രോഗാണുക്കളിൽ നിന്ന് കൈകളെ സംരക്ഷിക്കുന്നതിനൊപ്പം കൈകളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്ന ഹാൻഡ് വാഷുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നതാണ് . ഈ സമയത്തു പൊതുവെ ചർമ്മം വരണ്ടതാകാറുണ്ട്. അത് കൊണ്ട് ചർമ്മത്തെ മോയ്സചറൈസ് ചെയ്യുന്നതും അതേ സമയം രോഗാണുക്കളിൽ നിന്നും സംരക്ഷണം നൽകുന്നതുമായ ഹാൻഡ്‌വാഷുകളാണ് ഉപയോഗിക്കേണ്ടത്.
നല്ല ഒരു ഹാൻഡ് വാഷ് എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നമുക്ക് നോക്കാം.
രോഗാണുക്കളിൽ നിന്നും സംരക്ഷണം തരുന്നത്
ഹാൻഡ് വാഷുകൾക്കു നമ്മുടെ കൈകളിൽ നിന്ന് എല്ലാ അഴുക്കും പൊടിയും നീക്കം ചെയ്യാൻ ഉതകുന്നവ മാത്രമല്ല രോഗാണുക്കളെ നശിപ്പിക്കുന്നവയുമായിരിക്കണം. വൃത്തിഹീനമായ കൈകൾ ഉപയോഗിച്ചിട്ടു കണ്ണ്, മൂക്ക്, വായ എന്നിവ തൊടരുത്. പുറം സ്ഥലങ്ങളിൽ തൊട്ടാൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ കഴുകുക. ഉപയോഗിച്ച് കൈ കഴുകുമ്പോൾ കൈയിലെ അണുക്കൾ നശിക്കുന്നു.അതുവഴി കൊറോണ പോലുള്ള അസുഖങ്ങളെ തടയാൻ കഴിയും.എപ്പോഴും ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഹാൻഡ് വാഷുകൾ തെരഞ്ഞെടുക്കുക.
ചർമ്മത്തിന് പോഷണം നൽകുന്നത്
മഞ്ഞുകാലത്തു പൊതുവെ ചർമ്മം വരണ്ടതാകാറുണ്ട്. ചർമ്മത്തിലെ ജലാംശം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്.അതുകൊണ്ട് തന്നെ മോയിചറൈസിംഗ് ഗുണങ്ങൾ ഉള്ളതാവണം ഹാൻഡ് വാഷുകൾ.
ഒരു നല്ല ഹാൻഡ് വാഷ് കൈകളെ മൃദുലവും ഈർപ്പമുള്ളതുമാക്കി മാറ്റുന്നു. ചില പ്രകൃതിദത്ത ചേരുവകളുടെ സാന്നിധ്യം ഹാൻഡ് വാഷിന് ഇത്തരം ഗുണങ്ങൾ കൊടുക്കുന്നു . കൈകൾ വൃത്തിയാക്കുന്നതോടൊപ്പം അവയെ പരിപോഷിപ്പിക്കുകയും മൃദുലമാക്കുകയും ചെയ്യുന്ന ജലാംശമുള്ള ഒരു ഹാൻഡ് വാഷ് തിരഞ്ഞെടുക്കുക.
സുഗന്ധമുള്ള ഹാൻഡ്‌വാഷുകൾ
നല്ല സുഗന്ധം നമ്മുടെ മാനസികാവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുനമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള സുഗന്ധമുള്ള ഹാൻഡ് വാഷുകൾ തിരഞ്ഞെടുക്കാം. പുഷ്പങ്ങളുടെ സുഗന്ധം, പഴങ്ങളുടെ സുഗന്ധം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് വാഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നല്ല സുഗന്ധം നമ്മളിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാക്കാനും സഹായിക്കുന്നു. ഒപ്പം മടുക്കുകയുമില്ല.
ഫലപ്രദമായി കൈ കഴുകാനുള്ള മാർഗങ്ങൾ
കൊവിഡ് വ്യാപിച്ചതോടെ കൈകൾ കഴുകുന്നതിനെ കുറിച്ച് നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.
ആദ്യം ഉള്ളംകൈ രണ്ടും ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക. അത് കഴിഞ്ഞു പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക. കൈവിരലുകൾ, നഖങ്ങൾ, വിരലുകളുടെ പുറക് വശം എന്നിവ തേയ്ക്കുക. കൈക്കുഴയും നന്നായി ഹാൻഡ്‌വാഷ് കൊണ്ട് ഉരയ്ക്കണം. പിന്നീട് നന്നായി വെള്ളം ഒഴിച്ച് കൈ കഴുകി കൈ ഉണക്കുക.
മോയിസ്ചറൈസർ മറക്കരുത്
ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകി കഴിഞ്ഞ ശേഷം ഒരു നല്ല മോയിസ്ചറൈസർ പുരട്ടുക . കാരണം ഹാൻഡ് വാഷ് കൊണ്ട് കഴുകുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുന്നു. പിന്നീട് അവയിൽ ചളിയും അഴുക്കും അടിഞ്ഞു കൂടിയെന്ന് വരാം. ഇത് പിന്നീട് ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് നമ്മുടെ കൈകൾ. അതുകൊണ്ട് തന്നെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കേണ്ടതും പോഷണങ്ങൾ കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതും നമ്മുടെ കടമയാണ്. അടുത്ത പ്രാവശ്യം മുകളിൽ വിവരിച്ച കാര്യങ്ങൾ മനസ്സിൽ വച്ച് നല്ല ഹാൻഡ് വാഷുകൾ വാങ്ങുക.