തൃശ്ശൂർ: കുറ്റകൃത്യങ്ങളുടെ വിവരങ്ങൾക്കായി പോലീസ് ആശ്രയിക്കുന്ന ക്രൈം ട്രാക്ക് സോഫ്റ്റ്വേറിൽ ഇപ്പോൾ വിചാരണവിവരങ്ങളും. തൃശ്ശൂർ സിറ്റി പോലീസിലെ ഉദ്യോഗസ്ഥരാണ് സംവിധാനം വികസിപ്പിച്ചത്. കുറ്റകൃത്യങ്ങളുടെ കണക്കുകൾ കൃത്യതയോടെ ലഭിക്കുന്നെന്ന് പ്രശംസ പിടിച്ചുപറ്റിയ സോഫ്റ്റ്വേർ ആണിത്. കേസുകളുടെ വിചാരണസമയത്ത് കൂടുതൽ സൂക്ഷ്മത പുലർത്താനാണ് കോർട്ട് ട്രയൽ മോണിറ്ററിങ് സിസ്റ്റം കൂടി ഇതിനോട് കൂട്ടിച്ചേർത്തത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ സമയത്തിന് ചെയ്തുകൊടുക്കാൻ ഇതിലൂടെ കഴിയുന്നു. കേസിന്റെ അടുത്ത സിറ്റിങ് വരെ ഇതിലൂടെ അറിയാം. സാക്ഷികൾ ഹാജരാകുന്നുവെന്നുറപ്പിക്കാനും രേഖകൾ ആവശ്യമായത് നൽകിയെന്നുറപ്പിക്കാനുമാകും.
കുറ്റകൃത്യങ്ങളുടെ കണക്കുകണ്ടെത്തൽ, സമാനസ്വഭാവമുള്ള കേസുകൾ പരിശോധിക്കൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മോഷണം പോയ വാഹനങ്ങൾ കണ്ടെത്തൽ, കാണാതായവരെ കണ്ടെത്തൽ, അജ്ഞാതമൃതദേഹം തിരിച്ചറിയൽ തുടങ്ങി പോലീസിന്റെ സർവജോലികളിലും സഹായിക്കുന്നതാണ് ഈ സോഫ്റ്റ്വേർ. ഓപ്ഷനുകൾ കൂട്ടിച്ചേർത്തുകൊണ്ട് ഈ സോഫ്റ്റ്വേർ പുതുക്കിക്കൊണ്ടിരിക്കുകയാണ്.
2012-ൽ തൃശ്ശൂരിലാണ് ഈ സോഫ്റ്റ്വേറിന് തുടക്കംകുറിച്ചത്. ജില്ലയിലെ അപകടങ്ങളുടെ കണക്കെടുക്കാൻ അനുഭവപ്പെട്ട ബുദ്ധിമുട്ടാണ് അത്തരം ഒരു സോഫ്റ്റ്വേറിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. ഓരോ സ്റ്റേഷനെയും സമീപിച്ച് അവിടത്തെ എഫ്.ഐ.ആർ. പരിശോധിച്ചശേഷം വേണം ഈ കണക്ക് ക്രോഡീകരിക്കാൻ. ഇപ്പോൾ ഈ സോഫ്റ്റ്വേറിലൂടെ നിമിഷനേരംകൊണ്ട് ഇത്തരം കണക്കുകൾ കിട്ടും. തൃശ്ശൂരിൽ ആരംഭിച്ച ഇത് പിന്നീട് കേരള പോലീസ് ഏറ്റെടുക്കുകയായിരുന്നു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഇപ്പോൾ ഇതിലൂടെയാണ് നൽകുന്നത്.
Content Highlights: trial information is also available in crime track software