ചിക്കൻ പോപ് കോണിന്റെ വെജിറ്റേറിയൻ രൂപമാണ് പനീർ പോപ്കോൺ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം സ്നാക്സായി കഴിക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- പനീർകട്ട -250 ഗ്രാം
- കശ്മീരി മുളക് പൊടി -കാൽ ടീസ്പൂൺ
- ഉണങ്ങിയ പാർസ്ലി ഇല-കാൽ ടീസ്പൂൺ
- പനിക്കൂർക്ക -കാൽ ടീസ്പൂൺ
- കരുമുളക് -കാൽ ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- കടലമാവ് -അരക്കപ്പ്
- വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- ബേക്കിങ് സോഡ-ഒരു നുള്ള്
- വെള്ളം -അരക്കപ്പ്
- ബ്രെഡ് പൊടി -അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രമെടുത്ത് അതിലേക്ക് പനീർ, കശ്മീരി മുളക് പൊടി, പാർസ്ലി ഇല ഉണങ്ങിയത്, പനികൂർക്ക, കുരുമുളക്, ഉപ്പ് എന്നിവ ചേർക്കുക. പനീർകഷ്ണങ്ങൾ ഉടഞ്ഞുപോകാതെ ഇവ നന്നായി കൂട്ടിയോജിപ്പിക്കുക.
മറ്റൊരു പാത്രമെടുത്ത് അതിലേക്ക് കടലമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, കശ്മീരി മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേർക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ല കട്ടിയിൽ മാവ് കുഴച്ചെടുക്കുക. കട്ടകെട്ടാതെ വേണം മാവ് തയ്യാറാക്കാൻ.
ഈ കൂട്ടിലേക്ക് ഓരോ പനീർകഷ്ണങ്ങൾ എടുത്ത് മുക്കിയശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോൾ പനീർ കഷ്ണങ്ങൾ തിരിച്ചുമറിച്ചുമിട്ട് സ്വർണനിറമാകുന്നത് വരെ വറുത്തെടുക്കാം.
Content highlights: paneer popcorn recipe, snacks recipe