ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റാനാവുമോ എന്ന് പരീക്ഷിക്കാൻ നാസ വിക്ഷേപിച്ച ഡാർട്ട് പേടകം വിക്ഷേപിച്ചത് നമ്മൾ കണ്ടു. എന്താണ് ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കാനിടയുള്ള ഛിന്നഗ്രഹങ്ങളെ ഇത്തരം പ്രതിരോധ മാർഗങ്ങളിലൂടെ വഴിതിരിച്ച് വിടാനാവുമോ എന്നാണ് ശാസ്ത്രലോകം ഇതിലൂടെ അന്വേഷിക്കുന്നത്.
ഛിന്നഗ്രഹം എന്ന പേരിനൊപ്പം ഉൽക്കയെന്നും വാൽനക്ഷത്രമെന്നുമെല്ലാം നമ്മൾ കേട്ടിട്ടുണ്ട്. എന്താണ് ഇവ തമ്മിലുള്ള ബന്ധം ഇവ മൂന്നും ഒന്നാണോ?
സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന വസ്തുക്കളാണ് ഇവ മൂന്നുമെന്ന് നാസയിലെ നിയർ എർത്ത് ആസ്റ്ററോയിഡ് വിദഗ്ദനായ ഡോ. റയാൻ പാർക്ക് പറയുന്നു.
എന്താണ് ഛിന്നഗ്രഹം അഥവാ ആസ്റ്ററോയ്ഡ് ?
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളേക്കാൾ വളരെ ചെറിയ ശിലാ വസ്തുവാണ് ഛിന്നഗ്രഹം. ദൂരദർശിനികളിലൂടെ നോക്കുമ്പോൾ ഇവ ഒരുപ്രകാശ കേന്ദ്രമായാണ് കാണുക. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലാണ്. ചില ഛിന്നഗ്രഹങ്ങൾ ഉരുണ്ടതും ചിലത് നീളമുള്ളതുമാണ്. ഇതിൽ ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാവും. ചിലതിന് ഭൂമിയിലെ ഒരു നഗരത്തോളം വലിപ്പമുണ്ടാവും. നാസയുടെ ഡാർട്ട് പേടകം കൂട്ടിയിടിക്കാൻ പോവുന്നത് ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തിന്റെ ഉപഗ്രഹ ചിന്നഗ്രഹമായ ഡിമോർഫസിനെയാണ്.
എന്താണ് വാൽ നക്ഷത്രം അഥവാ കൊമെറ്റ്
വാൽനക്ഷത്രവും സൂര്യനെ ചുറ്റുന്ന ബഹിരാകാശ വസ്തുതന്നെയാണ്. എന്നാൽ ഛിന്നഗ്രഹത്തെ പോലെ ഇത് ഒരു ശിലയല്ല. ഐസും പൊടിപടലങ്ങളും ചേർന്നുണ്ടായ വസ്തുക്കളാണിവ. വാൽനക്ഷത്രം സൂര്യനോട് അടുക്കുമ്പോൾ ഇതിലെ ഐസും പൊടിപടലങ്ങളും ആവിയായി പോവുന്നു. ഇത് ദൂരദർശിനിയിലൂടെ നോക്കുമ്പോൾ ഈ ആവി വാൽ പോലെ കാണപ്പെടും. ഇതാണ് വാൽ നക്ഷത്രം എന്ന പേര് വരാൻ കാരണം.
എന്താണ് ഉൽക്ക അഥവാ മെറ്റിയോർ
ഛിന്നഗ്രഹങ്ങളുടെ ചെറിയ കഷ്ണങ്ങളാണ് ഉൽക്കകൾ. സാധാരണ ഉരുണ്ട കല്ലുകളെ പോലെ. ബഹിരാകാശ വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടിയിലൂടെയാണ് ഇവ സൃഷ്ടിക്കപ്പെടുന്നത്. ഈ ചെറിയ ഉൽക്കകൾ (Meteoride) ഭൂമിയോട് അടുക്കുമ്പോൾ ഭൂഗുരുത്വാകർഷണ ബലം കൊണ്ട് അത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. അതിവേഗത്തിലാണ് ഇത് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അന്തരീക്ഷത്തിൽ വെച്ച് ഇത് കത്തിയമരുന്നു. ഈ പ്രക്രിയയുടെ ഫലമായാണ് കൊള്ളിയാൻ, കൊള്ളിമീൻ എന്നെല്ലാം വിളിക്കപ്പെടുന്ന നീളൻ പ്രകാശം ആകാശത്ത് സൃഷ്ടിക്കപ്പെടുന്നത്. ആകാശത്ത് നീളത്തിൽ മിന്നിമറയുന്ന നക്ഷത്രം കണ്ടാൽ അത് ഉൽക്കാ പതനമാണെന്ന് മനസിലാക്കാം. എന്നാൽ അന്തരീക്ഷത്തിൽ കത്തിയമരാതെ ബാക്കിവരുന്ന ഉൽക്കാ ഭാഗങ്ങൾ ചിലപ്പോൾ ഭൂമിയിൽ പതിക്കാറുണ്ട്. ഇതിനെയാണ് ഉൽക്കാശില (Meteorite) എന്ന് പറയുന്നത്.
Content Highlights: Whats the Difference Between Asteroids, Comets, and Meteors