കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഡോക്ടറെ ജഡ്ജിയുടെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി. കുഞ്ഞ് അനുപമയുടേയും അജിത്തിന്റേയുമാണെന്ന ഡിഎൻഎ ഫലമാണ് കേസിൽ നിർണ്ണായകമായത്.
ജഡ്ജിയുടെ ചേമ്പറിൽ വെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ബുധനാഴ്ച ഉച്ചയോടെ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിൽ എത്തിച്ചത്. ശിശുക്ഷേമ സമതി ഉദ്യോഗസ്ഥരാണ് കഞ്ഞിനെ മാതാപിതാക്കൾക്ക് നൽകിയത്.
ഡിഎൻഎ ഫലം അനുപമയ്ക്കും അജിത്തിനും അനുകൂലമായതോടെ കുട്ടിയെ എത്രയും വേഗം കൈമാറാനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ ഗവൺമെന്റ് പ്ലീഡർക്ക് നിർദ്ദേശം നൽകിയിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.
അതേസമയം കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ഗുരുതര പിഴവ് സംഭവിച്ചതായാണ് വകുപ്പുതല റിപ്പോർട്ട്. വനിതാ ശിശുവികസന ഡയറക്ടർ ടിവി അനുപമയുടേതാണ് റിപ്പോർട്ട്. ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും ഗുരുതര പിഴവ് വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കൈമാറും.
ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരു ഭാഗം മായ്ച്ചു കളഞ്ഞെന്നും അനധികൃത ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദത്ത് വിവരം സിഡബ്ല്യുസി പോലീസിനെ അറിയിച്ചില്ല. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.