പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് തുറന്നു.ഉച്ചയോടെരണ്ടു ഷട്ടറുകളാണ് ഉയർത്തിയത്. 25 കുമക്സ് മുതൽ പരമാവധി 100 കുമക്സ് വരെ വെള്ളമാണ് തുറന്നുവിടുന്നത്. ജനവാസ മേഖലകളിൽ പരമാവധി 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ശനിയാഴ്ചഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിയോടെ പമ്പാ ത്രിവേണിയിൽ എത്തും. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കിൽ അധികൃതർ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നുംപത്തനംതിട്ട ജില്ലാ കലക്ടർഡോ ദിവ്യ എസ് അയ്യർ അറിയിച്ചു.