സ്മാർട്ട് ഗ്ലാസ് രംഗത്ത് ഇതിനകം നിരവധി കമ്പനികൾ തങ്ങളുടേതായ പരീക്ഷണങ്ങളുമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആപ്പിൾ ഈ രംഗത്തേക്ക് കടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. പ്രൈവസി ഗ്ലാസ് എന്ന പേരിൽ ഒരു സ്മാർട് ഗ്ലാസ് പദ്ധതി ആപ്പിളിനുണ്ടത്രേ. പേറ്റന്റിനായി നൽകിയ രേഖകളെ അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ച വാർത്തകൾ വരുന്നത്. എന്നാൽ ഇത്തരം ഒരു പദ്ധതിയെ കുറിച്ച ആപ്പിൾ ഇതുവരെയും യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല.
എന്താണ് പ്രൈവസി ഗ്ലാസ്സുകൾ ?
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് എക്കാലവും മുൻതൂക്കം നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ആപ്പിൾ. ഒരു ഐഫോൺ ഉപഭോക്താവ് തന്റെ ഫോൺ പൊതുസ്ഥലത് എവിടെയെങ്കിലും നിന്ന് ഉപയോഗിക്കുമ്പോൾ അതിലെ വിവരങ്ങൾ മറ്റുള്ളവർ കാണാനിടയായാൽ അയാളുടെ സ്വകാര്യതയെ അത് പല രീതിയിലും ബാധിച്ചേക്കാം എന്ന ചിന്തയിൽ കണ്ടെത്തിയ പുതിയ പരിഹാരമായാണ് പ്രൈവസി ഗ്ലാസ്സുകളെ കണക്കാക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഒരു ഐഫോൺ ഉപയോക്താവിന്റെ സ്ക്രീനിൽ തെളിയുന്ന വിവരങ്ങൾ മറ്റാർക്കും കാണാനാകാത്ത രീതിയിൽ കണ്ണടയുടെ സ്ക്രീനിൽ എത്തിക്കാനാകും. അതോടൊപ്പം തന്നെ, സ്ഥിരമായി കണ്ണട ധരിക്കുന്ന വ്യക്തികളുടെ കാഴ്ച പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഗ്രാഫിക്കൽ ഇൻപുട്ട് നടത്താൻ കഴിവുള്ള പുതിയ ടെക്നോളജിയും ഉൾപെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് വിവരം.
ഒരു ഉപയോക്താവിന്റെ കാഴ്ചക്കുള്ള പ്രശ്നങ്ങളും ആപ്പിളിന്റെ പ്രൈവസി ഗ്ലാസുകൾ മനസ്സിലാക്കി വെക്കും. തുടർന്ന് ഉപയോഗം തുടങ്ങുമ്പോൾ ഉപയോക്താവിന്റെ കാഴ്ചയുടെ പ്രശ്നങ്ങൾ സ്വയം മനസ്സിലാക്കി അതിനനുസരിച്ച് ഫോണിലെ വിവരങ്ങൾ കണ്ണടയിലേക്ക് പകർത്തിക്കാണിക്കും. ആപ്പിൾ പ്രൈവസി ഗ്ലാസുകൾ ഉപയോഗിക്കുന്നയാൾക്ക് കാഴ്ചാ പ്രശ്നങ്ങൾക്കായി മറ്റൊരു ഗ്ലാസ് ഉപയോഗിക്കേണ്ടി വരില്ല.
ഫോണിന്റെ ഡിസ്പ്ളേയിലെ ഉള്ളടക്കം ഐഫോണിന്റെ ഉടമകളെ മാത്രം കാണാൻ അനുവദിക്കുന്ന പുതിയ ഗ്ലാസിന് യു.എസ്. പേറ്റന്റ് & ട്രേഡ്മാർക്ക് ഓഫീസിൽ (USPTO) ആപ്പിൾ ഫയൽ ചെയ്ത പുതിയ പേറ്റന്റ് അപേക്ഷയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ഒരു ഇലക്ട്രോണിക്ക് ഉപകരണത്തിൽ കാഴ്ചപരിമിതികൾ തിരുത്തുന്ന തരത്തിലെ ഗ്രാഫിക്കൽ ഔട്ട്പുട്ടുകളും സ്റ്റാൻഡേർഡ് ഗ്രാഫിക്കൽ ഔട്ട്പുട്ടുകളും പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ സംവിധാനത്തിന് വേണ്ടി ആപ്പിൾ പേറ്റന്റിനായി അപേക്ഷിച്ചു എന്ന് പേറ്റന്റ്ലി ആപ്പിൾ (Patently Apple) റിപ്പോർട്ട് ചെയ്യുന്നു.
