മുൻനിര സ്പോർട്സ് വസ്ത്ര നിർമാണ കമ്പനിയായ നൈക്കിയുടെ ആസ്ഥാന മന്ദിരത്തിന്റെ വെർച്വൽ രൂപം വീഡിയോ ഗെയിം പ്ലാറ്റ്ഫോമായ റോബ്ലോക്സിൽ ഒരുങ്ങി. നൈക്കിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടെ മെറ്റാവേഴ്സിലേക്ക്, പ്രവേശിക്കുന്ന ആദ്യ കമ്പനിയായി നൈക്കി മാറി.
നൈക്കി ലാൻഡ് എന്ന പേരിലാണ് റോബ്ലോക്സ് ഗെയിമിൽ തയ്യാറാക്കിയ നൈക്കിയുടെ ആസ്ഥാനകെട്ടിടം അറിയപ്പെടുക. ഇവിടെ പ്രവേശിച്ചാൽ കളിക്കാർക്ക് അവരുടെ അവതാറിൽ (ഗെയിമിലെ കഥാപാത്രത്തിൽ) നൈക്കിയുടെ പ്രത്യേക ഉൽപ്പന്നങ്ങൾ അണിയാൻ സാധിക്കും. റോബ്ലോക്സ് സന്ദർശിക്കുന്ന ആർക്കും ഇത് സൗജന്യമാണ്.
ടാഗ്, ദി ഫ്ളോർ ഇസ് ലാവ, ഡോഡ്ജ്ബാൾ എന്നീ ഗെയിമുകൾ കളിക്കാം. ഇന്ററാക്റ്റീവ് സ്പോർട്സ് മെറ്റീരിയലുകൾ ഉപയോഗിച്ച് ക്രിയേറ്റർമാർക്ക് സ്വന്തം മിനി ഗെയിമുകൾ രൂപകൽപന ചെയ്യാനുമാവും.
ഫെയ്സ്ബുക്കിന്റെ പേര് മാറ്റത്തോടെ പ്രചാരം നേടിയ വാക്കാണ് മെറ്റാവേഴ്സ്. യഥാർത്ഥ ലോകത്തിന് സമാനമായി സൃഷ്ടിച്ചെടുക്കുന്ന വെർച്വൽ ലോകത്തെയാണ് മെറ്റാവേഴ്സ് എന്ന് പറയുന്നത്. വെർച്വൽ രൂപങ്ങളായി ആളുകൾക്ക് പ്രവേശിക്കാനും ഇടപഴകാനും ഗെയിം കളിക്കാനും സംഗീത പരിപാടി ആസ്വദിക്കാനുമെല്ലാം സാധിക്കുന്ന ലോകം എന്ന രീതിയിലാണ് മെറ്റാവേഴ്സിനെ സാങ്കേതിക ലോകം വിഭാവനം ചെയ്യുന്നത്.
വിവിധ ഗെയിമിങ് കമ്പനികൾ ഇതിനോടകം അവരുടേതായ സാങ്കൽപിക ലോകങ്ങൾ വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
ആഗോള മെറ്റാവേഴ്സ് വിപണി 2021 ൽ 616 കോടി ഡോളറിലെത്തുമെന്നും 2026 ഓടെ 4162 കോടി ഡോളറിലെത്തുമെന്നുമാണ് സ്ട്രാറ്റജി അനലറ്റിക്സ് എന്ന സ്ഥാപനം കണക്കാക്കുന്നത്.
Content Highlights: Nike Metaverse headquarters, Nikeland,, Robolox gameplay