സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം സ്പോൺസർ ചെയ്ത സന്ദേശങ്ങൾ വരുന്നു. ടെലഗ്രാം മേധാവി പാവെൽ ദുരോവാണ് തന്റെ ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, പരസ്യങ്ങളൊന്നും പ്രദർശിപ്പിക്കില്ലെന്നും വാട്ട്സ്ആപ്പിനെ പോലെ ഉപയോക്താവിന്റെ വ്യക്തിപരമായ വിവരങ്ങൾ യാതൊരു കാരണവശാലും സ്പോൺസർ ചെയ്ത മെസ്സേജുകൾക്ക് വേണ്ടി ഉപയോഗിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. ആയിരമോ അതിൽ കൂടുതലോ അംഗങ്ങൾ ഉള്ള ടെലിഗ്രാം ചാനലുകളിലാണ് 160 വാക്കുകളിലുള്ള സ്പോൺസർ ചെയ്ത സന്ദേശങ്ങൾ പ്രദർശിപ്പിക്കുക.
ചാനലുകളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് സ്പോൺസർ ചെയ്ത സന്ദേശങ്ങൾ കാണിക്കുക. ഇതിനായി ഉപഭോക്താവിന്റെ യാതൊരുവിധ വ്യക്തിഗത വിവരങ്ങളും ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. ഒരു ചാനൽ സന്ദർശിക്കുന്ന എല്ലാവർക്കും ഒരേ സ്പോൺസർ മെസ്സേജ് തന്നെയാവും കാണാനാവുക. എന്നാൽ ചാറ്റ് ലിസ്റ്റിലോ സ്വകാര്യ സന്ദേങ്ങളിലോ ഗ്രൂപ്പുകളിലോ ഇതുപോലെയുള്ള പരസ്യങ്ങൾ അവതരിപ്പിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ സന്ദേശങ്ങൾ അയക്കുന്നതിനായി ഉപയോഗിക്കുകയില്ല. അവ സംരക്ഷിക്കുന്നതിലാണ് കമ്പനിയുടെ മുൻഗണന. മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ടെലിഗ്രാം ഉപഭോക്തൃവിവരങ്ങൾ ഉപയോഗിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയില്ല. മറ്റേത് പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിക്കുന്നതിലും നല്ല പരസ്യരഹിത അനുഭവം ടെലിഗ്രാം വാഗ്ദാനം ചെയ്യും. വാട്ട്സ്ആപ്പ് സ്വന്തമായി പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നില്ലെങ്കിലും ഉപയോക്താവിന്റെ വ്യക്തി വിവരങ്ങൾ മറ്റ് പരസ്യദാതാക്കളുമായി പങ്കിടുന്നുണ്ട്. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന അതേ പരിഗണ ടെലിഗ്രാം ഉപയോഗിക്കുന്നതിന് നൽകിയാൽ നിങ്ങൾക്ക് ഒരു പരസ്യം പോലും കാണേണ്ടി വരില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലിഗ്രാമിലെ ചില ചാനലുകളുടെ അഡ്മിൻമാർ ഇതിനകം തന്നെ പതിവ് സന്ദേശങ്ങളുടെ രൂപത്തിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും ദുരോവ് പറഞ്ഞു.
സ്പോൺസർ ചെയ്ത സന്ദേശങ്ങൾ പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു കിട്ടുന്ന വരുമാനത്തിൽ നിന്ന് കമ്പനിക്ക് വരുന്ന ചിലവും കഴിഞ്ഞു വരുന്ന ലാഭം പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ സഹായിക്കുന്ന ചാനലിന്റെ അഡ്മിൻമാർക്ക് വരുമാനമായി പങ്കിടുമെന്ന സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി. ടെലഗ്രാമിൽ പരസ്യരഹിതമായ അനുഭവം പ്രതീക്ഷിക്കുന്ന ഉപയോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ ഒരു സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കാനും ആലോചിക്കുന്നതായി ദുരോവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സബ്സ്ക്രിപ്ഷൻ ഫീസിനെ കുറിച്ചൊന്നും അദ്ദേഹം വ്യക്തമാക്കിയതുമില്ല.
പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ജൂലായിൽ പ്രാബല്യത്തിൽ വന്നതോടെ വാട്ട്സ്ആപ്പ് മെസഞ്ചർ അവരുടെ പരിഷ്കരിച്ച സ്വകാര്യതാ നയങ്ങൾ നടപ്പിലാക്കില്ലെന്നും പുതിയ സ്വകാര്യതാ നയങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നും സൂചിപ്പിച്ചു. അതിന് തൊട്ടുപിന്നാലെ, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിന്മേലുള്ള ഇന്ത്യയുടെ ആദ്യത്തെ നിയമമായ വിവര സംരക്ഷണത്തെക്കുറിച്ചുള്ള കരട് പിഡിപി ബിൽ ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിച്ചു. എന്നിരുന്നാലും, നിയമം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സാധ്യത.
Content Highlights : Telegram to launch sponsored messages soon