ഒരാളെ ഏത് രൂപത്തിലും തിരിച്ചറിയുന്ന ഫേസ് ഐഡി
ആപ്പിൾ സ്വന്തമായി ഒരു സ്മാർട്ട് ഗ്ലാസ് നിർമിക്കാൻ പദ്ധതിയിടുന്നതായി നേരത്തെതന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനുപുറമെ, കസ്റ്റം ഫേസ് ഐഡി പ്രൊഫൈലുകളെക്കുറിച്ചും പുതിയ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഈ സംവിധാനത്തിന്, പേറ്റന്റ് അപേക്ഷയനുസരിച്ച് ഫേസ് ഐഡിക്കായി വ്യത്യസ്ത പ്രൊഫൈലുകൾ നിർമ്മിക്കാനാകുകയും അതിൽ മുഖം, ഹെയർസ്റ്റൈലുകൾ, താടി, മീശ, കണ്ണട, കണ്ണട ധരിക്കാത്തത്, റീഡിംഗ് ഗ്ലാസുകൾ വച്ചുള്ളത്, സൺഗ്ലാസുകൾ തുടങ്ങിയ വ്യത്യസ്ത വിവരങ്ങൾ വേർതിരിച്ചറിയാനും കഴിയും. അടുത്ത തലമുറയായി പുറത്തിറങ്ങുന്ന ഫേസ് ഐഡികളിൽ ഈ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഈ ഒരു സംവിധാനം ഉപയോക്താവിന് ആപ്പിളിന്റെ തന്നെ മറ്റു ഉപകരണങ്ങളായ ഐപാഡ്, മാക് പോലെയുള്ളവയിൽ അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാൻ സഹായിക്കും.
മുൻനിര ടെക് കമ്പനികളായ ഫെയ്സ്ബുക്ക് , ഷവോമി (Xiaomi) പോലെയുള്ള കമ്പനികളും ഇതിനകം സ്മാർട്ട് ഗ്ലാസ് രംഗത്തുണ്ട്.
ഫെയ്സ്ബുക്കും ജനപ്രീതിയാർജ്ജിച്ച ലോകോത്തര കണ്ണട നിർമ്മാതാക്കളായ റെയ്ബാൻ (Rayban)-ഉം ചേർന്ന് ചേർന്ന് ഈ കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് റെയ്ബാൻ സ്റ്റോറീസ് (Ray-Ban Stories) അവതരിപ്പിച്ചിരുന്നു. ഏകദേശം 299 ഡോളർ അഥവാ 21,970 രൂപ വില വരുന്ന സ്മാർട്ട് ഗ്ലാസിൽ അഞ്ച് മെഗാപിക്സൽ ക്യാമറകൾ, മൂന്ന് ബിൽറ്റ്-ഇൻ മൈക്രോഫോണുകളും സ്പീക്കറുകളും ഉണ്ട്, അതിനാൽ അവയ്ക്ക് വോയ്സ് കമാൻഡുകളോട് പ്രതികരിക്കാനും കോളുകൾ നടത്താനും സാധിക്കും. കൂടാതെ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്, മെസഞ്ചർ എന്നിവയുൾപ്പെടെയുള്ള ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും ട്വിറ്റർ, ടിക് ടോക്ക്, സ്നാപ്പ് ചാറ്റ് പോലുള്ള ഫേസ്ബുക്ക് ഇതര ആപ്പുകളിലും കണ്ടന്റുകൾ ഷെയർ ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും.
ഷവോമിയുടെ സ്മാർട്ട് ഗ്ലാസുകൾ ARM ക്വാഡ് കോർ പ്രോസസറിന്റെയും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. മൈക്രോഎൽഇഡി ഇമേജിംഗ് എന്ന സാങ്കേതികവിദ്യയാണ് ഡിസ്പ്ലേ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, ഇത് ഒഎൽഇഡിയെക്കാൾ ഉയർന്ന തെളിച്ചവും ദീർഘായുസ്സും നല്കുന്നതായാണ് കണ്ടെത്തലുകൾ. മെസ്സേജുകൾ, നോട്ടിഫിക്കേഷനുകൾ എന്നിവ പ്രദർശിപ്പിക്കാനും കോളുകൾ വിളിക്കാനും മാപ്പ് ഉപയോഗിച്ച് ദിശ പ്രദർശിപ്പിക്കാനും ഫോട്ടോകൾ പകർത്താനും അവയിലെ ടെക്സ്റ്റുകൾ വിവർത്തനം ചെയ്യാനും കഴിയും എന്നതാണ് മറ്റ് സവിശേഷതകൾ.
പേറ്റന്റ് രേഖകൾ അടിസ്ഥാനമാക്കിയുള്ള വാർത്തകൾ ആയതിനാൽ തന്നെ ആപ്പിൾ ഈ പദ്ധതി യാഥാർത്ഥ്യമാക്കുമോ ൃഎന്ന് ഒരുറപ്പും പറയാനാവില്ല. എന്തായാലും സ്മാർട്ട് ഗ്ലാസ് മേഖലയിലേക്കുള്ള ആപ്പിളിന്റെ കടന്നുവരവ് ആഗോള സ്മാർട്ട് ഗ്ലാസ് മേഖലയെ മൊത്തത്തിൽതന്നെ മാറ്റിമറിക്കും എന്നതിൽ ഒരു സംശയം വേണ്ട.
Content Highlights : Apple May be Working On Privacy Glasses For iPhone Users as Patent Reveals.