സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തുന്നതിൽ റഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എത്ര രൂപ വർധിപ്പിക്കണമെന്ന് തീരുമാനിക്കുക ബോർഡാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് നയപരമായ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് പത്ത് ശതമാനം വരെ ഉയർത്തണമെന്ന് ബോർഡ് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31ന് മുൻപ് നൽകാൻ ബോർഡിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരു. 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്. ഇതിനിടെ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരട് മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മിഷൻ പിൻവലിച്ചു. ഇത് വൈദ്യുതി ബോർഡിനും ഗാർഹിക ഉപയോക്താക്കൾക്കും ഗുണകരമാകും. സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതുമാറ്റി വൈദ്യുതി ബോർഡിനും 10 വിതരണ ലൈസൻസികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയതിൽ പ്രധാനം.