സുധീറിനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കിയതായുള്ള റിപ്പോർട്ടുകൾ ചൊവ്വാഴ്ച പുറത്തുവന്നിരുന്നുവെങ്കിലും അദ്ദേഹം ഇന്ന് സ്റ്റേഷനിൽ എത്തിയത് വിവാദമായിരുന്നു. പോലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വീഴ്ച ബോധ്യപ്പെട്ടാൽ
സിഐക്കെതിരെ നടപടി എടുക്കുമെന്ന് റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞിരുന്നു.
നവംബർ 23 ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരായ ഗുരുതര ആരോപണങ്ങളാണുള്ളത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി മോഫിയ പരാതി നൽകിയെങ്കിലും സി ഐ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ സുധീർ മോശമായി പെരുമാറിയെന്നാണ് മോഫിയ ആരോപിച്ചിരുന്നത്. സ്റ്റേഷനിലെത്തിയപ്പോൾ സി ഐ മകളെ ചീത്ത വിളിച്ചുവെന്ന് മോഫിയയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.
ആലുവ സിഐയുടെ സാന്നിധ്യത്തിൽ വീട്ടുകാരുമായി നടത്തിയ മധ്യസ്ഥ ചർച്ചയിൽ ആലുവ സിഐ ഭർതൃവീട്ടുകാരെ ന്യായീകരിക്കുകയും പെൺകുട്ടിയോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. എന്നാൽ തൻ്റെ മുന്നിൽ വച്ച് പെൺകുട്ടി ഭർത്താവിനെ തല്ലിയെന്നും അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞിരുന്നു. സ്റ്റേഷനിൽ നിന്ന് മടങ്ങി വീട്ടിലെത്തി മുറി അടച്ചിട്ട ശേഷമാണ് മോഫിയ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഢനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് മോഫിയ വീട്ടുകാരോട് പറഞ്ഞിരുന്നു. തൊടുപുഴ അൽ അസർ കോളേജിലെ അവസാന വർഷ വിദ്യാർഥിനിയാണ്. സംഭവം ആലുവ ഡിവൈഎസ്പി അന്വേഷിക്കും.