ തന്നെ നമ്മെ കൊതിപ്പിക്കാറുണ്ട്. 100 ഗ്രാം മാതള നാരങ്ങായിൽ 0.3 മില്ലി ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് അനീമിയ പോലുള്ള അസുഖങ്ങൾക്ക് നല്ലതാണ്. പ്രായത്തെ ചെറുത്ത് തോൽപ്പിക്കാനും ആയുസ് കൂട്ടാനും കഴിവുള്ളതാണ്. മാതളനാരങ്ങ പതിവായി കഴിക്കുന്നതു രോഗപ്രതിരോധശക്‌തി വർധിപ്പിക്കുകയും ചെയ്യുന്നു .
വാഴപ്പഴം
ഫോളേറ്റുകൾ, പൊട്ടാസിയം തുടങ്ങിയവയാൽ സമ്പുഷ്ടമായ സൂപ്പർ ഫുഡാണ് വാഴപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉതകുന്നതാണ് ഈ പഴം. വളരെ സുലഭമായി കേരളീയർക്ക് ലഭ്യമാണ് മധുരമുള്ള ഈ വാഴപ്പഴം.
ആപ്പിൾ
എല്ലാ ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുന്നുവെന്ന പ്രയോഗം നമ്മൾ എപ്പോഴും കേൾക്കാറുള്ള കാര്യമാണ്. കാറ്റെച്ചിൻ, ക്വെർസെറ്റിൻ ആന്റിഓക്‌സിഡന്റ് സസ്യ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ഹൃദയാഘാതം, പക്ഷാഘാതം, ആസ്ത്മ, ക്യാൻസർ, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുവാൻ ആപ്പിൾ സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ആപ്പിളിൽ കാർബോഹൈഡ്രേറ്റും പഞ്ചസാരയുടെയും അളവ് ഉയർന്നതാണ് പക്ഷെ ഇതിനു ഗ്ലൈസെമിക് സൂചിക കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നില നിർത്തുന്നു. പല്ലുകളുടെ സംരക്ഷണത്തിനും നല്ലതാണ്. ആപ്പിളിൽ ഫ്ലേവനോയ്ഡുകൾ ഉള്ളതിനാൽ ശരീരത്തിലെ വീക്കം നിങ്ങൾക്ക്തടയാൻ കഴിയും. വിശപ്പ് അകറ്റാനും ശരീരഭാരം നിയന്ത്രിക്കാനും
സഹായിക്കുകയും ചെയ്യുന്നു . അത് കൊണ്ട് ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുക.
സ്‌ട്രോബറി
ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്. മാത്രമല്ല കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ട്രോബറി തെളിഞ്ഞ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതാണെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. സ്ട്രോബറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതു കൊണ്ട് തന്നെ ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. നാല് സ്‌ട്രോബെറിയിൽ 51.5 മില്ലീഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദിവസവും വേണ്ട വൈറ്റമിൻ സിയുടെ പകുതിയായി. ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിൽ വൈറ്റമിൻ സി മുഖ്യപങ്കു വഹിക്കുന്നു.
ലെപ്റ്റിൻ, അഡിപോനെക്റ്റിൻ, എന്നീ രണ്ട് പ്രധാന ഹോർമോണുകളുടെ ഉത്പാദനം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് കണ്ടെത്തിയത്. ഫോളിക് ആസിഡ് ധാരാളമായി സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട് . കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്നത് കൊണ്ട്തന്നെ ഗർഭിണികൾക്കും സ്ട്രോബെറി കഴിക്കാവുന്നതാണ്.
വിറ്റാമിൻ അഭാവത്തെ കുറിച്ച് ഇനി ഭയപ്പെടേണ്ട. ഇന്ന് തന്നെ പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്താൻ തുടങ്ങിക്കൊള്ളൂ .ആരോഗ്യ കാര്യമായി ജീവിക്കൂ. കൊറോണയെയും ഒരു പരിധി വരെ രോഗ പ്രതിരോധ ശക്തി കൂട്ടി നമുക്ക് തോല്പിക്കാം.