എന്നാല്‍ പുതിയ കാലത്ത് ഭൂരിഭാഗം ആളുകള്‍ക്കും ഈ ഇരിപ്പ് ശീലമില്ല. ഡൈനിംഗ് ടേബിളില്‍ ഏറ്റവും സുഖകരമായിരുന്നുകൊണ്ട് ഭക്ഷണം കഴിയ്ക്കുന്ന രീതി ശീലിച്ചുപോയി. എങ്കിലും വളരെ ചുരുക്കം ആളുകള്‍ ഇന്നും ഭക്ഷണം കഴിയ്ക്കാന്‍ മാത്രമെങ്കിലും ഇങ്ങനെ ഇരിയ്ക്കാറുണ്ട്. യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ക്കും ഈ ഇരിപ്പ് ഒഴിവാക്കാന്‍ കഴിയില്ല. ആവശ്യം എന്ത് തന്നെയായാലും ഇങ്ങനെ ഇരിയ്ക്കാന്‍ കഴിയുന്നുവെങ്കില്‍ അത് നല്ല കാര്യം. എന്നാല്‍ കുറഞ്ഞത് ഒരു മിനിറ്റ് പോലും നിങ്ങള്‍ക്ക് ഇങ്ങനെ ഇരിയ്ക്കാന്‍ കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ ശരീരത്തിലെ ചില അനാരോഗ്യകരമായ പ്രവണതകളുടെ സൂചനയായി വേണം പരിഗണിയ്ക്കാന്‍.
ക്രോസ് ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നത്:
കാലുകള്‍ ക്രോസ് ചെയ്തിരിയ്ക്കുമ്പോള്‍ ചിലര്‍ക്ക് വേദന അനുഭവപ്പെടാറുണ്ട്. ചില സമയങ്ങളില്‍ വലിച്ചില് പോലെയും പേശികള്‍ ഇറുകിയത് പോലെയും അനുഭവപ്പെടാം. ഇത്തരം അവസ്ഥകള്‍ കാലുകളിലെ പേശികളുടെ ബലക്കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയല്ലാതെ നടക്കുന്നു എന്നതിന്റെയെല്ലാം സൂചനയാണ്.
ചമ്രം പടിഞ്ഞിരുന്നാലുള്ള ഗുണങ്ങള്‍:
- നല്ല ദഹനം നടക്കാനും മലബന്ധം തടയാനും ഇത് സഹായകമാണ്.
- ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിയ്ക്കുന്നു
- കാല്‍മുട്ടുകള്‍ക്കും മറ്റ് സന്ധികള്‍ക്കും ഗുണം നല്‍കും
- പേശികള്‍ ആരോഗ്യകരമായി സ്ട്രെച്ച് ചെയ്യാന്‍ സഹായകമാണ്
- ശരീര ഘടന നിലനിര്‍ത്തും
- ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു
- കാലുകള്‍ ക്രോസ് ചെയ്ത് വെച്ചിരിയ്ക്കുന്ന സമയത്ത് കണങ്കാലുകള്‍ തുടയുടെ ഉള്‍വശങ്ങളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തും. ഇത് കാരണം ഹൃദയം കൂട്ടല്‍ അളവില്‍ രക്തം പമ്പ് ചെയ്യും. ഇത് ശരീരത്തില്‍ മുഴുവന്‍ നല്ല രീതിയില്‍ രക്തയോട്ടം നടക്കാന്‍ കാരണമാകും.
നിങ്ങളുടെ ശരീരം പറയുന്നത്:
കാലുകള്‍ ക്രോസ് ചെയ്ത് ഇരിയ്ക്കാന്‍ സാധിയ്ക്കാത്തതിന് ചില കാരണങ്ങളുണ്ട്. അതാണ് ശരീരം നിങ്ങളോട് പറയാന്‍ ശ്രമിയ്ക്കുന്നത്. പ്രധാനമായും നാല് കാര്യങ്ങളാണ്,അവ എന്താണെന്ന് നോക്കാം:
ഗ്ലൂട്ടസ് ദുര്‍ബലമാണ്:
കാലുകള്‍ ക്രോസ് ചെയ്തിരിയ്ക്കുമ്പോള്‍ ശരീരത്തിന്റെ മുഴുവന്‍ ഭാരവും ഗ്ലൂട്ടസ് ഭാഗത്തേയ്ക്ക് വരും. അതിനാല്‍ തന്നെ ഈ ഭാഗത്തിന് വേണ്ടത്ര ആരോഗ്യമില്ലെങ്കില്‍ വേദന അനുഭവപ്പെടും.. അതിനാല്‍ ഇങ്ങനെ വേദന അനുഭവപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഗ്ലൂട്ടസ് ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യണം. അതിനു കഴിയില്ലെങ്കില്‍ ഓരോ മണിക്കൂര്‍ വ്യത്യാസത്തില്‍ 10 മിനിറ്റ് നേരം നടക്കാന്‍ ശ്രമിയ്ക്കുക. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കാന്‍ വളരെ നല്ലതാണ്.
