ഇന്ത്യക്കാരായ ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് പാനീ പൂരി. പല സംസ്ഥാനങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്ന ഈ ചാട്ട് വിഭവത്തിന് ആരാധകർ ഏറെയുണ്ട്. അടുത്തിടെ പാനീ പൂരി വെൻഡിങ് മെഷീൻ കണ്ടുപിടിച്ച ഡൽഹി സ്വദേശിയുടെ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു.
ഇപ്പോൾ ഒരു വ്യത്യസ്തമായ പാനീ പൂരി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള സ്ട്രീറ്റ്ഫുഡ് വിൽപ്പനക്കാരനാണ് ഈ വ്യത്യസ്ത പാനീ പൂരി അവതരിപ്പിച്ചിരിക്കുന്നത്. കൃപാലി പട്ടേൽ എന്ന ഫുഡ് വ്ളോഗറാണ് ഈ സ്ട്രീറ്റ് ഫുഡ് വിൽപ്പനക്കാരനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
പൂരിയ്ക്കുള്ളിൽ സ്റ്റഫിങ് നിറച്ച ശേഷം അതിനു മുകളിൽ തീ പിടിപ്പിച്ച് കൃപാലിയുടെ വായിലേക്ക് ഇടുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ഏകദേശം 13,000-ൽ പരം ആളുകളാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് ഒട്ടേറെപ്പേർ കൗതുകത്തോടൊപ്പം ആശങ്കയും കമന്റായി പ്രകടിപ്പിക്കുന്നുണ്ട്.
Content highlights: pani puri maker from ahmedabad flame pani puri food vlogger