ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിനെത്തെത്തുടർന്ന് തൃശൂരിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഓൺലൈൻ ഗെയിം എന്ന പ്രയോഗം സ്വൽപം ഭീകരതയോടെ അവതരിപ്പിക്കപ്പെടുന്നു. ഓൺലൈൻ ഗെയിമുകളോടുള്ള ആസക്തിയെ കുറിച്ചുള്ള ചർച്ചകളും അവ നിരോധിക്കപ്പെടണമെന്ന വാദവും ഉയർന്നുവരുന്നു.
അതേസമയം മൊബൈൽ ഫോണും ഗെയിമുകളും പ്രതിസ്ഥാനത്താകുമ്പോൾ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളോടുള്ള ജനങ്ങളിലെ അജ്ഞത ചർച്ചയാവാതെ പോവുന്നുണ്ടോ?
തീർച്ചയായും അതിവേഗം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് സാങ്കേതിക വിദ്യ. ദിവസേനയെന്നോണം അത് പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പതിവ് പോലെ ഈ മാറ്റങ്ങളെ അതിവേഗം ഉൾക്കൊള്ളാനാവുന്നത് കുട്ടികൾക്കും യുവാക്കൾക്കും തന്നെയാണ് എന്നതാണ് സത്യം.
സ്മാർട്ഫോണിൽ ഒരു ഗെയിം കളിച്ച കുട്ടിയ്ക്ക് പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഇത്തരത്തിൽ കുട്ടികളുടെ ഗെയിം കളി മൂലം ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട സംഭവങ്ങൾ നേരത്തെ തന്നെ പലവട്ടം ഉണ്ടായിട്ടുണ്ട്.
സ്മാർട്ഫോൺ വിദഗ്ദരായ കുട്ടികൾ
ഇന്ന് വീടുകളിൽ സ്മാർട്ഫോണുകളും, കംപ്യൂട്ടറുകളും ടെലിവിഷനുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം വളരെ എളുപ്പം ഉപയോഗിക്കാനറിയുന്നവർ കുട്ടികളാണ്. ഇക്കാര്യത്തിൽ മുതിർന്നവർ തങ്ങളുടെ സംശയദൂരീകരണത്തിനായി ആശ്രയിക്കുന്നതും ഈ കുട്ടികളെയാണ്. സമപ്രായക്കാരായ കുട്ടികളുടെ ഇടയിലെ സംസാര വിഷയങ്ങളിലൊന്നാണ് അവർ കളിച്ചുകൊണ്ടിരിക്കുന്ന ഗെയിമുകളും. സ്മാർട്ഫോൺ ഉപയോഗിക്കുന്നതിനെ കുറിച്ചും ഗെയിമുകൾ കളിക്കുന്നതിനെ കുറിച്ചുമെല്ലാം അവർ പഠിച്ചെടുക്കുന്നതും സമപ്രായക്കാർക്കിടയിൽ നിന്നാണ്.
എന്നാൽ വരും വരായ്കകളെ കുറിച്ചുള്ള അജ്ഞത സ്വതസിദ്ധമായി കുട്ടികൾക്കുണ്ടാവും. ചെയ്യാൻ പോവുന്ന കാര്യത്തിന്റെ പരിണിത ഫലം എന്തായിരിക്കുമെന്നൂഹിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള മിടുക്ക് കുട്ടികൾ കാണിച്ചുകൊള്ളണം എന്നില്ല. എന്തും പരീക്ഷിച്ചുനോക്കാനുള്ള അടങ്ങാത്ത കൗതുകം അവർക്കുള്ളിലുണ്ടാവും. കുട്ടികളുടെ സ്മാർട്ഫോൺ വൈദഗ്ദ്യത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ സ്മാർട്ഫോണുകൾ കുട്ടികൾക്ക് കൊടുക്കുന്നതിലെ അപകടങ്ങളെ കുറിച്ചും പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും രക്ഷിതാക്കൾ ചിന്തിക്കുന്നില്ല.
സ്മാർട്ഫോൺ കുട്ടികൾക്ക് നൽകുമ്പോൾ
രക്ഷിതാക്കളുടെ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും ആവശ്യമുള്ള കാര്യമാണത്. ഫോൺ ഉപയോഗിക്കുന്നതിൽ കുട്ടികൾക്ക് പരിചയം ഉണ്ടെന്ന് കരുതി അത് അവർക്ക് കൈവിട്ടുകൊടുക്കാനുള്ള കാരണമായി കരുതരുത്. വീട്ടിലെ സ്ത്രീകളുടെ ഫോണുകളാണ് മിക്കപ്പോഴും കുട്ടികൾക്ക് എതിർപ്പുകളില്ലാതെ കിട്ടുന്നത്.