തുടകള്‍ക്ക് ബലമില്ലാത്ത അവസ്ഥ:
തുടകള്‍ക്ക് ബലവും ശക്തിയുമില്ലെങ്കില് ഏറെ നേരം കാലുകള്‍ ക്രോസ് ചെയ്തിരിയ്ക്കാന്‍ കഴിയില്ല. കാലുകള്‍ വലിഞ്ഞ് വേദന അനുഭവപ്പെടാം. അതിനാല്‍ ഇത്തരം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും കാലുകള്‍ക്ക് ബലവും ശക്തിയും വര്ധിപ്പിയ്ക്കുന്നതിനുള്ള വ്യായാമം ചെയ്യുക. ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ഇതിനായി ശ്രമിയ്ക്കാം.
പെല്‍വിക് മസിലുകള്‍ തളരുന്നത്:
പെല്‍വിക് മസിലുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ ഇറുകുന്നതും അതുപോലെ തന്നെ അയഞ്ഞു പോകുന്നതും ശരീരത്തിന് പലവിധത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ തന്നെ ഈ ഭാഗം എല്ലായ്പ്പോഴും ആരോഗ്യകരമായ അവസ്ഥയില്‍ തുടര്‍ന്നാല്‍ മാത്രമേ നമുക്ക് ആവശ്യമുള്ള ചലനങ്ങള്‍ സുഗമമായി നടത്താന്‍ സാധിയ്ക്കൂ. അതിനാല്‍ കാലുകള്‍ ക്രോസ് ചെയ്തത് ഇരിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ അവസ്ഥയുടെ കൂടി സൂചനയാണ് അത്. പതിവായി പെല്‍വിക് ഭാഗം ആരോഗ്യകരമാക്കാന്‍ ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യും.
ആവശ്യത്തിന് രക്തയോട്ടമില്ലെങ്കില്‍:
ശരീരം എല്ലായ്പ്പോഴും ആരോഗ്യത്തോടെ തുടരാന്‍ രക്തയോട്ടം ഉണ്ടാകേണ്ടത് അതിപ്രധാനമാണ്. ആവശ്യത്തിന് രക്തയോട്ടമില്ലെങ്കില്‍ പല കാര്യങ്ങളും വേണ്ടവിധത്തില്‍ നടക്കാതിരിയ്ക്കുകയും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. പേശികള്‍ വലിഞ്ഞു മുറുകുന്നതിനു പിന്നിലെ കാരണം ഇതാണ്. പ്രായം കൂടുന്തോറും ഈ പ്രശ്നം കൂടുതല്‍ ഗുരുതരമാകും. അതിനാല്‍ മസിലുകള്‍ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങള്‍ ചെയ്യുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാലുകള്‍ ക്രോസ് ചെയ്തിരിയ്ക്കാന്‍ ശ്രമിയ്ക്കുകയും വേണം.
എന്താണ് പരിഹാരം?
ഈ പ്രശ്നം സുഗമമായി പരിഹരിയ്ക്കാന്‍ ചില വഴികളുണ്ട്. സാധാരണ വ്യായമത്തെക്കാള്‍ കൂടുതല്‍ ഗുണം നല്കുന്ന ഈ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങൂ.
ചൈല്‍ഡ് പോസ്: കാല്‍മുട്ടുകള്‍ക്കും പിന്‍ഭാഗത്തിനും ഇടയിലുള്ള മസിലുകള്‍ കൂടുതല്‍ ഫ്ലെക്സിബിള്‍ ആകാന്‍ ഇത് സഹായിക്കും.
പിജിയണ്‍ പോസ്: ഹിപ് മസിലുകളുടെ ചലനത്തെ ഇത് സഹായിക്കും
ടോ ടച്ച്: കുനിഞ്ഞ് നിന്ന് കാലിലെ തള്ളവിരല്‍ തൊടുന്ന ഈ വ്യായാമം കാലുകളിലെ മസിലുകള്‍ക്ക് ഗുണം ചെയ്യും
വജ്രാസനം: തുടകളിലെ പേശികള്‍ ഏറ്റവും നല്ല രീതിയില്‍ സ്ട്രെച്ച് ചെയ്യാന്‍ ഇത് സഹായിക്കും
ലങ്ങ് പോസ്: ഗ്ലൂട്ടസ് ഭാഗത്തെ ബലപ്പെടുത്താന്‍ ഈ യോഗാ രീതി പ്രയോജനം ചെയ്യും
ബ്രിഡ്ജ് പോസ്: `പെല്‍വിക് മസിലുകളുടെ മികച്ച ഘടന നിലനിര്‍ത്താന്‍ ഈ യോഗാ രീതി ഏറെ ഉപകാരപ്രദമാണ്
ഈ യോഗാ രീതികള്‍ ദിവസവും 10 സെക്കണ്ട് വീതം ഒരു മാസം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വ്യത്യാസം അനുഭവപ്പെടും.