ചായ എന്നാൽ
കടുപ്പമുള്ള ചായ, കട്ടൻചായ, പാൽ ചായ, വെള്ളച്ചായ, ലൈറ്റ് ചായ, പതപ്പിച്ച ചായ, മസാല ചായ, ഹെർബൽ തുടങ്ങി നിരവധി ചായകൾ പ്രചാരത്തിലുണ്ട്. പ്രകൃതി ദത്ത ചായകൾക്ക് ഗുണങ്ങൾ ഏറെയാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുക, കോശങ്ങളെ കേടുപാടുകളിൽ നിന്ന് രക്ഷിക്കുക, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആരോഗ്യഗുണങ്ങൾ പ്രകൃതദത്തമായതും ഗുണമേന്മയുള്ളതുമായ ചായ ഉപയോഗിക്കുന്നത് മൂലം സ്വായത്തമാക്കാം. അപ്രകാരമുള്ള ചായകൾ പതിവായി കുടിക്കുന്നത് വഴി അമിത ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കുറയുക മാത്രമല്ല ആരോഗ്യവും ലഭിക്കുന്നു.
ഏതൊരാൾക്കും പരീക്ഷിക്കാവുന്ന ഗുണങ്ങളേറെയുള്ള ചായകൾ നമുക്ക് പരിചയപ്പെടാം.
ഹെർബൽ ചായ
ഹെർബൽ ചായ വിവിധ സസ്യങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ഒറ്റമൂലിയാണ് ഹെർബൽ ചായ. പല തരത്തിലുള്ള ഹെർബൽ ചായകൾ പതിവാക്കുന്നത് ശരീരത്തിൻറെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധ ശക്തി നൽകുന്നതിനും ഉതകുന്നവയാണ്.
ഗ്രീൻ ടീ
തേയില ഇലകൾ ഓക്സിഡൈസ് ചെയ്യാൻ അനുവദിക്കാതെ ആവിയിൽ ഉണക്കിയാണ് ഗ്രീൻ ടീ ഉണ്ടാക്കുന്നത്. ആന്റി ഓക്സിഡന്റുകൾ, കാറ്റെച്ചിനുകൾ, എൽ-തിനൈൻ എന്നറിയപ്പെടുന്ന അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ചായ. കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് മാനസിക ഉന്മേഷവും പ്രദാനം ചെയ്യുന്നു. ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പ്രകൃതിദത്ത ചായയാണ് ഗ്രീൻ ടീ. കഫീൻ ആഗിരണം കുറവാണ് ഗ്രീൻ ടീ യിൽ. ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഭാരം കുറക്കാനും ഏറ്റവും നല്ലതാണ് ഗ്രീൻ ടീ. ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുന്നതിന് സഹായിക്കും. ഗ്രീൻ ടീ ഇലകൾ ചൂടുവെള്ളത്തിൽ ചേർത്ത് 5-10 മിനിറ്റ് നന്നായി തിളപ്പിക്കുക. അതിനു ശേഷം അരിച്ചെടുക്കുക. വേണമെങ്കിൽ അൽപം തേൻ ചേർത്ത് ഈ ചായ കുടിക്കാവുന്നതാണ്.
അശ്വഗന്ധ ചായ
അശ്വഗന്ധ നൂറ്റാണ്ടുകളായി പ്രചാരത്തിൽ ഇരിക്കുന്ന ഒരു ഔഷധമാണ്. സമ്മർദ്ദം കുറക്കാൻ ഏറ്റവും നല്ല മരുന്നാണിത്. ഹോർമോൺ വ്യതിയാനങ്ങൾ കുറക്കാനും അമിത വണ്ണം, ഡിപ്രെഷൻ, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കാനും ഉത്തമമാണിത്. കുറച്ചു വെള്ളത്തിൽ അശ്വഗന്ധ പൗഡർ അല്ലെങ്കിൽ വേര് ഇട്ട് ഒരു പത്തു പതിനഞ്ചു മിനുട്ട് തിളപ്പിക്കുക. അരിച്ചെടുത്തു കുറച്ചു ചെറു നാരങ്ങയോ തേനോ ചേർത്ത് കുടിക്കാം.നിങ്ങൾ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജങ്ക് ഫുഡൊക്കെ കൂടുതൽ കഴിക്കുന്ന ശീലമുള്ളവരാണ് എങ്കിൽ അശ്വഗന്ധ ടീ യൊക്കെ ഇടയ്ക്കു കുടിച്ചാൽ നല്ലതാണ്. ടോക്സിൻ ലെവൽ ഒക്കെ കുറക്കാൻ ഇത് സഹായിക്കുന്നു.
ലാവെണ്ടർ ചായ
ആൻറിക്വാൾസന്റ്, ആൻസിയോലൈറ്റിക് ഗുണങ്ങൾ ധാരാളം അടങ്ങിയതിനാൽ ഉൽക്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനും അസ്വസ്ഥതകൾ കുറയ്ക്കാനും ക്ഷീണമകറ്റാനും ഈ ചായ ഏറ്റവും നല്ലതാണ് എന്ന് പറയാം. രുചിയും മണവും നമ്മുടെ മനസ്സിന് ശാന്തത നൽകുന്നതാണ് . ലാവണ്ടർ ടീ ബാഗ് തിളപ്പിച്ച വെള്ളത്തിൽ ചേർത്ത് 10 മിനിറ്റ് ചൂടാക്കിയ ശേഷം ഈ ചായ കഴിക്കാം.
തുളസി ചായ
തുളസി നമ്മുടെ നാട്ടിൽ സുലഭമായി കാണാറുള്ള ഒരു ദിവ്യ ഔഷധമാണ് എന്ന് നമുക്കറിയാം. തുളസി ചായയ്ക്ക് ഉത്കണഠ നിയന്ത്രിക്കാൻ സാധിക്കും എന്ന് അറിയാമോ? മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ ഹോർമോണുകളെ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. തുളസി ഇലകൾ 5-10 മിനിറ്റ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കുക. ഊറ്റിയെടുത്തു ചായ തയ്യാറാക്കാം. തുളസിക്ക് പൊതുവെ പാർശ്വ ഫലങ്ങൾ ഇല്ലാത്തതാണ്.
റോസ് ചായ
ഇത് ഒരു ഹെർബൽ ചായയാണ്. ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിൽ നിന്നും വിഷ വസ്തുക്കളെ പുറന്തള്ളാനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും എല്ലാം ഒരുപോലെ നല്ലതാണ് ഈ ചായ. റോസ് ദളങ്ങൾ ഉണക്കി പൊടിച്ചെടുത്ത ശേഷം വെള്ളത്തിൽ ഇട്ടു പത്തു പതിനഞ്ചു മിനിട്ടു തിളപ്പിച്ച ശേഷം കുറച്ചു തേൻ ചേർത്ത് കുടിക്കാം.