മകന് ഒരു ബൈക്ക് വാങ്ങിക്കൊടുത്ത് അവൻ ആ ബൈക്ക് അപകടരമായ വിധത്തിൽ ഓടിച്ച് അപകടത്തിൽ പെടുന്നത് പോലെയാണ് സ്മാർട്ഫോണിന്റെ കാര്യവും. ശരിയായി ഉപയോഗിച്ചില്ലെങ്കിൽ, അങ്ങനെ ഉപയോഗിക്കാൻ ശീലിപ്പിച്ചില്ലെങ്കിൽ അത് അപകടകരമാണ്.
ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകളുടെ നിയന്ത്രണം കുട്ടികൾക്ക് നൽകുമ്പോൾ
പാസ് വേഡുകൾ കൃത്യമായറിഞ്ഞാൽ വളരെ എളുപ്പം ആർക്കും ഉപയോഗിക്കാൻ സാധിക്കുന്ന സേവനങ്ങളാണ് ഇന്ന് നിലവിലുള്ള യുപിഐ ആപ്പുകൾ. അതുകൊണ്ടു തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള വാതിലാണ് സ്മാർട്ഫോണുകൾ എന്ന് എപ്പോഴും ഓർമവേണം. ഓൺലൈൻ ഗെയിമുകളിൽ പലതും ഇൻ ആപ്പ് പർചേസുകളുള്ളവയാണ്. ഗെയിമിലെ ഓരോ സൗകര്യങ്ങൾ ഉപയോഗിക്കാൻ നിശ്ചിത തുക നൽകേണ്ടിവരും. ചിലർ അവയിൽ ആകൃഷ്ടരായേക്കാം.ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള ആപ്പുകളും കുട്ടികൾ നിങ്ങളറിയാതെ ഉപയോഗിച്ചേക്കാം. പഠനത്തിനായും മറ്റും കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
- കുട്ടികൾക്ക് ആവശ്യമുള്ള ആപ്പുകൾ ഒഴികെ ഫോണുകളിലെ മറ്റ് ആപ്ലിക്കേഷനുകളെല്ലാം നിങ്ങൾക്ക് മാത്രം അറിയാവുന്ന പാസ് വേഡ് വെച്ച് ലോക്ക് ചെയ്യുക. പ്രത്യേകിച്ചും ആപ്പ് സ്റ്റോറുകളും, പേമെന്റ് ആപ്പുകളും.
- എടിഎം കാർഡുകളും ബാങ്ക് പാസ് വേഡുകളും കുട്ടികൾക്ക് നൽകാതിരിക്കുക.
- കുട്ടികൾക്ക് നൽകിയ ഫോണിലെ എസ്എംഎസ് നോട്ടിഫിക്കേഷനുകൾ പരിശോധിക്കുക. പ്രത്യേകിച്ചും ബാങ്ക് നോട്ടിഫിക്കേഷനുകൾ. ബാങ്ക് നോട്ടിഫിക്കേഷനുകൾ രക്ഷിതാക്കൾ അറിയാതിരിക്കാൻ നീക്കം ചെയ്ത കുട്ടികളുമുണ്ട്.
- യുപിഐ ആപ്പുകളിലെ പേമെന്റ് ഹിസ്റ്ററി പരിശോധിക്കുക.
- സാധിക്കുമെങ്കിൽ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള പ്രത്യേകം ഫോണുകൾ പഠനാവശ്യത്തിനായി നൽകുക. പഠനം കഴിഞ്ഞ് തിരികെ വാങ്ങുക.
- ഫോണുകളിൽ ലഭ്യമായ പാരന്റിങ് ആപ്പ് ഉപയോഗിച്ച് കുട്ടികളുടെ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കുക.
ഗെയിം കളിയെ പേടിക്കണോ?
സ്മാർട്ഫോൺ ഗെയിമുകൾ വെറും വിനോദ ഉപാധി മാത്രമാണ്. എല്ലാ പ്രായക്കാർക്കും കളിക്കാനുള്ള ഗെയിമുകൾ സ്മാർട്ഫോണുകളിൽ ലഭ്യമാണ്. എന്നാൽ ഗെയിമുകൾക്കും ആപ്പുകൾക്കുമെല്ലാം ഓരോ പ്രായപരിധിയിലുള്ള ഉപഭോക്താക്കളെ നിർദേശിക്കാറുണ്ട്. ഈ നിയന്ത്രണം തെറ്റിക്കുന്നിടത്താണ് ആദ്യത്തെ വീഴ്ച സംഭവിക്കുന്നത്. മുതിർന്നവരെ ലക്ഷ്യമിട്ടെത്തുന്ന ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളാണ് അവരിലേക്ക് എത്തുന്നത്. ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കുമെല്ലാം ഇങ്ങനെ നിശ്ചിത പ്രായപരിധിയ്ക്ക് മുകളിലുള്ളവരെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്.
