ഇന്ത്യയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട ടെലികോം കമ്പനിയാണി റിലയൻസ് ജിയോ. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ 4ജി സേവനവുമായെത്തിയ കമ്പനിയാണിത്. അന്നുവരെയുണ്ടായിരുന്ന മുൻനിര ടെലികോം കമ്പനികളെ വളരെയധികം പിന്നിലാക്കിക്കൊണ്ടായിരുന്നു ജിയോയുടെ മുന്നേറ്റം. ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വരിക്കാരുള്ള ടെലികോം കമ്പനിയും ജിയോയാണ്.
മൊബൈൽ ഇന്റർനെറ്റിനെ കൂടാതെ രാജ്യത്തെ മുൻനിര ബ്രോഡ്ബാൻഡ് സേവന ദാതാക്കളിലൊന്നാണ് ജിയോ. എന്നാൽ ബ്രോഡ്ബാൻഡ് രംഗത്ത് ജിയോയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് കടന്നുവന്നിരിക്കുകയാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനമായ സ്റ്റാർലിങ്ക്. ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാർലിങ്ക്.
ഇന്ത്യയുടെ ഉൾനാടൻ പ്രദേശങ്ങളിൽ പരമ്പരാഗത ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് ചെന്നെത്താൻ കഴിയാത്ത ഇടങ്ങളിൽ പോലും ബ്രോഡ്ബാൻഡ് എത്തിക്കുമെന്ന പ്രഖ്യാപനവുമായാണ് സ്റ്റാർലിങ്ക് ഇന്ത്യ സേവനമാരംഭിക്കാനൊരുങ്ങുന്നത്. അടുത്തിടെയാണ് സ്റ്റാർലിങ്ക് ഇന്ത്യ രജിസ്റ്റർ ചെയ്തത്. ഗ്രാമ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കങ്ങൾ. ഇതിനകം ഇന്ത്യയിൽ നിന്ന് നിരവധി ഓർഡറുകൾ സ്റ്റാർലിങ്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2022 ഡിസംബറോടെ രാജ്യത്ത് സേവനം ആരംഭിക്കാനാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്. മുകേഷ് അബാനിയുടെ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളുമായുള്ള നേരിട്ടുള്ള മത്സരത്തിനാണ് ഇതുവഴി കളമൊരുങ്ങുക.
ഇന്ത്യയിലെ ടെലികോം വിപണിയുടെ ഭൂരിഭാഗവും കയ്യാളുന്ന ഈ കമ്പനികളെല്ലാം തന്നെ ഫൈബർ ഓപ്റ്റിക്സ് വഴിയുള്ള ബ്രോഡ്ബാൻഡ് ശൃംഖലയാണ് ഇന്ത്യയിൽ വിന്യസിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഏറെ വ്യത്യസ്തമാണ് സ്റ്റാർലിങ്കിന്റെ പ്രവർത്തനം. ഉപഗ്രങ്ങളിൽ നിന്ന് നേരിട്ട് ഡിഷ് ആന്റിനയിലൂടെ ഇന്റർനെറ്റ് എത്തിക്കുകയാണ് സ്റ്റാർലിങ്ക് ചെയ്യുക.
അടുത്ത വർഷം ഡിസംബറോടെ രണ്ട് ലക്ഷം കണക്ഷനുകൾ ആരംഭിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. അതിൽ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലായിരിക്കും. തുടക്കമെന്നോണം നൂറ് ഉപകരണങ്ങൾ രാജ്യത്തെ സ്കൂളുകൾക്ക് സൗജന്യമായി നൽകും.
അതേസമയം രാജ്യത്തെ ഏതെങ്കിലും ഒരു ടെലികോം കമ്പനിയുമായുള്ള സഹകരണത്തിനും സ്റ്റാർലിങ്ക് ശ്രമിച്ചുവരുന്നുണ്ട്. അത് ചിലപ്പോൾ ജിയോയോ, വോഡഫോൺ ഐഡിയയോ ആയിരിക്കാം.
എയർടെലിന്റെ മാതൃസ്ഥാപനമായ ഭാരതി എയർടെലിന് മറ്റൊരു സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വൺ വെബിൽ പങ്കാളിത്തമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ എയർടെലും സ്റ്റാർലിങ്കുമായുള്ള സഹകരണത്തിന് സാധ്യതയില്ല. വൺ വെബ് ഇനിയും ഇന്ത്യയിൽ എത്തിയിട്ടില്ല. വൺ വെബ് ഇന്ത്യയിൽ എത്തിയാൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയിൽ നിന്നുള്ള മുഖ്യ എതിരാളിയായി എയർടെൽ മാറിയേക്കും.
അതേസമയം സ്റ്റാർലിങ്ക് ഇന്ത്യയ്ക്ക് എത്രത്തോളം രാജ്യത്ത് വിജയം നേടാനാവുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. 7346 രൂപയ്ക്കാണ് ഇപ്പോൾ പ്രീ ഓർഡർ സ്വീകരിക്കുന്നത് എങ്കിലും 37000 രൂപയോളം സ്റ്റാർലിങ്കിന് വേണ്ടി ഉപഭോക്താവ് ചിലവാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യയിലെ ഗ്രാമീണ ജനങ്ങൾക്ക് താങ്ങാനാവുമോ എന്ന് പറയാനാവില്ല. പ്രത്യേകിച്ചും 399 രൂപയോളം താഴ്ന്ന വിലയിൽ ഇന്ത്യയിലിപ്പോൾ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കുന്നുണ്ട്.
Content Highlights: Elon Musk’s Starlink and Reliance Jio battle over broadband in India