കൊച്ചി > ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ മാതാപിതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് ഫോണില്‍ സംസാരിച്ചു. സി ഐ സുധീര്‍ കുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസം ഉണ്ടെന്ന് മൊഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു. മന്ത്രി പി രാജീവ് മൊഫിയയുടെ ആലുവയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആശ്വാസമുണ്ടെന്ന് മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് വിശദീകരിച്ചു. അന്വേഷണത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നേരിട്ടറിയിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി നമ്പരും നല്കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും ദില്‍ഷാദ് പറഞ്ഞു. തന്റെ മകളെപ്പോലുള്ള ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ആശ്വാസ്യം പകരുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്ന് മൊഫിയയുടെ മാതാവ് പറഞ്ഞു.
മൊഫിയയുടെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സര്‍ക്കാര്‍ നീതി ഉറപ്പാക്കും. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. എല്ലാ തരത്തിലുള്ള അന്വേഷണവും ശക്തിപ്പെടുത്തുമെന്നും പി രാജീവ് പറഞ്ഞു.