കുട്ടികൾ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും കളിക്കുന്നതും നിങ്ങളുടെ മേൽനോട്ടത്തിലായിരിക്കണം. ആപ്പ് സ്റ്റോറുകൾ ലോക്ക് ചെയ്തുവെക്കേണ്ടത് അതിനാലാണ്. ഓരോ ഗെയിമും എന്താണെന്നുള്ള ബോധ്യം രക്ഷിതാക്കളുണ്ടാക്കിയിരിക്കണം. പ്ലേ സ്റ്റോറിൽ ഓരു ആപ്പ് തിരഞ്ഞെടുത്താൽ അതിൽ നിർദേശിച്ചിരിക്കുന്ന പ്രായപരിധിയും, ആപ്പിൽ പണം നൽകേണ്ടതായ വിൽപനകൾ നടക്കുന്നുണ്ടോ എന്നുമെല്ലാം പരിശോധിക്കാം.
ഫോണിലെ ഇത്തരം സംവിധാനങ്ങൾ മനസിലാക്കാൻ സാധിക്കാത്തവരാണെങ്കിൽ വിശ്വാസയോഗ്യരായ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സഹായം തേടാം.
ഗെയിമുകളെ നിസാരമാക്കി കാണേണ്ട കാര്യമില്ല. നേരം പോക്കിന് മാത്രമല്ല ഓൺലൈൻ ഗെയിമുകൾ കളിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന കുട്ടികളുണ്ട്. ഗെയിമിങ് എന്നത് വളർന്നുകൊണ്ടിരിക്കുന്ന വലിയൊരു വ്യവസായ മേഖലയാണ്.
നല്ല പുസ്തകങ്ങൾ വായിക്കാൻ ശീലിപ്പിക്കുന്ന പോലെ. നല്ല ഗെയിമുകൾ നല്ല രീതിയിൽ കളിക്കാൻ അനുവദിക്കാവുന്നതാണ്. സ്മാർട്ഫോൺ ഉപയോഗത്തിന് കൃത്യമായ ഇടവേളകൾ നടപ്പിലാക്കി അത് അവരെ ആസക്തിയിലേക്ക് നയിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടത് രക്ഷിതാക്കളാണ്.
ഗെയിം ആസക്തിയോ
ആസക്തി സ്മാർട്ഫോൺ ഉപയോഗത്തിനോടും ഉണ്ടാവാം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും. ഗെയിം മാത്രമല്ല , സോഷ്യൽ മീഡിയയും, പോണോഗ്രഫിയുമെല്ലാം ഈ സ്മാർട്ഫോൺ ആസക്തിയ്ക്കിടയാക്കാം. നിരന്തരമുള്ള സമ്പർക്കം തന്നെയാണ് ഈ ആസക്തിയ്ക്കും കാരണം. ഒരു ഗെയിമിനോട് കുട്ടിയ്ക്ക് ആസക്തിയുണ്ടാവുന്നതിനും കാരണം നിയന്ത്രണങ്ങളില്ലാതെ ആ ഗെയിം കളിക്കാൻ ആ കുട്ടിയ്ക്ക് സാധിക്കുന്നത് കൊണ്ടുതന്നെയാണ്.
കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കപ്പെടേണ്ടതും നിയന്ത്രിക്കപ്പെടേണ്ടതുമാണ്. അവർക്ക് ഫോൺ നൽകാതിരിക്കുകയല്ല, മറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ അതിന് നൽകി വേണം അവ ഉപയോഗിക്കാൻ അനുവദിക്കേണ്ടത്. കംപ്യൂട്ടറുകളും ടാബുകളുമെല്ലാം നൽകുമ്പോഴും ഈ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു പ്രായം വരെ മാത്രമെ ഈ നിയന്ത്രണങ്ങൾ അവരെ ശീലിപ്പിക്കാൻ സാധിക്കൂ. സൗമ്യമായ നിർദേശങ്ങളിലൂടെയും ഇടപെടലിലൂടെയുമാവണം ഈ നിയന്ത്രണങ്ങൾ അവരിലെത്തിക്കേണ്ടത്. ആളുകളോട് എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം എന്നെല്ലാം ശീലിപ്പിക്കുന്ന പോലെ തന്നെ വളർന്നുവരുന്ന കാലം തൊട്ടുതന്നെ സ്മാർട്ഫോണുകളും, കംപ്യൂട്ടറുകളും ശരിയായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അതിലെ അപകടങ്ങൾ എന്തെല്ലാമെന്നും കുട്ടികൾക്ക് പറഞ്ഞ് നൽകണം.
ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന അശ്രദ്ധയും അറിവില്ലായ്മയുമാണ് കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്നത്. വീട്ടുകാരോട് പോലും ശരിക്ക് ഇടപഴകാതെ കുട്ടികൾ ഫോണിൽ സമയം ചിലവഴിക്കുന്നെങ്കിൽ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്.
Content Highlights: Dangers of online gaming, Online gaming Death, Suicide, Game Addiction, Smartphone Addiction