കൊച്ചി: ആത്മഹത്യചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പർവീണിന്റെ വീട്ടിൽ വ്യവസായ മന്ത്രി പി. രാജീവ് സന്ദർശനം നടത്തി. മൊഫിയയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയും ഇരുവരുമായി ഫോണിൽ സംസാരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ആരോപണ വിധേയനായ സി.ഐ സുധീറിനെതിരേ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മൊഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അന്വേഷണവും കേസിലുണ്ടാവും. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സർക്കാർ മൊഫിയയുടെ കുടുംബത്തോടൊപ്പമുണ്ട്. കുടുംബത്തിന് നീതി ഉറപ്പാക്കും.
സിഐ സുധീറിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. അത് പൂർത്തിയായതിനു ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സംസാരിച്ചതായി മൊഫിയയുടെ പിതാവും സ്ഥിരീകരിച്ചു. സി.ഐ സുധീറിനെതിരേ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ നേരിട്ട് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈ.എസ്.പി. വി. രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടംഗമാണ് അന്വേഷണ സംഘത്തിലുള്ളത്.
കേസിൽ അറസ്റ്റിലായ ഭർത്താവും വീട്ടുകാരേയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരെ വ്യാഴാഴ്ച പുലർച്ചെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.
Content Highlights:Minister P Rajeev visits Mofiya Parveens home