എല്ലാ സ്ത്രീകളിലും രണ്ട് ഓവറികളുണ്ട്, ഓരോ മാസങ്ങളിലും ഇവ ഓരോന്നിൽ നിന്നുമാണ് അണ്ഡം ഉദ്പാദിപ്പിക്കപ്പെടുന്നത്. പ്രത്യുദ്പാദനം, ആർത്തവം തുടങ്ങിയവ നടക്കുന്നതിനുള്ള ഹോർമോണുകൾ പുറപ്പെടുവിക്കുന്നതും ഓവറികളാണ്. കൂടാതെ പുരുഷ ഹോർമോൺ ആയ ആൻഡ്രജൻ ഉദ്പാദിപ്പിക്കുന്നതും ഇവിടെയാണ്.
എന്താണ് പി.സി.ഒ.ഡി?
അണ്ഡാശയത്തിൽ പ്രായപൂർത്തിയാകാത്തതോ ഭാഗികമായി മാത്രം പ്രായപൂർത്തിയായതോ ആയ അണ്ഡം രൂപപ്പെടുകയും ഇവ പിന്നീട് ഗർഭാശയത്തിൽ സിസ്റ്റുകളായി രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പി.സി.ഒ.ഡി. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത്, മാനസിക സമ്മർദ്ദം, അമിതവണ്ണം, ഹോർമോൺ തകരാറുകൾ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. പി.സി.ഒ.ഡി ബാധിക്കുന്നവരിൽ അണ്ഡാശയങ്ങൾവലുതാവുകയും വലിയ അളവിൽ ആൻഡ്രജൻ ഉദ്പാദിപ്പിക്കുകയും ചെയ്യും. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ക്ഷമതയും ആരോഗ്യവും ഇല്ലാതാക്കാൻ കാരണമാകും.
ലക്ഷണങ്ങൾ: ക്രമരഹിതമായ ആർത്തവം, വയർ ഭാരം കൂടുന്നതായി അനുഭവപ്പെടുക, വന്ധ്യത, പുരുഷന്മാരുടെതിന് സമാനമായ മുടികൊഴിച്ചിൽ.
എന്താണ് പി.സി.ഒ.എസ്?
പി.സി.ഒ.ഡിയേക്കാൾ തീവ്രമായ അവസ്ഥയാണ് പി.സി.ഒ.എസ്. ഈ അവസ്ഥയിൽ അണ്ഡാശയത്തിൽ പുരുഷ ഹോർമോൺ അമിതമായ അളവിൽ ഉദ്പാദിപ്പിക്കപ്പെടുന്നു. ഇത് ഓരോ മാസവും പത്തിലധികം ഫോളികുലാർ സിസ്റ്റുകൾ അണ്ഡാശയത്തിൽ രൂപപ്പെടാൻ കാരണമാകും. ഇത് ഒവുലേഷൻ നടക്കാതിരിക്കാൻ കാരണമാകും.
ലക്ഷണങ്ങൾ: മുടികൊഴിച്ചിൽ, പൊണ്ണത്തടി, വന്ധ്യത
പി.സി.ഒ.എസ് Vs പി.സി.ഒ.ഡി – വ്യത്യാസങ്ങൾ ഇങ്ങനെ:
പി.സി.ഒ.എസ് ഗുരുതരമായ അവസ്ഥ: കൃത്യമായ ഭക്ഷണക്രമം, വ്യായാമം എന്നിവ കൊണ്ട് പി.സി.ഒ.ഡി ഭേദപ്പെടുത്താൻ സാധിക്കും, അതിനാൽ തന്നെ ഇതൊരു രോഗമായി കണക്കാക്കേണ്ടതില്ല. എന്നാൽ പി.സി.ഒ.എസ് ഒരു മെറ്റബോളിക് ഡിസോർഡർ ആണ്.
പി.സി.ഒ.ഡി. സാധാരണമാണ്: ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും പി.സി.ഒ.ഡി അനുഭവിക്കുന്നുണ്ട്. എന്നാൽ പി.സി.ഒ.എസ്. അനുഭവിക്കുന്നവരുടെ എണ്ണം കുറവാണ്.
പി.സി.ഒ.എസ്. ബാധിച്ചവരിൽ സങ്കീർണമായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും: പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, എൻഡോമെട്രിയൽക്യാൻസർ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
പി.സി.ഒ.എസ്. ആദ്യഘട്ടത്തിൽ തന്നെ കണ്ടുതുടങ്ങും: പെൺകുട്ടികളിൽ കൗമാര പ്രായം മുതൽ തന്നെ രോഗലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. മുഖക്കുരു, അമിത രോമവളർച്ച, ശരീരഭാരം നിയന്ത്രണാതീതമായി വർധിക്കുക തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം.
പി.സി.ഒ.ഡി. ഗർഭധാരണത്തെ പൂർണമായി ബാധിക്കില്ല: ഇവരിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അത് ഗുരുതരമായ അവസ്ഥയിലേക്ക് പോകാറില്ല. ചില ചികിത്സകൾ ഉറപ്പാക്കിയാൽ ഗർഭധാരണവും പ്രസവവും സുഖകരമായി നടക്കും. എന്നാൽ പി.സി.ഒ.എസ്. ബാധിച്ച സ്ത്രീകൾ വന്ധ്യത അനുഭവിക്കാറുണ്ട്. ഗർഭധാരണം നടന്നാൽ പോലും ഗർഭച്ചിദ്രത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പി.സി.ഒ.ഡി അണ്ഡോദ്പാദനം തടയുന്നില്ല: പി.സി.ഒ.ഡി ബാധിച്ചവരിൽ പി.സി.ഒ.എസിന് സമാനമായ പല ലക്ഷണങ്ങളും കണ്ടേക്കാം. എന്നാൽ ഗർഭധാരണം നടക്കാൻ ആവശ്യമായ തരത്തിൽ അണ്ഡോദ്പാദനം നടക്കും. അതേസമയം പി.സി.ഒ.എസ്. ബാധിച്ചവരിൽ അണ്ഡോദ്പാദനം പൂർണമായും തടസപ്പെടും. അതുകൊണ്ട് തന്നെ ഗർഭധാരണം സാധ്യമാകില്ല.
പരിഹാരം:
രണ്ട് സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും ഒരു പരിധി വരെ സമാനമാണ്. അതിനാൽ പി.സി.ഒ.ഡി ബാധിച്ചവരും പി.സി.ഒ.എസ് അനുഭവിക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചികിത്സയോടൊപ്പം ഇത് കൂടി ശ്രദ്ധിക്കുന്നത് വേഗത്തിൽ പരിഹാരം നൽകും. അതിനായി ഇക്കാര്യങ്ങൾ ചെയ്യാം:
അമിതവണ്ണം കുറയ്ക്കാനായി ശ്രദ്ധിക്കുക
ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക
ജങ്ക് ഫുഡ്, പ്രോസസ്സ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക
പതിവായി 45 മിനിറ്റ് വ്യായാമം ശീലമാക്കുക