തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇനി വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസിന്റെ ഇൻട്രൊഡക്ടറി ഓഫറിലാണ് പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനാവുക. ഡിസംബർ ആറ് മുതൽ 2022 ജനുവരി 15 വരെ സർക്കുലർ സർവ്വീസിൽ 10 രൂപ ടിക്കറ്റിൽ നഗരത്തിൽ ഒരു സർക്കിളിൽ യാത്ര ചെയ്യാം.
തിരുവനന്തപുരം നഗരത്തിൽ എവിടെ നിന്നും കയറി ഒരു ബസിൽ, ഒരു ട്രിപ്പിൽ എവിടെയും ഇറങ്ങുന്നതിനോ, ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസനോട് അനുബന്ധിച്ചാണ് സർക്കുലർ യാത്രക്ക് 10 രൂപ മാത്രംഈടാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയതിനെ തുടർന്നാണ് തീരുമാനം.
നേരത്തെ മിനിമം ചാർജ് 10 രൂപയിൽ തുടങ്ങി 30 വരെയായിരുന്നു ഒരു സർക്കുലർ ടിക്കറ്റ് ചാർജ്. എന്നാൽ പദ്ധതി നഗര വാസികൾക്ക് പരിചയപ്പെടുത്തുന്നതിനും ക്രിസ്മസ്- പുതുവത്സര- ശബരിമല സീസനോട് അനുന്ധിച്ച് കൂടുൽ പേരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ സർക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതൽ 24 മണിക്കൂർ സമയം യാത്ര ചെയ്യാവുന്ന ഗുഡ് ഡേ ടിക്കറ്റ് തുടരുകയും ചെയ്യും.
തലസ്ഥാനത്തെ വ്യാവസായിക- സാംസ്കാരിക പ്രമുഖർ സിറ്റി സർക്കുലറിൽ യാത്ര ചെയ്തു
വിദേശ രാജ്യങ്ങളിലെ പ്രധാന പട്ടണങ്ങളിൽ മാത്രം യാത്ര ചെയ്തിരുന്ന സർക്കുലർ സർവ്വീസിൽ തിരുവനന്തപുരം നഗരത്തിൽ യാത്ര ചെയ്തതിന്റെ സന്തോഷത്തിലാണ് നഗരത്തിലെ വ്യാവസായിക- സാംസ്കാരിക പ്രമുഖകർ. ബിസിനസ് ആവശ്യങ്ങൾക്കും , സിനിമാ ചിത്രീതകരണത്തിനുമൊക്കെയായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടത്തെ പബ്ലിക് യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്ന ചേമ്പർ ഓഫ് കോമേഴ്സ് ചെയർമാൻ എസ്.എൻ .രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്, നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജും, ടൂറിസം രംഗത്തെ പ്രമുഖൻ ഇ.എം. നജീബ്, ആർക്കിടെക് എൻ. മഹേഷ്, ടിഎടിഎഫ് സെക്രട്ടരി കെ. ശ്രീകാന്ത്, ബേബി മാത്യു മുളമൂട്ടിൽ ഫിനാൻസ്, മുത്തൂറ്റ് ജോണി എന്നിവരോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഫിനാൻസ് ആർ.കെ. സിംഗ് ഐഎഎസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഗതാഗത സെക്രട്ടറിയും, കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് എന്നിവരോടൊപ്പം സിറ്റി സർക്കുലർ സർവ്വീസിൽ യാത്ര ചെയ്തത് പ്രത്യേക അനുഭവമായി. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ചേമ്പർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ഇവർ കനകക്കുന്നിന് മുന്നിൽ നിന്നും ബസിന് കൈകാണിച്ച് യാത്ര ചെയ്തത്. ബസിൽ കയറിയ എല്ലാവരും 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുക്കുയും ചെയ്തു. തുടർന്ന് നഗരം ചുറ്റിക്കണ്ടു.
തിരുവനന്തപുരം നഗരത്തിനാണ് ഇത്തരം ഒരു സർവ്വീസ് അത്യാവശ്യമമെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. സർക്കാർ ജീവനക്കാർ കൂടുതൽ എത്തുന്ന ഇവിടെ ജീവനക്കാർക്കും, ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്കും കൂടുതൽ പ്രയോജനകരമാകും. കെഎസ്ആർടിസി വികസനത്തിന്റെ പാതയിലാണ്. ഇനി മുതൽ ബസുകൾ കട്ടപ്പുറത്തിറക്കാതെ കറങ്ങിക്കൊണ്ടേയിരിക്കുമെന്നും മെട്രോ ഇല്ലാത്ത തലസ്ഥാന നഗരത്തിന്റെ മെട്രോ സർവ്വീസാണ് ഇതെന്നും രാജു പറഞ്ഞു.
ലോകത്തെ പ്രധാന സിറ്റികളിൽ എല്ലാം ഇത്തരം സർവ്വീസ് ഉണ്ടെന്നും ഇത് നഗരത്തിന് പുറത്തോട്ടും വ്യാപിപ്പിക്കുമെന്നും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് പറഞ്ഞു. നഗരത്തിലെത്തുന്ന ഏവർക്കും സീസൺ ടിക്കറ്റുകളും, മന്തിലി ടിക്കറ്റുകളും ഉപയോഗിച്ച് ഇതിൽ യാത്ര ചെയ്യാവുന്ന പദ്ധതികൾ ഉൾപ്പെടെ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും സിഎംഡി അറിയിച്ചു.