കാലിഫോർണിയ: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് പെഗാസസ് ചാര സോഫ്റ്റ് വെയറിനെതിരെ ആപ്പിൾ രംഗത്ത്. മനുഷ്യാവകാശ പ്രവർത്തകർക്കും പത്രമാധ്യമപ്രവർത്തകർക്കുമെതിരേ നടന്ന ചാരപ്രവർത്തനങ്ങളിൽ എൻ.എസ്.ഒയ്ക്ക് എതിരേ ഒടുവിൽ രംഗത്ത് എത്തുന്ന കമ്പനിയാണ് ആപ്പിൾ. ഇസ്രായേലി സൈബർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിനെ ആപ്പിളിന്റെ എന്തെങ്കിലും സേവനങ്ങളോ സൗകര്യങ്ങളോ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കേസ് കോടതിയിൽ ഫയൽ ചെയ്തു. മൈക്രോസോഫ്ട് കോർപ്പ്, മെറ്റ പ്ലാറ്റ്ഫോംസ് ഐഎൻസി, ആൽഫബെറ്റ് ഐഎൻസി, സിസ്കോ സിസ്റ്റംസ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിയമനടപടി നേരിടേണ്ടി വന്ന എൻ.എസ്.ഒ എന്ന ഗ്രൂപ്പിനെ ഈ മാസമാദ്യം യു.എസ് അധികൃതർ വാണിജ്യ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾ, രാജ്യങ്ങൾ, ആളുകളുടെ പട്ടിക എന്നിവയടങ്ങുന്നതാണ് കരിമ്പട്ടിക. മൈക്രോസോഫ്ട്, മെറ്റ പ്ലാറ്റ്ഫോംസ് ഐഎൻസി, ആൽഫബെറ്റ് ഐഎൻസി എന്നീ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ സുരക്ഷയിൽ നുഴഞ്ഞുകയറുകയും അത് വിദേശ ഗവൺമെന്റുകൾക്ക് ഹാക്കിംഗ് ടൂളായി പുനഃരവതരിപ്പിച്ച് വിറ്റതടക്കമുള്ള ആരോപണങ്ങൾ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ ശക്തമാണ്. എന്നാൽ സർക്കാരുകൾക്കും നിയമവ്യവസ്ഥിതി നടപ്പാക്കാൻ മുൻതൂക്കം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് തങ്ങളുടെ ടൂളുകൾ വിൽക്കുന്നതെന്ന് എൻ.എസ്.ഒ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു. ആയിരകണക്കിനാളുകളുടെ ജീവൻ ഇത്തരം ടൂളുകളിലൂടെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന അവകാശവാദവും എൻ.എസ്.ഒ ഉന്നയിച്ചു.
സാങ്കേതികതയുടെ അടിസ്ഥാനത്തിൽ സുരക്ഷിതമായ സ്ഥാനങ്ങളിൽ തീവ്രവാദികൾക്കും മറ്റും സ്വതന്ത്രമായി അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും. അതത് സർക്കാരുകളെ ഇത്തരം പ്രവർത്തനങ്ങൾ തടയാനുള്ള ടൂളുകൾ നൽകി ഞങ്ങൾ സഹായിക്കുന്നു. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം എൻ.എസ്.ഒ ഗ്രൂപ്പ് തുടരും, ഒരു എൻ.എസ്.ഒ വക്താവ് പറഞ്ഞു.
എന്നാൽ ആപ്പിൾ ഉപകരണങ്ങളിൽ പെഗാസസ് നുഴഞ്ഞുകയറ്റം നടത്തിയെന്നതിനുള്ള തെളിവടക്കമുള്ള പോസ്റ്റിട്ടായിരുന്നു ആപ്പിളിന്റെ മറുപടി. ഫോണിൽ ഉപഭോക്താവിന്റെ അനുമതിയില്ലാതെയാണ് പെഗാസസ് നുഴഞ്ഞു കയറ്റം നടത്തുക. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഒരു ഗവേഷണ സ്ഥാപനമായ സിറ്റിസൺ ലാബാണ് ആക്രമണം ആദ്യം തിരിച്ചറിഞ്ഞത്.
പെഗാസസ് സോഫ്ട് വെയർ ലോകത്തെമ്പാടുമുള്ള ആപ്പിൾ ഉപഭോക്താക്കളുടെ ഫോണിൽ മാൽവെയറും സ്പൈവെയറും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയെന്ന് ആപ്പിൾ തങ്ങളുടെ പോസ്റ്റിൽ പറയുന്നു. എന്നാൽ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കേസ് പെഗാസസ് തുടർന്നും തങ്ങളുടെ ഉപഭോക്താകളെ ആക്രമണത്തിന് ഇരയാകുന്നതിൽ നിന്നും തടയുമെന്ന് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
യു.എസ് ഫെഡറൽ, സ്റ്റേറ്റ് നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളിൽ പരിഹാരം കാണണമെന്നും ലോസ്യൂട്ടിൽ ആപ്പിൾ ആവശ്യപ്പെട്ടു. നോർത്തേൺ ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്ട് കോർട്ടിൽ ഫയൽ ചെയ്തിരിക്കുന്ന പരാതിയിൽ അന്താരാഷ്ട്ര അതിർത്തികൾ കടന്നും യാത്ര ചെയ്ത യു.എസ് പൗരന്മാരുടെ ഫോണും നിരീക്ഷിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.
നൂറിലധികം ആപ്പിൾ ഫേക്ക് ഐ.ഡികൾ ഉപയോഗിച്ചായിരുന്നു എൻ.എസ്.ഒയുടെ ആക്രമണമെന്നാരോപിച്ച ആപ്പിൾ തങ്ങളുടെ സെർവറുകൾ സുരക്ഷിതമായിരുന്നുവെങ്കിലും അവ ദുരുപയോഗപ്പെട്ടതായും ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങളുടെ ഏറ്റവും പുതിയ വേർഷനായ ഐഓഎസ്15 എൻ.എസ്.ഒ ടൂളുകളുടെ ആക്രമണത്തിനിരയായില്ലെന്നും ആപ്പിൾ കൂട്ടിച്ചേർത്തു. ആക്രമണം ആദ്യം കണ്ടെത്തിയ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷണ സ്ഥാപനമായ സിറ്റിസൺ ലാബിന് ഒരു കോടി (പത്ത് മില്ല്യൺ) രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച ആപ്പിൾ നിയമപോരാട്ടത്തിലൂടെ ലഭിക്കുന്ന തുകയും സിറ്റിസൺ ലാബിന് നൽകുമെന്ന് അറിയിച്ചു. തങ്ങളും എതിരാളികളും തമ്മിൽ നിരന്തരം പോരാട്ടം തുടരുകയാണെന്ന് ആപ്പിൾ അറിയിച്ചു. സുരക്ഷയെ അടിസ്ഥാനമാക്കി വരുത്തുന്ന മാറ്റങ്ങൾക്ക് അനുസൃതമായി എതിരാളികൾ മാൽവെയർ നിർമിക്കുന്നു. ഈ പ്രക്രിയ നിരന്തരം തുടരുന്നു, ആപ്പിൾ പറഞ്ഞു.
Content Highlights: Apple attacked by Spyware Pegasus