മഹാപ്രളയത്തിനുശേഷം ഇത്രയും വെള്ളംഒഴുക്കിവിട്ടത് ആദ്യമായി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ. പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയിൽ എട്ടരയോടെ ഒൻപത് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് ഉയർത്തി. 120 സെന്റിമീറ്ററുകൾവീതം ഉയർത്തിയ ഷട്ടറുകൾവഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിട്ടത്.
2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളംപെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടിൽനിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തിൽ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാർ തീരത്തെ വള്ളക്കടവ്, വികാസ്നഗർ, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളിൽ വെള്ളം കയറി.
എന്നാൽ, രാത്രി പത്തോടെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് അടച്ചു. തുടർന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി. രാത്രി ഒൻപതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തി സ്ഥതിഗതികൾ വിലയിരുത്തി. രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്നാട് അടച്ചു.പിന്നാലെ വീടുകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.
മേൽനോട്ടസമിതിയെ പ്രതിഷേധം അറിയിച്ചു-മന്ത്രി റോഷി
വള്ളക്കടവ്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് വീണ്ടും വീണ്ടും രാത്രിയിൽ വെള്ളം തുറന്നുവിടുകയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഇത് വേദനാജനകമാണ്. പകൽ തുറന്നുവിടാൻ സൗകര്യമുണ്ടായിട്ടും രാത്രിയിൽ വൻതോതിൽ വെള്ളം തുറന്നുവിടുകയാണ്. ഇത് ജനാധിപത്യ നടപടികൾക്ക് വിരുദ്ധമാണ്. എല്ലായിടത്തും അറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. രാത്രി ഒൻപതേമുക്കാലോടെയാണ് മന്ത്രി വള്ളക്കടവിലെത്തിയത്.
നെടുങ്കണ്ടം: രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാട് തുറക്കുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേൽനോട്ടസമിതിയെ അറിയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയെ വിവരം അറിയിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നെടുങ്കണ്ടത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിന്റെ പ്രതിഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എൻജിനീയറെയും അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് കൂടാതെ അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
തമിഴ്നാടിനെ വിമർശിച്ച് എം.എം.മണി
രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്ന തമിഴ്നാടിന്റെ നടപടിയെ എം.എം.മണി എം.എൽ.എ.വിമർശിച്ചു. തമിഴ്നാട് കാട്ടുന്നത് ശുദ്ധ മര്യാദകേടാണെന്ന് എം.എം.മണി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും മൻമോഹൻസിങ്ങിന്റെയും കാലത്തായിരുന്നു കോൺഗ്രസ് നേതാക്കന്മാർ മുല്ലപ്പെരിയാർ വിഷയത്തിൽ സമരം ചെയ്യേണ്ടിയിരുന്നത്. വിഷയത്തെ കൊട്ടയിലും മറ്റൊന്നിലും കൊള്ളാത്ത പരുവത്തിലാക്കിയത് അവരാണ്. ഡീൻ കുര്യാക്കോസും വി.ഡി.സതീശനും ഇപ്പോൾ സമരപാതയിലാണ്. എന്നാൽ, കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രത്തിൽ ഇവരാരും വേണ്ടത്ര സമ്മർദം ചെലുത്തിയിരുന്നില്ല. വിഷയം വഷളാക്കിയത് കോൺഗ്രസ് സർക്കാരുകളാണെന്നും എം.എം.മണി ആരോപിച്ചു.
തിങ്കളാഴ്ച പുലർച്ചെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് ഒൻപത് ഷട്ടറുകൾ ഉയർത്തിയതോടെ വണ്ടിപ്പെരിയാറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയിരുന്നു. രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു. എന്നിട്ടും യാതൊരു പരിഗണനയും തമിഴ്നാട് നൽകുന്നില്ലെന്നതിന്റെ തെളിവാണ് തുടർച്ചയായി പുലർച്ചെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിലൂടെ വ്യക്തമാകുന്നത്. വണ്ടിപ്പെരിയാർ മേഖലയിൽ തമിഴ്നാടിന്റെ രാത്രികാല സ്പിൽവേ ഷട്ടർ ഉയർത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.
മുന്നറിയിപ്പ് വീണ്ടും വൈകി, ആളുകളെ മാറ്റാൻ നെട്ടോട്ടം
പെരിയാർ തീരത്തോടുചേർന്ന് കിടക്കുന്നവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയേറെ വെള്ളം തുറന്നുവിടുമെന്ന വിവരം വളരെ വൈകിയാണ് തമിഴ്നാട്, ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. റവന്യൂ അധികൃതരും പഞ്ചായത്തും അതിനാൽ വിവരമറിയാൻ വൈകി. അതിനാൽതന്നെ തീരവാസികളെ മാറ്റിപ്പാർപ്പിക്കാൻ അധികം സമയം ലഭിച്ചില്ല.ഇത് പ്രതിഷേധത്തിന് ഇടയാക്കി.