ആലപ്പുഴ: എ.ടി.എം. രൂപത്തിലുള്ള സ്വന്തം സ്മാർട്ട് റേഷൻ കാർഡ് ഉയർത്തിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വെട്ടിലായി.
കുടുംബത്തിലെ മുതിർന്ന വനിത കാർഡുടമയാകണമെന്ന വ്യവസ്ഥയാണു മന്ത്രിതന്നെ ലംഘിച്ചത്. നവീകരിച്ച ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനവും സ്മാർട്ട് റേഷൻ കാർഡിന്റെ വിതരണവും നിർവഹിക്കുന്നതിനിടെയാണു മന്ത്രി കീശയിൽനിന്ന് തന്റെ സ്മാർട്ട് റേഷൻ കാർഡ് എടുത്തുകാട്ടിയത്. കാർഡിൽ കുടുംബനാഥനായി മന്ത്രി തന്നെയായിരുന്നു.
ദേശീയഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷം പുരുഷന്മാരെ കാർഡുടമയായി അംഗീകരിച്ചിട്ടില്ല. വീട്ടിലെ മുതിർന്ന വനിതയാകണം കാർഡുടമ. അതുകൊണ്ടുതന്നെ ഭാര്യയും മകളുമുള്ള മന്ത്രിക്ക് എങ്ങനെയാണ് കാർഡുടമയാകാൻ കഴിഞ്ഞതെന്നു ചടങ്ങിൽ പങ്കെടുത്ത ചിലർ അടക്കംപറഞ്ഞു. ഇതോടെയാണു സംഭവം വിവാദമായത്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചു മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകൾ മുതിർന്ന വനിതാ അംഗത്തിന്റെ പേരു നൽകണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. മുതിർന്ന വനിതാ അംഗമില്ലെങ്കിലേ പുരുഷന്മാർക്ക് കാർഡുനൽകാവൂ. എന്നാൽ, ഇടതുസർക്കാർ പൊതുവിഭാഗത്തിൽപ്പെട്ട വെള്ള, നീല കാർഡുകൾ നൽകിയപ്പോഴും ഈ നയമാണു സ്വീകരിച്ചത്. ഇതുവരെ കാർഡുനൽകിയതും ഈ രീതിയിലാണ്.
മുതിർന്ന വനിതയില്ലെങ്കിൽ പ്രായപൂർത്തിയായ മറ്റു വനിതകളെയാണ് കാർഡുടമായി പരിഗണിച്ചിരുന്നത്. അങ്ങനെയും ആരുമില്ലെങ്കിലേ പുരുഷന്മാരെ പരിഗണിച്ചിരുന്നുള്ളൂ. സ്ത്രീ ശാക്തീകരണമെന്ന ആശയം മുൻനിർത്തിയായിരുന്നു ഇത്. ഇതെല്ലാം ലംഘിച്ചാണു വകുപ്പുമന്ത്രി സ്വന്തംപേരിൽ റേഷൻ കാർഡെടുത്തത്.
തന്റെഭാര്യയുടെ പേര് അവരുടെ കുടുംബവീട്ടിലെ കാർഡിലാണുള്ളതെന്നാണു മന്ത്രിയുടെ വിശദീകരണം. മകളും താനും മാത്രമേ കാർഡിലുള്ളൂ. അതിനാലാണു താൻ കാർഡുടമയായതെന്നാണു മന്ത്രി മാതൃഭൂമിയോടു വിശദീകരിച്ചത്.
Content Highlights:minister gr anil ration card controversy