കോഴിക്കോട് > എറണാകുളത്തുനിന്ന് സിഎൻജി സിലിണ്ടറുകളുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. രാമനാട്ടുകര ബൈപ്പാസിൽ പൂളാടിക്കുന്നിനടുത്തുവെച്ചാണ് നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചത്. വാതകച്ചോർച്ചയുണ്ടാകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. എന്നാൽ, മണിക്കൂറുകളോളം ബൈപ്പാസിൽ ഗതാഗത തടസമുണ്ടായി.
ശനി രാവിലെ ഒമ്പതോടെയാണ് അപകടം. ടയർ പഞ്ചറായി റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ വാതകം നിറച്ചെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഉള്ള്യേരിയിലെ പമ്പിൽ നിറയ്ക്കാനുള്ള 40 സിലിണ്ടർ സിഎൻജിയുമായാണ് ലോറി എത്തിയത്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ ലോറിയിലേക്ക് കയറിപ്പോയ ലോറി ക്രെയിനുപയോഗിച്ചാണ് ഉയർത്തി മാറ്റിയത്.
അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർമാരായ കക്കോടി സ്വദേശികൾ ശോഭാനന്ദ്, ഹരീഷ് എന്നിവരെ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാതകച്ചോർച്ചയുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഉയർത്തിമാറ്റിയ ലോറിയിൽ നിന്നുള്ള സിലിണ്ടറുകൾ ചേമഞ്ചേരിയിൽ ദേശീയപാതയ്ക്കരികിലുള്ള പമ്പിലേക്ക് മാറ്റി. ലോറി മാറ്റിയശേഷമാണ് ബൈപ്പാസിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.